06/09/2026
സെമിത്തേരി റോഡിൽനിന്ന് അല്പം മാറി, ചെറിയൊരു കുന്നിൻ മുകളിലായാണ് സ്ഥിതിചെയ്യുന്നത്.
റോഡിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത സ്ഥലം.
അതുകൊണ്ടുതന്നെയാകാം ഞങ്ങൾ എത്തിയപ്പോൾ മറ്റൊരു സഞ്ചാരിയും അവിടെയുണ്ടായിരുന്നില്ല.
പൊതുവെ കസ്ബെഗിയിലേയ്ക്ക് പോകുന്ന വഴിയിലാണ് സഞ്ചാരികൾ ജ്വാരി പാസ്സിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്. ഞങ്ങളാകട്ടെ മടക്കയാത്രയിലാണ് ഇവിടെ എത്തിയത്.
സായാഹ്നമായതിനാൽ മിക്ക സഞ്ചാരികളും റ്റിബിലിസിയിലേയ്ക്ക് മടങ്ങാനുള്ള തിരക്കിലുമായിരിക്കണം.
ഒരു ചെറിയ പള്ളിയുടെ രൂപസാദൃശ്യമുള്ള, മുകളിൽ കുരിശ് സ്ഥാപിച്ച വെളുത്ത ഇരുമ്പുഗേറ്റ് തുറന്ന് ഞങ്ങൾ സെമിത്തേരിയ്ക്കുള്ളിലേയ്ക്ക് നടന്നു.
പുല്ല് വളർന്ന് നിശ്ശബ്ദമായി കിടക്കുന്ന സ്ഥലം.
ആ സമയത്ത് അവിടെയുണ്ടായിരുന്ന നിശ്ശബ്ദതയ്ക്കുപോലും എന്തോ ഒരു പ്രത്യേക ഭാരം തോന്നി.
ഉള്ളിലേയ്ക്ക് നടന്നപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.
സാധാരണ സെമിത്തേരികളിൽ ഓരോ കല്ലറയ്ക്കും ഓരോ കുരിശ് എന്ന രീതിയാണ് നമ്മൾ കൂടുതലായി കാണുന്നത്.
എന്നാൽ ഇവിടെ പലയിടങ്ങളിലും മൂന്ന് കുരിശുകൾ ചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്.
ആദ്യം കണ്ടപ്പോൾ ഒരേ സ്ഥലത്ത് മൂന്നുപേരെ അടക്കം ചെയ്തതിൻ്റെ അടയാളമാണോ എന്നായിരുന്നു എൻ്റെ സംശയം.
ഗുറാം പറഞ്ഞത് മറ്റൊരു കഥയായിരുന്നു.
ഗോൽഗോഥയിൽ യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പോൾ ഇരുവശങ്ങളിലായി മറ്റു രണ്ടുപേരെയും കുരിശിലേറ്റിയിരുന്നുവെന്ന ബൈബിൾ വിവരണവുമായി ഈ മൂന്ന് കുരിശുകളുടെ രൂപത്തിന് ബന്ധമുണ്ടാകാമെന്നാണ് അദ്ദേഹത്തിന് അറിയാവുന്ന ഒരു വിശദീകരണം.
അതോടൊപ്പം , ജർമ്മൻ യുദ്ധ സെമിത്തേരികളിൽ ശവകുടീരമേഖലയെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നതിനായി ഇത്തരം മൂന്ന് കുരിശുകളുടെ കൂട്ടങ്ങൾ സ്ഥാപിക്കുന്ന രീതിയുമുണ്ടെന്ന് ചിലർ പറഞ്ഞിട്ടുള്ളതാണ് ഗുറാം വിശദീകരിച്ചു.
നടുവിൽ കണ്ട ഒരു വലിയ കുരിശിൻ്റെ ചുവട്ടിൽ ജർമ്മൻ ഭാഷയിൽ എഴുതിയിരുന്ന വാചകം ഗൂഗിൾ ട്രാൻസിലേറ്ററിൻ്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി നോക്കി.
Hier ruhen Kriegsgefangene, Opfer des Zweiten Weltkrieges
അർത്ഥം:
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ഇരകളായ യുദ്ധത്തടവുകാർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.
ഞങ്ങൾ നിൽക്കുന്നത് ഒരു സാധാരണ സെമിത്തേരിയിലല്ലെന്ന് അപ്പോഴാണ് കൂടുതൽ വ്യക്തമായത്.
ഇവിടെ 136 യുദ്ധത്തടവുകാർ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്നും നെറ്റിൽ സെർച്ച് ചെയ്ത മനസ്സിലാക്കി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് തടവിലായ ജർമ്മൻ യുദ്ധത്തടവുകാരിൽ ചിലരെ ജോർജിയയിലേയ്ക്ക് കൊണ്ടുവന്ന് വിവിധ ജോലികൾക്കായി നിയോഗിച്ചിരുന്നു.
ജ്വാരി പാസ്സിലെ ഈ സെമിത്തേരി ആ കാലഘട്ടത്തിൻ്റെ അധികം അറിയപ്പെടാത്ത മറ്റൊരു ഓർമ്മയായി ഇന്നും ഇവിടെ നിലനിൽക്കുന്നു.
ഗ്രേറ്റർ കോക്കസസ് മലനിരകൾക്കിടയിൽ, ഏകദേശം 2,395 മീറ്റർ ഉയരത്തിലുള്ള ജ്വാരി പാസ്സിലെ പുൽമേടുകൾക്കിടയിൽ നിശ്ശബ്ദമായി നിൽക്കുന്ന ആ കൽക്കുരിശുകൾ...
ചുറ്റും നോക്കിയാൽ അതിമനോഹരമായ മലനിരകൾ.
പക്ഷേ ആ കുരിശുകൾക്ക് പിന്നിൽ യുദ്ധം അവസാനിച്ചിട്ടും അവസാനിക്കാതെ പോയ മനുഷ്യദുരിതങ്ങളുടെ മറ്റൊരു കഥയുണ്ടായിരുന്നു.
സ്വന്തം നാട്ടിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ, കോക്കസസ് മലനിരകളുടെ ഈ ഉയരങ്ങളിൽ ജീവിതം അവസാനിച്ച മനുഷ്യരുടെ കഥ.
ഓർക്കുമ്പോൾ ചെറിയൊരു വേദന എവിടെയോ തിങ്ങി.
കുറച്ചുനേരം കൂടി ആ നിശ്ശബ്ദതയിൽ നിന്നു.
പിന്നെ മനോഹരമായ ഗുഡൗരി മലനിരകളിലേയ്ക്ക് ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി, സെമിത്തേരിയുടെ വെളുത്ത ഇരുമ്പുഗേറ്റ് അടച്ച് ഞങ്ങൾ തിരികെ കാറിലേയ്ക്ക് നടന്നു...