
19/03/2025
സുനിത വില്യംസ് ഇത്തവണ കണ്ടത് 4592 സൂര്യോദയങ്ങൾ
ബഹിരാകാശത്ത് പെട്ടുപോവുക എന്നത് അപകടകരവും സങ്കടകരവുമായ ഒരു സംഗതിയാണ്. ബോയിങ് കമ്പനി നിർമ്മിച്ച അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് അയച്ച സ്റ്റാർലൈനർ പേടകത്തിലാണ്, സുനിതാ വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിന് യാത്രതിരിച്ചത്.
ഇരുവരും എട്ടു ദിവസത്തെ ഗവേഷണത്തിനാണ് സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂൺ 14ന് തിരികെ പോരേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും, പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് സംഭവിച്ച തകരാറും, ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വിത്തിലാക്കി.
257 ദിവസങ്ങൾ നീണ്ട താമസം കഴിഞ്ഞ് അവർ തിരിച്ചെത്തി. അതിനായി Space X Crew 10 ദൗത്യസംഘം ശനിയാഴ്ചയാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്.
ക്രൂ10 ദൗത്യ സംഘത്തിൽ നാലു പേരാണുണ്ടായിരുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും, ജാപ്പനീസ് സഞ്ചാരിയായ തകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കോവ് എന്നിവരും.
ശനിയാഴ്ച ഈ നാലു പേരെയും കൊണ്ട് യാത്രതിരിച്ച ക്രൂ ഡ്രാഗൺ പേടകത്തിലല്ല സുനിതയും കൂട്ടരും മടങ്ങി വന്നത് .അവർക്ക് മടങ്ങിവരാനുള്ള പേടകം നേരത്തെ തന്നെ ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു. 2024 സെപ്റ്റംബർ 28ന് വിക്ഷേപിച്ച ക്രൂ 9 ദൗത്യ പേടകമാണത്. അതിലാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും മറ്റ് രണ്ട് യാത്രികർക്കൊപ്പം തിരികെ എത്തിയത്.
സാധാരണഗതിയിൽ ഇത്തരം വാഹനങ്ങളിൽ നാലു പേരെയാണ് നാസ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുക. എന്നാൽ സെപ്റ്റംബറിൽ വിക്ഷേപിച്ച ക്രൂ 9 ദൗതൃപേടകത്തിൽ നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നീ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് സീറ്റുകൾ ആ പേടകത്തിൽ ഒഴിച്ചിട്ടിരുന്നു. അത് സുനിതയ്ക്കും വിൽമോറിനും തിരിച്ചുവരാനാണ്.
സുനിതയും വിൽമോറും ഉൾപ്പെടെ 7 ദൗത്യ അംഗങ്ങൾ സ്പേസ് സ്റ്റേഷനിലുണ്ടായിരുന്നു. ക്രൂ 9 ദൗത്യപേടകത്തിൽ എത്തിയ രണ്ടുപേർക്കൊപ്പം സുനിതയും വിൽ മോറും തിരികെ വന്നപ്പോൾ, ശനിയാഴ്ച അവിടെ എത്തിയ നാല് പേർ നിലയത്തിൽ തങ്ങും. നിലയത്തിലെ അംഗസംഖ്യ വീണ്ടും ഏഴു തന്നെയാവും.
വെടിയുണ്ടയുടെ 10 മടങ്ങ് സഞ്ചാരവേഗം!
15 രാജ്യങ്ങൾ ഉൾപ്പെട്ട അഞ്ചു ബഹിരാകാശ ഏജൻസികൾക്കാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചുമതല. 1998 നവംബർ 20 ന് ബഹിരാകാശ നിലയം ലോഞ്ച് ചെയ്തു. 2000 മുതൽ അവിടെ സ്ഥിരമായി സഞ്ചാരികൾ താമസിച്ച് ദൗത്യങ്ങളിൽ ഏർപ്പെടുന്നു. 105 മീറ്റർ നീളമുള്ള നിലയത്തിന് ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വിസ്താരമുണ്ട്.
ഏതാണ്ട് 4.2 ലക്ഷം കിലോഗ്രാം ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് 408 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റുന്നത്. അതും സെക്കൻഡിൽ 7.6 കിലോമീറ്റർ വേഗത്തിൽ! മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗം! ഒരു വെടിയുണ്ടയുടെ സ്പീഡിന്റെ ഏതാണ്ട് 10 മടങ്ങ് വരുമിത്.
ഇത്രയും വേഗത്തിൽ ചുറ്റുന്നത് കൊണ്ട് ദിവസവും അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ 16 തവണ വലം വയ്ക്കുന്നു. എന്നുവച്ചാൽ ഭൂമിയിൽ ഒരു ദിവസം ഒരു സൂര്യോദയവും ഒരു അസ്തമയവും കാണുമ്പോൾ, ബഹിരാകാശ നിലയത്തിലെ യാത്രികർ ദിവസവും 16 സൂര്യോദയവും 16 അസ്തമയവും കാണുന്നു! അത് വെച്ച് നോക്കിയാൽ ഇത്തവണ സുനിതാ വില്യംസ് 257 സൂര്യോദയത്തിന് പകരം കണ്ടത് 4592 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളുമാണ്.
മൈക്രോ ഗ്രാവിറ്റി കണ്ടീഷൻ ആണ് ബഹിരാകാശ നിലയത്തിൽ ഉള്ളത്. അതിനാൽ അവിടെയുള്ള അംഗങ്ങളുടെ പേശികൾക്കും അസ്ഥികൾക്കും ക്ഷയം സംഭവിക്കാം. അത് ഒഴിവാക്കാൻ ഓരോ യാത്രികരും ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂർ വർക്കൗട്ട് ചെയ്യണം എന്നാണ് വ്യവസ്ഥ.
മൈക്രോ ഗ്രാവിറ്റിയിൽ മാത്രം നടത്താൻ പറ്റുന്ന ചില പരീക്ഷണങ്ങൾ ഉണ്ട്. അതിനുള്ള വേദി കൂടിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 108 രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ 3000 ത്തോളം ശാസ്ത്രാന്വേഷണങ്ങൾ ഇതിനകം ബഹിരാകാശ നിലയത്തിൽ നടത്തിയിട്ടുണ്ട്. എന്നുവച്ചാൽ ലോകത്ത് ഏറ്റവും ഊർജിതമായി ഗവേഷണം നടക്കുന്ന ഒരു ലാബ് കൂടെയാണ് ബഹിരാകാശ നിലയം.
സുനിതയ്ക്ക് എന്ത് കിട്ടും
എട്ട് ദിവസത്തേക്ക് സ്പേസില്‍ പോയി 287 ദിവസം അവിടെ കഴിയേണ്ടി വന്ന സുനിതയ്ക്കും വിൽമോറിനും, ആ സഹനത്തിന് എന്ത് പ്രതിഫലം കിട്ടും? ഇരുവരും തിരിച്ചുവരുന്നു എന്ന് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ഉയരുന്ന ചോദ്യം ഇതാണ്.
ഇതിനൊരു മറുപടി കഴിഞ്ഞ ദിവസം നാസയുടെ പഴയ ബഹിരാകാശ സഞ്ചാരി നൽകിയിരുന്നു. അവർ പറഞ്ഞതിൻ പ്രകാരം, ദിവസം വെറും നാല് ഡോളർ (ഏതാണ്ട് 350 രൂപ) വീതമാണ് ഇരുവർക്കും ശമ്പളം കൂടാതെ അലവൻസ് ലഭിക്കുക! ബഹിരാകാശ നിലയത്തിലെ താമസം, ഭക്ഷണം എന്നിവയുടെ ചിലവ് നാസ വഹിക്കും.
അമേരിക്കയിൽ നാസയുടെ ബഹിരാകാശ സഞ്ചാരികളെ ഫെഡറൽ ഉദ്യോഗസ്ഥ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. ഭൂമിയിൽ സഞ്ചരിക്കുന്നത് പോലെ മാത്രമേ, ബഹിരാകാശ യാത്രയും പരിഗണിക്കു. അല്ലാതെ ഓവർടൈം സാലറി ഇല്ല.
എന്താണ് റഷ്യൻ പേടകം സോയൂസ് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലെത്താൻ മൂന്നര മണിക്കൂർ മാത്രമെടുത്തപ്പോൾ സ്പേസ് എക്സ് ഡ്രാഗൺ അതേ ദൂരത്തിന് 17 മണിക്കൂർ എടുത്തതെന്നറിയാമോ?
സോയൂസ് ഒരു ബുള്ളറ്റുപോലെയുള്ള നേർരേഖയിൽ സഞ്ചരിച്ചപ്പോൾ സ്പേസ് എക്സ് ഡ്രാഗൺ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനും, സുഖകരമായ ഒരു യാത്രക്കും , ഏറ്റവും അഭിലഷണീയമായ ലാൻ്റിംഗിനും ഏറെ പ്രാധാന്യം കൊടുത്തതുകൊണ്ടാണ് കൂടുതൽ സമയം എടുത്തത്.