17/07/2025
ഈ കൈവിരലുകളിലേക്കൊന്ന് സൂക്ഷിച്ചു
നോക്കിയാൽ മനസിലാകും അദ്ദേഹം കടലിനോട് എത്രമാത്രം ജീവനുവേണ്ടി
മല്ലടിച്ചെന്ന്....
പശ്ചിമ ബംഗാളിലെ പർഗാന ജില്ലയിലെ നാരായൺപൂറിൽ നിന്നുള്ള രബീന്ദ്രനാഥ് ദാസ്, തന്റെ 14 സഹപ്രവർത്തകർക്കൊപ്പം ബംഗാൾ ഉൾക്കടലിൽ മീൻ പിടിക്കാൻ പോയതാണ്. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി, ശക്തമായ കൊടുങ്കാറ്റ് ഉയർന്നു, തിരമാലകൾ ഒന്നിന് പിറകെ ഒന്നായി വന്നു, അവരുടെ ട്രോളർ മറിഞ്ഞു.
കടലിലെ കൂറ്റൻ തിരമാലകളിൽ എല്ലാവരും ഒഴുകിപ്പോയി. രബീന്ദ്രനാഥ് ഉൾപ്പെടെ!
പക്ഷേ, അയാൾ തളർന്നില്ല. അയാളൊരു മുളങ്കമ്പിൽ പിടിച്ച് പൊങ്ങിക്കിടന്നു. ഒപ്പം അയാളുടെ അനന്തരവനും ഉണ്ടായിരുന്നു. അവൻ പേടിച്ച് തളർന്നിരുന്നു. അതുകൊണ്ട് അവനെയും തോളിൽ താങ്ങിയാണ് ആ ക്ഷോഭിച്ച കടലിൽ അയാൾ പ്രതീക്ഷയോടെ പൊങ്ങിക്കിടന്നത്.
മുകളിൽ ആകാശം മാത്രം,
ചുറ്റും കണ്ണെത്താദൂരത്തോളം വെള്ളം. മണിക്കൂറുകൾ കടന്നുപോയി,
പകൽ മാറി രാത്രിയായി.
രാത്രി മാറി പകലായി.
ദിവസങ്ങൾ കടന്നുപോയി.
ഒപ്പമുണ്ടായിരുന്നവർ ഓരോരുത്തരായി കടലിൽ ആഴ്ന്നു പോയി.
അഞ്ച് ദിവസം രബീന്ദ്രനാഥ് കടലിൽ ഒറ്റയ്ക്ക് നീന്തിക്കൊണ്ടിരുന്നു, ഭക്ഷണമോ കുടിവെള്ളമോ ഇല്ല, അതിജീവിക്കാനുള്ള അദമ്യമായ ആഗ്രഹം മാത്രം. മഴ പെയ്യുമ്പോൾ, ചുണ്ടിൽ വീഴുന്ന മഴവെള്ളം വലിച്ച് കുടിച്ച് ജീവൻ നിലനിർത്തി. മരണം ഓരോ നിമിഷവും അടുത്തു വരുന്നതായി തോന്നി, പക്ഷേ അദ്ദേഹത്തിന്റെ ധൈര്യം അതിനു മുകളിലായിരുന്നു.
അഞ്ചാം ദിവസം...
അന്തരവന് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നു. എന്നിട്ടും അവസാനം അവനും പൊങ്ങി ഉയർന്ന ഒരു തിരമാലയിൽ കാണാതെ പോയി. അയാൾ ഒറ്റയ്ക്കായി.
പക്ഷേ, MV ജാവേദ് എന്ന ബംഗ്ലാദേശി കപ്പൽ 25,000 ടൺ ചരക്കുമായി പോകവേ, കപ്പലിന്റെ ക്യാപ്റ്റൻ നസറുദ്ദിൻ അകലെ കടലിൽ ഒരു മനുഷ്യൻ്റെ തല തിരയിൽ പൊങ്ങിത്താഴുന്നത് കണ്ടു. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ, ആരോ ഒരു മനുഷ്യൻ നീന്തുന്നു! ക്യാപ്റ്റൻ ഉടൻ തന്നെ ഒരു ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, പക്ഷേ അത് രവീന്ദ്രനാഥിന്റെ അടുത്തെത്തിയില്ല. തിരമാലകളിൽ ആ മനുഷ്യൻ കാണാതായി. എന്നിട്ടും ക്യാപ്റ്റൻ തന്റെ ശ്രമം നിർത്തിയില്ല. കപ്പലിലെ മറ്റ് നാവികർക്ക് അലേർട്ട് നൽകി. കപ്പൽ കമ്പനിയെ അറിയിച്ച് രക്ഷാശ്രമത്തിന് അനുവാദം വാങ്ങി.
അതിർത്തികൾ, മതം, ജാതി വേർതിരിവുകൾ അവർ മറന്നു, ഒരു കാര്യം മാത്രമേ കണ്ടുള്ളൂ -- മനുഷ്യൻ.
കപ്പലിൽ നിന്ന് കുറച്ചു ദൂരെയായി അവർ വീണ്ടും രബീന്ദ്രനാഥിനെ കണ്ടു, ഇത്തവണ ക്യാപ്റ്റൻ കപ്പൽ തിരിച്ചു. വീണ്ടും ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, ഇത്തവണ രവീന്ദ്രനാഥ് അത് പിടിച്ചു. ക്രെയിൻ അത് വലിച്ചു കപ്പലിൽ കയറ്റി, ക്ഷീണിതനായി, ആകെ വൃത്തികേടായി, എന്നാൽ ജീവനോടെ അയാൾ കപ്പലിൽ കയറിയപ്പോൾ, കപ്പലിലുള്ള നാവികർ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു . അവർ ഒരു മനുഷ്യനെ മാത്രമല്ല, മനുഷ്യത്വത്തെ ആകെ തന്നെയാണ് അവിടെ കണ്ടത്.
അവരൊരു ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, രാജ്യ രാജ്യാന്തര ബന്ധങ്ങളിൽ ഓരോ ദിവസവും നൂറുകണക്കിനാളുകളെ അന്യോന്യം യുദ്ധം ചെയ്ത് കൊല്ലുമ്പോൾ മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്.