20/12/2025
ശ്രീനിവാസൻ അന്തരിച്ചു !
മഹാപ്രതിഭയ്ക്ക് വിട .
മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം ചമച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് അന്ത്യം.
1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സൂപ്പർ സ്റ്റാർ രജനീകാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനുശേഷം 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. 1979-ൽ പുറത്തിറങ്ങിയ 'സംഘഗാന'മാണ് നായകനായ ആദ്യചിത്രം. 30 ചിത്രങ്ങൾക്ക് കഥയും അമ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയുമൊരുക്കി. 52 സിനിമകൾക്ക് സംഭാഷണമെഴുതി. ഒരു ചിത്രത്തിൽ പാട്ടുപാടിയിട്ടുണ്ട്
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച കാഥികൻ സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.
മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം മലയാളികൾ സ്വീകരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം തുടങ്ങി ഉദയനാണ് താരം വരെ ഒരുപടി സിനിമകളിൽ ഇരുവരും ഒന്നിച്ചു. സംവിധായകന്മാരായ സത്യൻ അന്തിക്കാടിനും പ്രിയദർശനുമൊപ്പമുള്ള കൂട്ടുകെട്ടുകളും കൊണ്ടാടപ്പെട്ടു
പ്രിയദർശൻ സംവിധാനംചെയ്ത 'ഓടരുതമ്മാവാ ആളറിയാം' ആണ് തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യചിത്രം. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേൽപ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണൻ, അയാൾ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു.
ഏതാണ്ട് പത്തുവർഷത്തെ ഇടവേളയിൽ രണ്ടുചിത്രങ്ങളാണ് സംവിധാനംചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. എം. മോഹനൻ സംവിധാനംചെയ്ത് ശ്രീനിവാസൻ തന്നെ പ്രധാന കഥാപാത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെ നിർമാതാവായി. മകൻ വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത തട്ടത്തിൻമറയത്ത് എന്ന ചിത്രവും നിർമിച്ചു.
മികച്ച കഥ (സന്ദേശം), മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം), പ്രത്യേക ജൂറി പുരസ്‌കാരം (തകരച്ചെണ്ട) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ആദ്യസംവിധാനസംരംഭത്തിന് തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
ജൂണിൽ പുറത്തിറങ്ങിയ നാൻസി റാണിയാണ് ശ്രീനിവാസൻ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്ത 'ഞാൻ പ്രകാശനു'വേണ്ടിയാണ് ഒടുവിൽ തിരക്കഥയൊരുക്കിയത്. ശ്രീനിവാസൻ അസുഖം ഭേദമായി സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നാൽ വീണ്ടും ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹം സത്യൻ അന്തിക്കാട് പലപ്പോഴും പങ്കുവെച്ചിരുന്നു.
വിമല ശ്രീനിവാസൻ ആണ് ഭാര്യ. മക്കൾ രണ്ടുപേരും സിനിമാ മേഖലയിൽ സജീവമാണ്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പിതാവിന്റെ പാതയിൽ സംവിധാനവും അഭിനയവും ഉൾപ്പെടെ സിനിമയുടെ സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മരുമക്കൾ: ദിവ്യ, അർപ്പിത.
© Copyright All Rights Reserved