18/08/2025
#കഥ
തുലാസ്
അതൊരു സ്വപ്നദ്വീപ് തന്നെയായിരുന്നു. മനോഹരമായ സ്വപ്നം പോലെ ഒരു സ്ഥലം. ശാന്തനായ വിവേകശാലിയായ ഭരണാധികാരിയുടെ മേൽനോട്ടത്തിൽ സ്വപ്ന ദ്വീപിലെ ജനങ്ങൾ സ്വപ്നങ്ങൾ കണ്ടു. അത് സഫലമാക്കാനായി അവർ പ്രയത്നിച്ചു.
ഇരുമ്പിൽ നിന്ന് ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിറ്റിരുന്ന അജയനും അരിപ്പൊടി കൊണ്ട് കൊഴുക്കട്ട ഉണ്ടാക്കി വ്യാപാരം നടത്തിയിരുന്ന ദേവകിയമ്മയും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന നാരായണനും അങ്ങനെ പലരും ആസ്വദിച്ച് പണിയെടുത്ത് സന്തോഷത്തോടെ ജീവിച്ചു.
ദ്വീപിൽ ഉണ്ടായിരുന്ന അനേകം വസ്തുക്കളിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികൾ. തങ്ങൾക്ക് വേണ്ടതിൽ കൂടുതൽ അവർ ഉണ്ടാക്കുകയും മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.
പലതരം യന്ത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചിരുന്ന ഭാഗ്യയും രഘുവും. അവർ തങ്ങളുടെ ചെറിയ വീടിന്റെ വശത്തായുള്ള ഷെഡ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനങ്ങൾക്കായി ഭരണാധികാരിയുടെ വക ധനസഹായവും ലഭിച്ചിരുന്നു.ഇവർ മാത്രമല്ല മറ്റ് അനേകം ചെറുപ്പക്കാരും ദ്വീപിൽ ചെറുകിട വ്യവസായശാലകൾ പ്രവർത്തിപ്പിച്ചു. വിജയിക്കുന്ന യന്ത്രങ്ങൾ കൂടുതൽ നിർമിച്ച് അവർ ദ്വീപിലും അന്യനാടുകളിലും വിറ്റഴിക്കുകയും ചെയ്തു.
ഒരിക്കൽ സ്വപ്നദ്വീപിൽ നിന്നും വൻകരയിലേക്ക് വിദ്യാഭ്യാസത്തിനായി പോയ കുറച്ച് ചെറുപ്പക്കാർ വേറിട്ട ചില ആശയങ്ങളുമായി തിരിച്ചെത്തി.അവരിൽ പ്രധാനിയായിരുന്നു പപ്പു.പുതിയ ആശയം അവന്റെ മസ്തിഷ്കത്തിൽ തീ പാറിച്ചു. തന്റെ ദ്വീപിൽ അത് നടപ്പാക്കുന്നതിനെ കുറിച്ച് അവൻ സ്വപ്നം കണ്ടു. ഒടുവിൽ അവൻ ഭരണാധികാരിയെ സന്ദർശിച്ച് തന്റെ ആശയം അവതരിപ്പിച്ചു. ആശയം കേട്ട ഭരണാധികാരിക്ക് ആദ്യം കൗതുകവും ശേഷം ആശങ്കയും ഉണ്ടായി.
"സമത്വസുന്ദരമായ നാട്!! കൊള്ളാം, ഈ നാട് ഇപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ തന്നെയല്ലേ?" ഭരണാധികാരി പപ്പുവിനോട് ചോദിച്ചു.
ഇതുകേട്ട് പപ്പുവിന്റെ നെറ്റി ചുളിഞ്ഞു. ഉത്തരത്തിന് പകരം അവൻ മറു ചോദ്യങ്ങൾ ചോദിച്ചു.
"സമത്വമുണ്ടെന്ന് തോന്നാനുള്ള കാരണങ്ങൾ പറയാമോ?"
ഭരണാധികാരി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു
"ഇവിടെ ഒരുതരത്തിലുള്ള വിവേചനവും നിയമം കൊണ്ട് അനുവദനീയമല്ല.ജനങ്ങൾ ഭൂരിഭാഗവും നിയമത്തിന് വിധേയമായി ജീവിക്കുന്നു. നാട്ടിലെ നിയമത്തിന്റെ പരിധിക്ക് ഉള്ളിൽ നിന്നുകൊണ്ട് എന്ത് പ്രവർത്തനത്തിലും ഏർപ്പാട് ഏർപ്പെടാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. മാത്രവുമല്ല എല്ലാ മേഖലകളിലും തുല്യമായ അവസരങ്ങളും നിയമം അനുവദിച്ചു നൽകുന്നുണ്ട്.ജനങ്ങൾ സന്തുഷ്ടരാണെന്ന് തന്നെയാണ് ഞാൻ വിലയിരുത്തുന്നത്."
പപ്പു ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.തന്റെ ആശയം ഭരണാധികാരിക്ക് പൂർണമായി ബോധ്യമാകാത്തതിലുള്ള വൈഷമ്യം അവന്റെ മുഖത്ത് പടർന്നു. ഒരു ദീർഘനിശ്വാസത്തോട് കൂടി അവൻ ഭരണാധികാരിയുടെ അടുത്തേക്ക് നടന്നു.ശബ്ദം ഉയർത്തി തന്റെ ആശയത്തെ വിശദീകരിക്കാൻ തുടങ്ങി.
"പറഞ്ഞതൊക്കെ സമ്മതിക്കുന്നു.പക്ഷേ ജനങ്ങൾ സന്തുഷ്ടരാണെന്ന് തോന്നുന്നുണ്ടോ?
ഫാക്ടറി ഉടമയായ ഭദ്രനും കൊഴുക്കട്ട ഉണ്ടാക്കി വിൽക്കുന്ന ദേവകിയമ്മയും തമ്മിൽ എന്ത് തുല്യത? എന്ത് സമഭാവന? അവരുടെ ജീവിത രീതികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദേവകിയമ്മ ചെറിയൊരു ഓല മേഞ്ഞ വീട്ടിൽ താമസിക്കുമ്പോൾ ഭദ്രൻ വലിയ ഇരുനില മാളികയിൽ വിലസുന്നു.
ഭരണാധികാരി ഒന്ന് ആലോചിച്ചിട്ട് പ്രകാരം പറഞ്ഞു
"എന്താണ് ഉദ്ദേശിക്കുന്നത്? ഈ അന്തരം ഞാൻ എങ്ങനെയാണ് നികത്തേണ്ടത്? ഭദ്രനെ ദേവകിയമ്മയുടെ നിലയിലേക്ക് എത്തിക്കണോ, അതോ ദേവകിയമ്മയെ ഭദ്രന്റെ നിലയിലേക്ക് എത്തിക്കണമോ?"
പപ്പു :ആവശ്യത്തിൽ കൂടുതൽ ആർക്കും ലഭിക്കേണ്ട കാര്യമില്ല.
ഭരണാധികാരി : കഴിവിനും അധ്വാനത്തിനും ഉള്ള ഫലം ലഭിക്കുന്നതിൽ കുഴപ്പമുണ്ടോ? ചൂഷണം ഇവിടെ നിയമം നിരോധിച്ചിട്ടുണ്ട് പിന്നെ എന്താണ് പ്രശ്നം?
പപ്പുവിന്റെ ശബ്ദം കുറച്ചുകൂടി ഉച്ചത്തിൽ ആയി. അവന്റെ കഴുത്തിലെ പേശികൾ വലിഞ്ഞു മുറുകി.
പപ്പു : ഓരോ വ്യക്തിയിൽ നിന്നും അവന്റെ ആവശ്യത്തിൽ കൂടുതൽ എല്ലാം ഉള്ളതെല്ലാം പൊതുഖജനാവിലേക്ക് കണ്ടു കെട്ടണം. ആവശ്യത്തിനു വരുമാനം ഇല്ലാത്തവർക്ക് ഉണ്ടാകുന്ന വിടവ് നികത്തപ്പെടണം. ബാക്കിവരുന്നത് പൊതുകാര്യ വികസനത്തിനായി പ്രയോജനപ്പെടുത്തണം.
ഭരണാധികാരി : ഈ 'ആവശ്യം 'എങ്ങനെ തിട്ടപ്പെടുത്തും?
പപ്പു : ഓരോ നാട്ടിലെയും പൊതുഖജനാവിന്റെ സ്ഥിതി അനുസരിച്ച് ആയിരിക്കണം ഈ ആവശ്യം നിജപ്പെടുത്തേണ്ടത്.
കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നതിനെക്കുറിച്ച് പപ്പുവും ഭരണാധികാരിയുമായി പിന്നെയും ചർച്ചകൾ നടന്നു.
അനന്തരഫലമായി എല്ലാ പ്രധാന കവലകളിലും അവശ്യസാധന വിതരണശാലകളും തൂക്കുമുറികളും സ്ഥാപിക്കപ്പെട്ടു. വ്യവസായ സ്ഥാപനങ്ങൾ ഭരണാധികാരി ഏറ്റെടുത്തു.ഗ്രാമത്തിലെ വ്യാപാര കേന്ദ്രങ്ങൾ അടച്ചുപൂട്ടി. വ്യാപാരകേന്ദ്രങ്ങളിൽ പണിയെടുത്തിരുന്നവർക്ക് ഭരണാധികാരി പുതിയ ജോലികൾ നൽകി.
പ്രതിഫലം എല്ലാവർക്കും ആവശ്യസാധനങ്ങളുടെ രൂപത്തിൽ ആയി.
ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും ജനിച്ചു ദേവകിയമ്മയും അജയനും നാരായണനും മറ്റും വീടുകളിൽ ഒത്തുകൂടി തങ്ങളുടെ ആശങ്കകൾ പരസ്പരം പങ്കുവെച്ചു.പരസ്പരം പൊള്ളയായ ആശ്വാസവാക്കുകൾ കൈമാറാൻ അല്ലാതെ അവർക്ക് മറ്റൊന്നിനും കഴിഞ്ഞില്ല. ഭരണാധികാരിയുടെ പുതിയ ഭരണപരിഷ്കാരത്തിനെതിരെ ശബ്ദിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുമെന്നും വേണ്ടിവന്നാൽ തടവിലാക്കും എന്നും വിളംബരം ചെയ്തു കഴിഞ്ഞിരുന്നു.
പുതിയ ആശയം ജനങ്ങൾ പരിഭ്രാന്തി ഉണ്ടാക്കും എന്നും അതിനാൽ മികച്ച രീതിയിലുള്ള ഫലം ഉണ്ടാകാനായി പ്രകാരമുള്ള നടപടികൾ വേണമെന്നുമുള്ള
പപ്പുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആ വിളംബരം.
ആഴ്ചയിൽ ഒരിക്കൽ ജനങ്ങൾ അവശ്യസാധനങ്ങൾക്കായി അവരവരുടെ ഗ്രാമത്തിലെ പ്രധാന കവലകളിൽ എത്തി. ഉദ്യോഗസ്ഥർ തൂക്കുമുറിയിലെ തുലാസ്സിൽ സാധനങ്ങൾ അളന്ന് തിട്ടപ്പെടുത്തി ഓരോരുത്തർക്കും നൽകി.
കടുകിട വ്യത്യാസമില്ലാതെ തുല്യമായി എല്ലാം എല്ലാവർക്കും ലഭിച്ചു.
അജയനും ദേവകിയമ്മയും ആദ്യയാഴ്ചയിലെ അവശ്യസാധന വിതരണത്തിനു ശേഷം ആഹ്ലാദിച്ചു.അത്രയും സാധനങ്ങൾ അവർക്ക് അതിനു മുൻപ് ഒരാഴ്ചയിൽ ലഭിച്ചിരുന്നില്ല.
എന്നാൽ അവശ്യസാധനങ്ങൾ കിട്ടിയപ്പോൾ ഫാക്ടറി ഉടമയായിരുന്നു ഭദ്രന് ഒട്ടും സന്തോഷം തോന്നിയില്ല.അയാൾക്ക് തന്റെ ജീവിതത്തിന്റെ നിലവാരം ഇടിഞ്ഞതായി അനുഭവപ്പെട്ടു. ക്രോധവും നിരാശയും കണ്ണുകളിൽ നിഴലിച്ചു. പക്ഷേ അയാൾ വികാരങ്ങൾ ഉള്ളിൽ ഒതുക്കി ശാന്തത കൈവരിക്കാൻ ശ്രമിച്ചു.നിയമങ്ങൾ അനുസരിക്കാനുള്ള ബാധ്യത തനിക്ക് ഉണ്ടെന്ന് അയാൾക്ക് ബോധ്യം ഉണ്ടായിരുന്നു.
പപ്പു വൻകരയിൽ നിന്നും ഒരു ഒരു ചില്ല് ഭരണി എത്തിച്ചു നൽകിയിരുന്നു.അത് ഒരു സാധാരണ ഭരണിയായിരുന്നില്ല.ഭരണാധികാരി നിശ്ചയിച്ച ആവശ്യങ്ങൾക്ക് മുകളിൽ ജനങ്ങൾക്ക് മറ്റെന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ നിർണയാധികാരം ഈ ഭരണിക്കായിരുന്നു. ആവശ്യം കടലാസിൽ എഴുതി ഭരണിയിൽ സമർപ്പിക്കണം.
അപേക്ഷയിലുള്ള ആവശ്യം ഒരു അത്യാവശ്യമാണെന്നും അത് നടപ്പാക്കി കൊടുക്കേണ്ടതാണെന്നും ഭരണിക്ക് ബോധ്യം വന്നാൽ കടലാസ് ഭരണിക്കുള്ളിൽ നിന്നും പൊങ്ങി പുറത്തേക്ക് വരും.
നിഷേധിക്കപ്പെടുകയാണെങ്കിൽ കടലാസ് ഭരണിക്കുള്ളിൽ കുടുങ്ങിക്കിടക്കും.
ദിവസങ്ങൾ കഴിഞ്ഞു.
തുടക്കത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പൊതുവിൽ ദ്വീപ് സന്തോഷഭരിതമായി തന്നെ തുടർന്നു.
കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോൾ ജനങ്ങൾക്ക് അധിക ആവശ്യങ്ങൾ വന്നു തുടങ്ങി. ഭരണാധികാരി നിർദ്ദേശിച്ചത് അനുസരിച്ച് അപേക്ഷ തയ്യാറാക്കി അവർ ചില്ലു ഭരണിയിൽ നിക്ഷേപിച്ചു. ചിലത് സ്വീകരിക്കപ്പെട്ടു,ചിലത് നിഷേധിക്കപ്പെട്ടു. ക്രമേണ ഭരണിയിൽ നിഷേധിക്കപ്പെട്ട കടലാസുകളുടെ എണ്ണം കൂടാൻ തുടങ്ങി.
ആദ്യത്തെ നിഷേധിക്കപ്പെട്ട അപേക്ഷ ദേവകിയമ്മയുടെതായിരുന്നു. ദേവ കിയമ്മയ്ക്ക് ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് കുറച്ചുനാൾ മുൻപ് വൻകരയിൽ നിന്നും കൊഴുക്കട്ട ഉണ്ടാക്കാൻ സഹായിക്കുന്ന യന്ത്രം എത്തിച്ചു കിട്ടിയിരുന്നു. അതിനാൽ ദേവകി അമ്മയ്ക്ക് ഇപ്പോൾ ജോലി എളുപ്പമായി മാറിയിരിക്കുന്നു. അധികസമയം ഉണ്ട് താനും.അവർ ഈ സമയം കൂടുതൽ കൊഴുക്കട്ടകൾ ഉണ്ടാക്കാൻ ആഗ്രഹിച്ചു.അതിനുള്ള സാധനസാമഗ്രികൾക്കായി അപേക്ഷ സമർപ്പിച്ചു. എന്നാൽ ചില്ലുഭരണി അത് നിഷേധിച്ചു.അവർ ഭരണിയുടെ കാര്യക്കാരനായ ഉദ്യോഗസ്ഥനോട് കാരണം അന്വേഷിച്ചു
"ദ്വീപിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇതിന് അനുവദിക്കുന്നുണ്ടാവില്ല.ഇപ്പോഴത്തെ അവസ്ഥയിൽ ഇതൊരു അത്യാവശ്യമോ ആവശ്യമോ അല്ലായിരിക്കാം."
ചില്ലുഭരണിയ സമീപിച്ച പലരും മ്ലാനവദനരായി മടങ്ങി.
ഫാക്ടറി ഉടമയായിരുന്ന ഭദ്രന് വർഷത്തിലൊരിക്കൽ അവധി ആഘോഷിക്കാൻ അന്യനാടുകളിലേക്ക് പോകുന്ന ഒരു ശീലമുണ്ടായിരുന്നു. അതിനുള്ള പണം അയാൾ കഠിനാധ്വാനം ചെയ്തു കണ്ടെത്തുമായിരുന്നു..
എന്നാൽ അവധി ആഘോഷത്തിനുള്ള അപേക്ഷ ഭരണി തള്ളുകയാണ് ഉണ്ടായത്. നിരാശനായി കാര്യക്കാരനെ നോക്കിയ
ഭദ്രനോട് " ഇതൊന്നും ജീവിതത്തിന് അത്യന്താപേക്ഷിതമല്ല, അതാണ് നിഷേധിക്കപ്പെട്ടത്" എന്നയാൾ അറിയിച്ചു.
കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ആ കൂറ്റൻ ഭരണി പകുതിയോളം നിറഞ്ഞു കഴിഞ്ഞിരുന്നു. അതുപോലെതന്നെ പുതിയ യന്ത്ര പരീക്ഷണങ്ങൾ നടത്താനുള്ള സാമഗ്രികൾക്കായുള്ള രഘുവിന്റെയും ഭാഗ്യയുടെയും
അപേക്ഷയും നിഷേധിക്കപ്പെട്ടു.
കഠിനാധ്വാനികൾക്ക് തൊഴിൽ ചെയ്യാനുള്ള ആഗ്രഹം കുറഞ്ഞുവന്നു. അധ്വാനത്തിനനുസരിച്ച് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാകാത്തതിൽ പലർക്കും നിരാശയുണ്ടായി.ഭരണാധികാരിയോടും നിയമ വ്യവസ്ഥയോടുമുള്ള ഭയം കാരണം ജനങ്ങൾ തങ്ങളുടെ എതിർപ്പ് ഉള്ളിൽ ഒതുക്കി.
നാരായണൻ ഇപ്പോൾ മത്സ്യബന്ധനത്തിന് പോയാലും മുൻപ് പിടിക്കുന്നതിന്റെ പകുതിയിൽ താഴെ മത്സ്യം മാത്രം പിടിച്ചു. തന്റെ ഭവനത്തിലെ ആവശ്യങ്ങൾ നടന്നു പോകുന്നുണ്ട്.പിന്നെ താനെന്തിന് അധികഭാരം ചുമക്കണം അയാൾ ചിന്തിച്ചു.
ദ്വീപിലെ പൊതുജനാവ് മുൻപത്തെപ്പോലെ ഇപ്പോൾ നിറയുന്നില്ല.ഭരണാധികാരി ആശങ്കയിലായി ദ്വീപിൽ പലസ്ഥലങ്ങളിലും അയാൾ നേരിട്ട് സന്ദർശനം നടത്തി. ദ്വീപുനിവാസികളിൽ പലരും പ്രവർത്തി ദിവസമായിട്ട് പോലും അലസരായി കവലകളിൽ കാണപ്പെട്ടു.തൊഴിൽ ചെയ്യുന്ന കുറച്ചുപേർ മാത്രം. അവരിൽ ആകട്ടെ ഉത്സാഹവും പ്രസരിപ്പും നഷ്ടപ്പെട്ടതായി ഭരണാധികാരിക്ക് തോന്നി.
ചില്ലു ഭരണിയുടെ അടുത്ത് എത്തിയപ്പോൾ അത് നിറഞ്ഞ് കവിഞ്ഞ് കാണപ്പെട്ടു.ഭാണാധികാരി അത്ഭുതപ്പെട്ടു.
"ഭരണി ഇപ്പോൾ പുതിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുന്നില്ല."കാര്യക്കാരൻ അറിയിച്ചു. അടുത്തു കണ്ട വലിയ തടി ഉപയോഗിച്ച് ഭരണാധികാരി ചില്ലു ഭരണി അടിച്ചു പൊട്ടിച്ചു. അവശ്യസാധനശാലകളും തൂക്കുമുറിയും പൂട്ടാനുള്ള നിർദ്ദേശവും നൽകി അയാൾ മടങ്ങി.
#തുലാസ്
#കഥ