12/09/2025
*നഗരനയം കാലഘട്ടത്തിൻ്റെ അനിവാര്യത; മുഖ്യമന്ത്രി പിണറായി വിജയൻ.*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നു കൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ.
സാധാരണയായി നഗരവൽക്കരണം വ്യവസായവൽക്കരണത്തിന്റെ ഒരു ഉപ- ഉൽപ്പന്നമാണ്. വൻകിട വ്യവസായ നഗരങ്ങൾക്ക് ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങുകയും നഗരങ്ങൾക്ക് ഉപഗ്രഹനഗരങ്ങൾ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ നഗരവൽക്കരണം സംഭവിക്കുന്നത് വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ അതിലുണ്ട്.
കാലാകാലങ്ങളായി വിദേശരാജ്യങ്ങളുമായി നിലനിന്ന വാണിജ്യ ബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയർന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വരുമാന നിലവാരം, കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെല്ലാം കേരളത്തിൻ്റെ നഗരവൽക്കരണത്തിന് കാരണമായിട്ടുണ്ട് - മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കുടിയൊഴിപ്പിക്കൽ നിരോധനവും, കാർഷിക നിയമങ്ങളും, ഭൂപരിഷ്കരണ നിയമവും സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങൾ ജനങ്ങളെ വിദ്യാസമ്പന്നരാക്കി. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ മുതൽ വലിയ വ്യവസായങ്ങൾക്ക് വരെ നൽകിയ പിന്തുണ കേരളത്തിൻ്റെ എല്ലായിടങ്ങളിലും വ്യവസായങ്ങൾ എത്തിച്ചു. ഇവയെല്ലാം ഭൂരിഭാഗം ഗ്രാമങ്ങളെയും നഗരവൽക്കരണത്തിലേക്ക് നയിച്ചു - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നഗരവൽക്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവയെ അവസരങ്ങളാക്കി മാറ്റുവാനും കഴിയണം. അതിനുവേണ്ടിയാണ് നവകേരളം എന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തുടരുന്നതിനും, നഗരവൽക്കരണം മൂലം സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഹരിതകേരളം, ലൈഫ്, ആർദ്രം, മാലിന്യമുക്ത നവകേരളം എന്നീ മിഷനുകൾ എല്ലാം ഇതിൻ്റെ ഭാഗമാണ് - മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം, പാർപ്പിട ലഭ്യത, പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് ഈ കർമ്മ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ നേരിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. മികച്ച ഗതാഗത സംവിധാനങ്ങളും, റോഡുകളും, ഊർജ്ജലഭ്യതയും ഉറപ്പുവരുത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവ ലോകം ഉറ്റുനോക്കുന്ന വികസനപദ്ധതികളാണ്. ഫിസിക്കൽ കണക്ടിവിറ്റി മാത്രമല്ല വെർച്വൽ കണക്ടിവിറ്റിയും ഉറപ്പാക്കി. കെ ഫോൺ , പബ്ലിക് വൈഫൈ, ഹോട്ട്സ്പോട്ട് എന്നിവ നടപ്പാക്കി - മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും നൽകിയുള്ള വികസനമാണ് സർക്കാർ ഉന്നം വെക്കുന്നത്.
നാടിൻ്റെ താഴെത്തട്ടിന്റെ വികസനവും സർക്കാരിൻ്റെ ലക്ഷ്യമാണ്. ലൈഫ് മിഷനിലൂടെ അഞ്ചുലക്ഷത്തോളം വീടുകൾ നിർമ്മിച്ചു, 5000 കോടി രൂപ ചെലവിട്ടു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നത നിലവാരമുള്ളവയാക്കി, 5000 ൽ അധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി, നാല് ലക്ഷം പട്ടയങ്ങൾ ലഭ്യമാക്കി. ഇതെല്ലാം സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ് - മുഖ്യമന്ത്രി പറഞ്ഞു.
നഗരവൽക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ദാരിദ്ര്യനിർമാർജനം, മാലിന്യനിർമാർജനം, തൊഴിലവസരങ്ങൾ ഉറപ്പാക്കൽ, പരിസ്ഥിതി സംരക്ഷണം എന്നി വെല്ലുവിളികളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും , മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. നിലവിൽ 20,000 മിനി മെറ്റീരിയൽ കളക്ഷൻ സെൻ്ററുകളും, 1400 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും, 40,000 അംഗങ്ങളുള്ള ഹരിതകർമ്മ സേനയും ഇതിനായി പ്രവർത്തിക്കുന്നു.
തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിന് 'ഒരു വർഷം ഒരു ലക്ഷം സംരംഭം' എന്നിങ്ങനെയുള്ള സംരംഭകത്വ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും, നൈപുണ്യ പരിശീലനവും സർക്കാർ നൽകിവരുന്നു. ഇന്ന് കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസിലും, ഐടി കയറ്റുമതിയിലും മുന്നിലാണ്. സ്റ്റാർട്ടപ്പ് മേഖല 20 ഇരട്ടിയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിനിടയിൽ വളർന്നത് - മുഖ്യമന്ത്രി പറഞ്ഞു.
നഗരവൽക്കരണത്തിന്റെ വിവിധമാനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ദേശീയ അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു കമ്മീഷനെ സർക്കാർ നിയമിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നഗരനയം രൂപീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഓരോ നഗരത്തിനും അതിനുതകുന്ന പ്രത്യേക പദ്ധതികൾ വേണം. നഗര ജല വിനിയോഗവും, വിതരണവും മറ്റൊരു ഗൗരവകരമായ വിഷയമാണ്. അതിനെക്കുറിച്ചുള്ള ചർച്ചകൾ ആവശ്യമാണ്. നമ്മുടെ കേരളം ജലസ്രോതസ്സുകളിൽ സമ്പന്നമാണ് എങ്കിലും അവയിൽ പലതും ഉപയോഗശൂന്യമാണ്. നഗരങ്ങളിലെ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കണം. അവയിലെ ജലം ഉപയോഗിക്കാൻ കഴിയുന്ന നിലയിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നുള്ള ചർച്ച വേണം. നഗരവൽക്കരണത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന പുതിയ സാമ്പത്തിക കാഴ്ചപ്പാടുകളും തൊഴിൽ സ്വഭാവവും അതിസംബോധന ചെയ്യപ്പെടണം - മുഖ്യമന്ത്രി പറഞ്ഞു
ഗിഗ് ഇക്കണോമി വളരുന്നതായാണ് പറയപ്പെടുന്നത്. ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ എങ്ങനെ കഴിയും എന്നതിനെപ്പറ്റി ചർച്ച ഉണ്ടാവണം. പൊതു തൊഴിൽ സംസ്കാരത്തിൻ്റെ ഭാഗമായി വർക്ക് ഫ്രം ഹോം , വർക്ക് എവെ ഫ്രം വർക്ക് തുടങ്ങിയ തൊഴിൽ സംസ്കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ നഗരവികസനം സാധ്യമാകണം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിതമായ ട്രാഫിക് സംവിധാനങ്ങളും ഊർജ്ജവിതരണ സംവിധാനങ്ങളും വിപുലമായിക്കൊണ്ടിരിക്കുകയാണ്. ഇതും ചർച്ചയാവണം. നഗരങ്ങളെ എങ്ങനെ പൂർണമായി ഭിന്നശേഷി സൗഹൃദമാക്കാം എന്നതിനെ കൂറിച്ചും പഠനങ്ങൾ വേണം -മുഖ്യമന്ത്രി പറഞ്ഞു.