14/11/2024
ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ എഐ ടീച്ചർ ഇനി പുനലൂർ ഗവ. ഏൽപിജിഎസിൽ. ശിശുദിനത്തിൽ പ്രവർത്തനമാരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചറിന് നോവ എന്നാണ് പേരിട്ടിരിക്കുന്നത്. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എഐ ടീച്ചറോട് നാല് ഭാഷയിൽ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനും തങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെടാനും സാധിക്കും. അതോടൊപ്പം പാട്ടുകൾ കേൾപ്പിക്കാനും ഈ ടീച്ചർക്ക് സാധിക്കും. ടീച്ചർ നൽകുന്ന മറുപടികൾ പ്രൊജക്റ്ററിലോ ഡിസ്പ്ളേയിലോ കാണാനും പാഠപുസ്തകം അപ്ലോഡ് ചെയ്തു കൊടുക്കാനും ഇതിൽ സൗകര്യമുണ്ട്.
സ്‌കൂൾ പിടിഎയാണ് ഈ സംരംഭത്തിന് നേതൃത്വം കൊടുത്തത്. പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ എഐ വിദ്യാഭ്യാസ സ്ഥാപനമായ സ്കിൽഭാരത് ഓൺലൈൻ എജുക്കേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്. ഭാവിയിൽ ക്ലാസ് റൂമിലേക്ക് തനിയെ പോകുന്നതും, കമ്പ്യൂട്ടർ വിഷൻ അടക്കമുള്ള കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർക്കാനുള്ള ആലോചനയിലാണ് സ്‌കൂളെന്ന് പിടിഎ പ്രസിഡന്റ് അമേഷ് ലാൽ അറിയിച്ചു.
കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും, സാങ്കേതിക വിദ്യയോടും ശാസ്ത്രത്തോടുമുള്ള കൗതുകം ഉണ്ടാക്കാനും, ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യത്തിനും എഐ ടീച്ചറുടെ സാന്നിധ്യം സഹായിക്കുമെന്ന് പ്രധാനാധ്യാപിക ബിന്ദു എം കെ പറഞ്ഞു.
ശിശുദിനത്തിൽ സ്‌കൂൾ അസംബ്ലിയിൽ ശിശുദിനത്തെക്കുറിച്ചുള്ള പ്രസംഗം നടത്തിക്കൊണ്ടാണ് എഐ ടീച്ചർ പ്രവർത്തനം ആരംഭിച്ചത്. വാർഡ് കൗൺസിലറും മുൻ നഗരസഭാ അധ്യക്ഷയുമായിരുന്ന നിമ്മി എബ്രഹാം, പ്രധാനാധ്യാപിക ബിന്ദു എം.കെ, പിടിഎ പ്രസിഡന്റ് അമേഷ് ലാൽ, അധ്യാപികമാരായ ഭവ്യ, ആരതി, സുധീന, രജിഷ, സുജാത തുടങ്ങിയവർ പങ്കെടുത്തു.