11/07/2025
ശ്രീ. മുരളീധരൻ പി എഴുതിയ
ചെറുകഥ
'പത്ത് എഫ്
വാട്സാപ്പ് ഗ്രൂപ്പ്'.
'ചന്ദ്രനല്ലേ'?
വിളിച്ചയാൾ ചോദിച്ചു.
'അതെ. ആരാണ്'?
ചന്ദ്രൻ പ്രതികരിച്ചു.
'ഞാൻ ബാലകൃഷ്ണൻ. ഓർമ്മയുണ്ടോ'?
വിളിച്ചയാൾ ചന്ദ്രന്റെ ഓർമ്മശക്തിയെ പരീക്ഷിച്ചു.
'ബാലകൃഷ്ണൻ'?
ചന്ദ്രൻ മനസ്സിൽ ചോദിച്ചു.
ഒരാൾ ഫോൺ വിളിച്ചിട്ട് ബാലകൃഷ്ണൻ ആണെന്ന് പറയുന്നു. ഓർമ്മയുണ്ടോ എന്ന് ചോദിക്കുന്നു. ശബ്ദം സുപരിചിതമായി തോന്നുന്നു എങ്കിലും ആളെ പിടി കിട്ടുന്നില്ല. ഓർമ്മയില്ല എന്ന് പറഞ്ഞാൽ വിളിച്ചയാൾക്ക് വിഷമമാകും. വിളിച്ചയാളുടെ ചോദ്യത്തെ ഒരു പരീക്ഷയായി സങ്കൽപ്പിച്ചു കൊണ്ട് ചന്ദ്രൻ പ്രാർത്ഥനാനിരതനായി. പിന്നെ ഉറപ്പില്ലാത്ത വിധത്തിൽ ഉത്തരം പറഞ്ഞു.
'പത്ത് എഫിൽ ഉണ്ടായിരുന്ന ബാലകൃഷ്ണൻ? എൻസിസിയിൽ ഉണ്ടായിരുന്ന ബാലകൃഷ്ണൻ'?
'അതേടാ. ഞാൻ തന്നെ. നീ ഇപ്പം എവിടെയാണ്'?
പഴയ കൂട്ടുകാരൻ തന്നെ തിരിച്ചറിഞ്ഞപ്പോൾ ബാലകൃഷ്ണന് ആവേശമായി.
ചന്ദ്രനെക്കുറിച്ചു ബാലകൃഷ്ണനും ബാലകൃഷ്ണനെക്കുറിച്ചു ചന്ദ്രനും അനേകം കാര്യങ്ങൾ പരസ്പരം ചോദിച്ചറിഞ്ഞു. എൻസിസിയിൽ ഉണ്ടായിരുന്നിട്ടും ബാലകൃഷ്ണൻ പോലീസിലും പട്ടാളത്തിലും ഒന്നും എത്തിയില്ല എന്ന് ചന്ദ്രൻ മനസ്സിലാക്കി. വിദ്യാർത്ഥിരാഷ്ട്രീയം കളിച്ചു പേരുദോഷം വരുത്തി ഒടുവിൽ ഒരു വിധത്തിൽ സർക്കാർ വാഹനത്തിൽ കണ്ടക്റ്ററായി കയറിപ്പറ്റുകയായിരുന്നുവത്രെ. വിളിച്ച വകയിൽ ബാലകൃഷ്ണൻ ചന്ദ്രനോട് അഞ്ഞൂറ് രൂപ കടം ചോദിക്കുകയും ചെയ്തു. ബേക്ക് ബെഞ്ചിലെ സഹപാഠിയും സ്നേഹിതനുമായ ബാലകൃഷ്ണന്റെ വിളിയിൽ ചന്ദ്രനും വലിയ ആവേശത്തിലായിരുന്നു. ചന്ദ്രൻ അപ്പോൾ തന്നെ അഞ്ഞൂറ് രൂപ ഫോൺ മുഖാന്തിരം ബാലകൃഷ്ണന് അയച്ചു കൊടുത്തു. നിലവിലുള്ള സാഹചര്യത്തിൽ അഞ്ഞൂറോ ആയിരമോ അയച്ചു കൊടുക്കുന്നതൊന്നും ചന്ദ്രന് വലിയ കാര്യമായിരുന്നില്ല.
ഇതിനിടയിൽ വിളിച്ചതിന്റെ ഉദ്ദേശ്യം ബാലകൃഷ്ണൻ വ്യക്തമാക്കി. പഴയ പത്താം ക്ലാസ്സുകാരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ചന്ദ്രനെക്കൂടി ഗ്രൂപ്പിൽ ഉൾപ്പെടുത്തണം എന്ന് ബാലകൃഷ്ണൻ അഭിപ്രായപ്പെടുകയും ഗ്രൂപ്പിന്റെ ഭരണകർത്താക്കൾ ബാലകൃഷ്ണന്റെ അഭിപ്രായത്തെ സർവാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു. ചന്ദ്രൻ ഗ്രൂപ്പിൽ ചേരണം. ഫോട്ടോ അയച്ചു കൊടുക്കുകയും വേണം. എല്ലാവരുടെയും ഫോട്ടോയും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു തിരിച്ചറിയൽ പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്. മറ്റു കാര്യങ്ങൾ വഴിയേ അറിയിക്കുന്നതായിരിക്കും. ബാലകൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചു. എന്തെങ്കിലുമാകട്ടെ എന്ന് ചന്ദ്രൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ തയ്യാറാവുകയും ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം ഗ്രൂപ്പിൽ ഹായ് സന്ദേശമിടുകയും ചെയ്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗത്വം ലഭിച്ചതോടെ ചന്ദ്രന്റെ മനസ്സ് പ്രക്ഷുബ്ധമായി. മനസ്സിന്റെ ആഴങ്ങളിൽ നിന്നെങ്ങോ പഴയ പ്രണയത്തിന്റ ഓർമ്മകൾ കുമിളകളായി മുകൽപ്പരപ്പിലേക്ക് ഉയർന്നു വന്നു. ചന്ദ്രൻ സുഭാഷിണിയെ ഗ്രൂപ്പിൽ തിരഞ്ഞു. സുഭാഷിണിയുടെ പേരുണ്ട്. ചിത്രമില്ല. സുഭാഷിണിയെ കാണാൻ ചന്ദ്രന് തിടുക്കമായി. സുഭാഷിണി ഇപ്പോഴും ആരോഗ്യത്തോടെ സുന്ദരിയായി ഇരിക്കുന്നുണ്ടോ എന്ന് ചന്ദ്രന് അറിയണം. ഒരു തവണ ഗ്യാസ്ട്രൈറ്റിസിന് കുടലിൽ കുഴലിട്ടു കറക്കിയുള്ള പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട് എന്നല്ലാതെ ചന്ദ്രന് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സുഭാഷിണിയുടെ സന്ദേശങ്ങൾ കണ്ടുപിടിക്കാനായി ചന്ദ്രൻ ഗ്രൂപ്പിൽ ചിക്കിച്ചികഞ്ഞു.
സുഭാഷിണി എന്തെങ്കിലും സന്ദേശങ്ങളിടുന്നുണ്ടോ എന്നും സുഭാഷിണി മറ്റു ആരുടെയെങ്കിലും സന്ദേശങ്ങൾക്ക് മറുപടി നൽകുന്നുണ്ടോ എന്നും ചന്ദ്രൻ കൂലങ്കഷമായി പരിശോധിച്ചു. പ്രഭാതം മുതൽ പ്രദോഷം വരെ ചന്ദ്രൻ വാട്സാപ്പ് നോക്കുന്ന തിരക്കിലായി. ഒരു വേള രാത്രി ഉറങ്ങുന്നത് വരെയും. ഇല്ല, സുഭാഷിണിയുടെ സന്ദേശങ്ങൾ ഒന്നുമില്ല. പ്രതികരണങ്ങളും ഇല്ല. സുഭാഷിണി തിരശ്ശീലയ്ക്ക് പിന്നിൽ എവിടെയോ മറഞ്ഞിരിക്കുകയാണ്.
ചന്ദ്രനിൽ പെട്ടെന്നുണ്ടായ മാറ്റം ഭാര്യയെ അസ്വസ്ഥയാക്കി. മകന് പെണ്ണ് അന്വേഷിക്കുന്ന സമയത്താണ് ഭർത്താവു മൗനിയാവുന്നത്. കല്യാണത്തിന്റെ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു ആധി കയറിയതാണോ എന്ന് കാര്യമറിയാതെ അവർ വിഷമത്തിലായി.
നിനച്ചിരിക്കാത്ത മുഹൂർത്തത്തിൽ ചന്ദ്രൻ ഭാര്യയോട് പറഞ്ഞു.
'ഞാൻ ഒന്ന് കേരളത്തിൽ പോയിട്ട് വരാം'
ചന്ദ്രൻ പറയുന്നത് മനസ്സിലാവാതെ ഭാര്യ ചന്ദ്രനെ സംശയത്തോടെ നോക്കി.
'കേരളത്തിൽ നിന്ന് ഒരു പെണ്ണിനെ കണ്ടെത്താൻ കഴിയുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ'.
ചന്ദ്രൻ ഭാര്യയുടെ സംശയം ദൂരീകരിച്ചു.
കുട്ടിക്കാലത്ത് തന്റെ കുടുക്ക് പോയ ട്രൗസറിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കട്ടിയുള്ള ചാക്ക് നൂല് കൊണ്ട് ബെൽറ്റ് പോലെ വരിഞ്ഞു കെട്ടി ട്രൗസർ ഊരിപ്പോകാതെ ഉറപ്പിച്ചു നിർത്തുമായിരുന്നു ചന്ദ്രൻ. ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ ചന്ദ്രന്റെ അച്ഛനും അമ്മയും ചെയ്തു കൊണ്ടിരുന്നതും മറ്റൊന്നായിരുന്നില്ല. കൊത്താനും, കിളക്കാനും, നട്ടു വളർത്താനും, വെട്ടി മുറിക്കാനും എന്ന് വേണ്ട സകലമാന പണികൾ ചെയ്യാനും ചന്ദ്രന്റെ അച്ഛൻ തയ്യാറായിരുന്നു. ചെയ്യുന്ന പണികളിലൊക്കെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു ചന്ദ്രന്റെ അച്ഛൻ. കട്ട പൊളിക്കുക, ഞാറു നടുക, കൊയ്യുക, മെതിക്കുക തുടങ്ങിയ ജോലികൾ ചെയ്തുകൊണ്ട് ചന്ദ്രന്റെ അമ്മ എപ്പോഴും ഭർത്താവിന്റെ കൂടെ നിന്നു.
ചന്ദ്രന്റെ വീട്ടു വളപ്പിൽ ധാരാളം മാവും പ്ലാവും മറ്റു അനുബന്ധ വൃക്ഷങ്ങളും വളർന്നു നിൽപ്പുണ്ടായിരുന്നു. ഒഴിവുള്ള ഇടങ്ങളിൽ ചന്ദ്രന്റെ അച്ഛൻ ചക്കരക്കിഴങ്ങും ചേമ്പും കൃഷി ചെയ്തു. ചന്ദ്രന്റെ അച്ഛന്റെ അദ്ധ്വാനത്തിന്റെ ഫലം പുരയിടം നിറയെ പ്രതിഫലിച്ചു കാണാമായിരുന്നു.
പട്ടിണിയെ പ്രതിരോധിക്കാൻ ഏതു വഴി സ്വീകരിക്കാനും ഏതറ്റം വരെ പോകാനും ചന്ദ്രന്റെ അച്ഛൻ തയ്യാറായിരുന്നു. പട്ടിണിയോട് പൊരുതാൻ തയ്യാറായപ്പോൾ പ്രകൃതിയും ചന്ദ്രന്റെ കുടുംബത്തോടൊപ്പം ചേർന്നു. ചക്കയുടെയും മാങ്ങയുടെയും കാലത്ത് ഇഷ്ടം പോലെ ചക്കയും മാങ്ങയും നൽകി പ്രകൃതി വീട്ടുകാരെ അനുഗ്രഹിച്ചു. ചേമ്പിന്റെയും ചക്കരക്കിഴങ്ങിന്റെയും കാര്യത്തിലും വിളവ് വീട്ടുകാർക്ക് അനുകൂലമായി. അടുക്കളപ്പുറത്തെ പേരില്ലാത്ത പുളിമാവിൽ അസൂയാലുക്കളുടെ കണ്ണ് തട്ടും വണ്ണം പുളിമാങ്ങ പിടിച്ചു. പുളിമാങ്ങ പഴുത്താൽ കഴിക്കാൻ മധുരമുള്ളതായിരുന്നു. മറ്റു മാങ്ങകളിൽ നിന്നും വ്യത്യസ്തമായിരുന്നു ചന്ദ്രന്റെ വീട്ടിലെ പഴുത്ത പുളിമാങ്ങയുടെ മധുരം. ഉറുമ്പു കടി വകവെക്കാതെ പുളിമാവിൽ വലിഞ്ഞു കയറി ചന്ദ്രൻ വിശപ്പ് മാറുവോളം പഴുത്ത പുളിമാങ്ങ പറിച്ചു തിന്നു. കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്താൻ അച്ഛന്റെ അനുമതി ഉണ്ടായിരുന്നില്ല. മറ്റു മാങ്ങകൾക്കു കേടു പറ്റും എന്നതായിരുന്നു അച്ഛന്റെ വാദം.
ചക്കയുടെയും മാങ്ങയുടെയും കാലം വന്നാൽ പിന്നെ വീട്ടിൽ കഞ്ഞി വെച്ചിട്ടില്ലെങ്കിലും ചന്ദ്രന് പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു. പഴുത്ത ചക്കയും മാങ്ങയും ഇഷ്ടം പോലെ ചന്ദ്രന് പറിച്ചു തിന്നാനുണ്ടായിരുന്നു. ചന്ദ്രന്റെ വീട്ടിലെ പ്ലാവുകളിൽ കണ്ടമാനം ചക്ക പിടിക്കുമായിരുന്നു. ഗ്രാമത്തിലെ മറ്റു വീടുകളിലൊന്നും അത്രയധികം ചക്ക പിടിച്ചു കണ്ടിട്ടില്ല. പ്ലാവിനെക്കാൾ കൂടുതൽ മാവും അണ്ടീമാവും ഒക്കെയായിരുന്നു മറ്റു വീടുകളിൽ ഉണ്ടായിരുന്നത്. അവരിൽ ചിലരെങ്കിലും ചന്ദ്രന്റെ വീട്ടിൽ വരികയും ചന്ദ്രന്റെ അച്ഛനോടോ അമ്മയോടോ അനുമതി ചോദിച്ച് ആവശ്യത്തിനുള്ള ചക്ക പറിച്ചു കൊണ്ട് പോവുകയും ചെയ്തു.
സർവ്വതന്ത്ര സ്വതന്ത്രനായി നടന്നിരുന്ന ചന്ദ്രന്റെ മുന്നിൽ പ്രകൃതി തന്റെ വിഭവങ്ങളെല്ലാം സ്നേഹത്തോടെ നിരത്തി വെച്ചു കൊടുക്കുകയായിരുന്നു. എല്ലാം കണ്ടറിഞ്ഞു പെരുമാറേണ്ട കാര്യമേ ചന്ദ്രന് ഉണ്ടായിരുന്നുള്ളൂ. ആരാന്റെ പറമ്പും സ്വന്തം വിഹാര ഭൂമിയാക്കി ചന്ദ്രൻ എല്ലാം നോക്കിയും കണ്ടും പെരുമാറി. മാങ്ങയായാലും അണ്ടീമാങ്ങയായാലും എറിഞ്ഞു വീഴ്ത്താനും കടിച്ചു തിന്നാനും അണ്ടി പെറുക്കി വിറ്റു കാശാക്കി വല്ലതും വാങ്ങി തിന്നു വിശപ്പടക്കാനും ചന്ദ്രന് പ്രയാസമുണ്ടായിരുന്നില്ല. വിജനവും വിശാലവുമായ പറമ്പിൽ ആരെയും നോട്ടമിട്ടു പിടികൂടാൻ ആരും മെനക്കെട്ടതുമില്ല.
ചക്കയുടെയും മാങ്ങയുടെയും കാലത്ത് വിശപ്പിനെ ഏറെക്കുറെ എന്നല്ല പൂർണ്ണമായി തന്നെ അകറ്റി നിർത്താൻ ചന്ദ്രന് സാധിച്ചിരുന്നു. ചക്കയുടെ കാലം വന്നാൽ ചക്കയായിരുന്നു ചന്ദ്രന്റെ പ്രധാനപ്പെട്ട ആഹാരം. അടുക്കളയിലാകട്ടെ ചക്കപ്പുഴുക്ക്, ചക്കക്കുരു വറുത്തത്, ചക്കക്കുരു കറി വച്ചത് എന്നിങ്ങനെയുള്ള ചക്ക വിഭവങ്ങൾ കടിയായും കൂട്ടാനായും എന്നും അടുപ്പത്ത് കാണുമായിരുന്നു. ചക്കയും ചക്ക വിഭവങ്ങളും ചേമ്പും ചക്കരക്കിഴങ്ങും ഒക്കെ അമിതമായി കഴിക്കുന്നത് അടിവയറ്റിൽ അസ്വസ്ഥത ഉണ്ടാക്കും എന്നൊന്നും ചന്ദ്രൻ ഓർത്തില്ല. വിശപ്പടക്കണം എന്ന ഒറ്റ വിചാരം മാത്രമേ ചന്ദ്രന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ചന്ദ്രന്റെ ആഹാര രീതി മനസ്സിലാക്കി ചങ്ങാതിമാർ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചന്ദ്രന് ഒരു വിളിപ്പേര് നൽകുകയും ചെയ്തു.
ചക്കച്ചന്ദ്രൻ.
വിളിപ്പേര് നൽകി എങ്കിലും ചന്ദ്രന്റെ മുഖത്ത് നോക്കി ചക്കച്ചന്ദ്രൻ എന്ന് വിളിക്കാനുള്ള ധൈര്യമൊന്നും ചങ്ങാതിമാർക്ക് ഉണ്ടായിരുന്നില്ല. ചന്ദ്രൻ എന്തിനും ഏതിനും പോന്നവനാണെന്ന് ചങ്ങാതിമാർക്ക് അറിയാമായിരുന്നു. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തല്ലുണ്ടാക്കാൻ ചന്ദ്രന് മടിയൊന്നും ഉണ്ടായിരുന്നില്ല. കരുത്തനും കളികളിൽ കെങ്കേമനുമായ ചന്ദ്രന്റെ വിദ്വേഷത്തിന് പാത്രീഭവിക്കുവാൻ ചങ്ങാതിമാർ ഇഷ്ടപ്പെട്ടതുമില്ല. കാലക്രമേണ ചക്ക എന്ന പദം അടർത്തി മാറ്റാൻ പറ്റാത്ത വണ്ണം ചന്ദ്രന്റെ പേരുമായി വിളങ്ങിച്ചേർന്നു.
സർവ്വതന്ത്ര കുതന്ത്രങ്ങളും അറിയാമായിരുന്ന ചന്ദ്രന് മുതിർന്നവർ വലിക്കുന്ന ബീഡി കുടിക്കുന്ന കള്ള് എന്നിവയെക്കുറിച്ചൊന്നും വേണ്ടത്ര അറിവോ ധാരണയോ ഉണ്ടായിരുന്നില്ല. അവയൊന്നും തന്റെ വിശപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അല്ല എന്നതായിരുന്നു ചന്ദ്രന്റെ നിലപാട്. ദാഹം അകറ്റാൻ പച്ച വെള്ളം കുടിച്ചാലും മതി എന്ന് ചന്ദ്രൻ വിശ്വസിച്ചു. വിശപ്പ് മാറ്റാൻ ഖര രൂപത്തിലുള്ള എന്തെങ്കിലും കഴിക്കുക തന്നെ വേണം. കള്ളും ബീഡിയും ഒന്നും വിശപ്പിനുള്ള പരിഹാരമല്ല എന്നും ചന്ദ്രൻ മനസ്സിലാക്കി. വളർന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജീവിതത്തെക്കുറിച്ചു പ്രായോഗിക വീക്ഷണം ഉള്ള ആളായിരുന്നു ചന്ദ്രൻ.
ഗ്രാമത്തിലെ കള്ളു ഷാപ്പിൽ കള്ള് ഇഷ്ടം പോലെ കുടിക്കാൻ കിട്ടുമായിരുന്നു. കള്ള് കുടിക്കാൻ മുതിർന്നവർ മാത്രമാണ് കള്ള് ഷാപ്പിൽ പോവുക. പരസ്പരം തിരിച്ചറിയുന്നവർ തിങ്ങി നിറഞ്ഞ കള്ളു ഷാപ്പിലേക്ക് കടന്നു ചെല്ലാൻ ചന്ദ്രനെ പോലെയുള്ള കുട്ടികൾക്ക് ധാർമ്മികമായ അവകാശമോ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. എങ്കിലും വല്ലപ്പോഴും അണ്ടി വിറ്റു കിട്ടുന്ന കാശുമായി ചന്ദ്രൻ കള്ളു ഷാപ്പിൽ കയറുകയും ഷാപ്പിലെ ചാക്കണക്കാരി ജാനുവിന്റെ കയ്യിൽ നിന്നും കക്കയിറച്ചി വറുത്തത് വാങ്ങി തിന്നു വിശപ്പടക്കുകയും ചെയ്തു.
വിശപ്പായിരുന്നു കുട്ടിക്കാലത്തു ചന്ദ്രനെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്‍നം. വിശപ്പ് അടങ്ങിയാൽ പിന്നെ ചന്ദ്രൻ കളിക്കാൻ പോകും. പഠിക്കാനുള്ള ക്ഷമയും താല്പര്യവും ഒന്നും ചന്ദ്രന് ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും പണിക്കു പോയാൽ പിന്നെ ചന്ദ്രൻ വീട്ടിൽ തനിച്ചാണ്. പഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചന്ദ്രനെ പറഞ്ഞു മനസ്സിലാക്കാൻ വീട്ടിലും നാട്ടിലും ആരും ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ടാലും, സ്കൂൾ ഇല്ലാത്തപ്പോഴും ചന്ദ്രൻ പറമ്പുകളിൽ കളിച്ചു നടന്നു.
അക്കാലത്തു പറമ്പുകളിൽ വീടുകൾ നന്നേ കുറവായിരുന്നു. ഗ്രാമത്തിന്റെ ഏതു കോണിൽ ചെന്നാലും ഇട്ടീം കോൽ കളിക്കും മറ്റുമായി ധാരാളം തുറസ്സായ സ്ഥലം ലഭ്യമായിരുന്നു. പന്തുകളി ഒഴിച്ചുള്ള കളികൾ ഗ്രാമത്തിന് അകത്തു വച്ചും പന്ത് കളി ഗ്രാമത്തിന്റെ അതിർത്തിയിലുള്ള കുന്നിൻപുറത്ത് വച്ചുമാണ് നടക്കുക. ഗ്രാമത്തിനകത്തെ കളികൾ കഴിഞ്ഞാൽ വൈകുന്നേരത്തോടെ കളിക്കാർ എല്ലാവരും കുന്നിൻപുറത്ത് ഒത്തു കൂടും. കുന്നിൻപുറത്ത് സമനിരപ്പായ ഇടങ്ങളുണ്ട്. അവിടെ വച്ചാണ് പന്ത് കളി നടക്കുക. സന്ധ്യയോടു കൂടി പന്ത് കളി അവസാനിക്കുകയും അന്നേ ദിവസത്തെ കളികൾക്ക് പരിസമാപ്തിയാവുകയും ചെയ്യും.
കാലം മാറിപ്പോയിരിക്കുന്നു. ഗ്രാമത്തിൽ തുറസ്സായി കിടന്നിരുന്ന നിലങ്ങളൊക്കെ അതിരിട്ടു വളച്ചു കെട്ടി വീടുകൾ നിർമ്മിച്ചിരിക്കുന്നു. വിജന വിശാലമായ കുന്നിൻ പുറം പാറ പൊട്ടിച്ചും മറ്റും വികൃതമാക്കപ്പെട്ടിരിക്കുന്നു. കറുത്ത പാറക്കൂട്ടങ്ങൾ ഒന്നും ഇപ്പോൾ എവിടെയും കാണ്മാനില്ല. എങ്ങു നോക്കിയാലും ചുവന്ന നിറത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഗർത്തങ്ങളാണ്. കുഴികളിൽ എവിടെ നിന്നോ വന്ന അക്കേഷ്യ മരങ്ങൾ വളർന്നു നിൽക്കുന്നു. അണ്ടീമാവുകളൊക്കെ നശിച്ചു പോയിരിക്കുന്നു. കുന്നിൻ പുറത്തു ബാക്കി ഉണ്ടായിരുന്ന കളിസ്ഥലമാകട്ടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഭീമൻ ജല സംഭരണി നിർമ്മിച്ച് മതില് കെട്ടി മറച്ചിരിക്കുന്നു. അങ്ങോട്ടേക്ക് ആർക്കും പ്രവേശനമില്ല.
ഗ്രാമത്തിലെ പ്രമുഖ ഇട്ടീം കോൽ കളിക്കാരനായിരുന്നു ചന്ദ്രൻ. ഇട്ടീം കോൽ കളിയിൽ മാത്രമല്ല സകലമാന കളികളിലും ചന്ദ്രൻ ബഹുകേമനായിരുന്നു. ഒരു പക്ഷെ തന്നെ തോല്പിക്കാൻ ആർക്കുമാവില്ല എന്ന് സ്വയം തിരിച്ചറിഞ്ഞത് കൊണ്ടാവാം പഠിപ്പിൽ പിറകിലായിട്ടും സുഭാഷിണിക്ക് ഐ ലവ് യു എഴുതിക്കൊടുക്കാൻ ചന്ദ്രൻ ധൈര്യം കാണിച്ചിട്ടുണ്ടാവുക. മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു പ്രവൃത്തി ആയിരുന്നു അത്.
സുഭാഷിണി ഗ്രാമത്തിലെ നല്ല കുടുംബത്തിൽ പെട്ട സുന്ദരി പെൺകുട്ടി ആയിരുന്നു. ക്ലാസ്സിലെ പഠിപ്പുകാരിയും. അവളെ ആഗ്രഹിക്കുക അത്ര നിസ്സാരപ്പെട്ട കാര്യമായിരുന്നില്ല. പോരാത്തതിന് പത്ത് ഈയിലെ ക്ലാസ് ടീച്ചർ ആയ ശേഖരൻ മാഷുടെ മകൾ കൂടി ആയിരുന്നു സുഭാഷിണി.
ശേഖരൻ മാഷ് ആൾ ഒരു ഭയങ്കരനാണ് എന്ന് ചന്ദ്രന് അറിയാമായിരുന്നു. എന്നാൽ എന്തിനെയും ഏതിനെയും വെല്ലുവിളിയോടെ നേരിട്ട് വിജയം വരിച്ചിട്ടുള്ള ചന്ദ്രന് ശേഖരൻ മാഷൊന്നും ഒരു പ്രശ്നമായിരുന്നില്ല. പാഠപുസ്തകം കാണിച്ചു ശേഖരൻ മാഷ്ക്ക് ചന്ദ്രനെ ക്‌ളാസ്സിൽ തോല്പിക്കാൻ കഴിയുമായിരിക്കും. എന്നാൽ ജീവിതത്തിന്റെ പുസ്തകം കാണാപ്പാഠം പഠിച്ചവനാണ് ചന്ദ്രൻ. ജീവിതത്തിൽ ചന്ദ്രനെ തോൽപ്പിക്കാൻ ശേഖരൻ മാഷ്ക്ക് കഴിയില്ല.
ചന്ദ്രൻ സുഭാഷിണിക്ക് ഐ ലവ് യു എഴുതി കൊടുത്തു.
സുഭാഷിണിയോട് പ്രണയം പറയുന്നതിന് ചന്ദ്രന്റെ ഒപ്പം നിന്ന ആളായിരുന്നു ബാലകൃഷ്ണൻ. ബാലകൃഷ്ണൻ ചന്ദ്രന്റെ അടുത്ത് ബേക്ക് ബെഞ്ചിൽ ഇരിക്കുന്നവനും ചന്ദ്രന്റെ കൂട്ടുകാരനുമാണ്. തന്റെ കൂടെ എൻസിസിയിൽ ചേരാൻ ബാലകൃഷ്ണൻ ചന്ദ്രനെ പല തവണ ക്ഷണിച്ചിട്ടുണ്ടായിരുന്നു എങ്കിലും അച്ചടക്കം ആവശ്യമുള്ള ഒരു കാര്യത്തിലും ശ്രദ്ധയോ താല്പര്യമോ ഇല്ലാത്തതിനാൽ ചന്ദ്രൻ ബാലകൃഷ്ണന്റെ ക്ഷണം നിരസിക്കുകയാണുണ്ടായത്. താൻ തെളിക്കുന്ന വഴിയിൽ പോകാൻ ചന്ദ്രൻ തയ്യാറല്ലെങ്കിൽ ചന്ദ്രൻ പോകുന്ന വഴിയിൽ താൻ ചന്ദ്രനെ തെളിച്ചുകൊള്ളാം എന്ന് ബാലകൃഷ്ണൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് ക്ലാസ്സിന്റെ വലതു ഭാഗത്തു മുൻ ബെഞ്ചിൽ ഇരിക്കുന്ന സുഭാഷിണിയോട് പ്രണയം പറയുന്നതിന് ബാലകൃഷ്ണൻ ചന്ദ്രനെ പ്രേരിപ്പിച്ചതും പിന്തുണച്ചതും. ബാലകൃഷ്ണന്റെ പിന്തുണ കിട്ടിയപ്പോൾ ചന്ദ്രന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ചെറിയ ഒരു കഷ്ണം കടലാസ്സിൽ ചന്ദ്രൻ സുഭാഷിണിക്ക് ഐ ലവ് യു എഴുതി കൊടുത്തു.
എന്നാൽ ഇരുവരും കണക്കു കൂട്ടിയത് പോലെ ആയിരുന്നില്ല കാര്യങ്ങൾ മുന്നോട്ടു പോയത്. ചന്ദ്രൻ കൊടുത്ത കടലാസുമെടുത്തു സുഭാഷിണി പത്ത് ഈയിലേക്ക് പാഞ്ഞു. പത്ത് ഈയിൽ സുഭാഷിണിയുടെ അച്ഛൻ ശേഖരൻ മാഷായിരുന്നു ക്ലാസ് ടീച്ചർ.
തുടക്കത്തിൽ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചന്ദ്രനെ വിട്ടുപോയി. ഒപ്പം ബാലകൃഷ്ണനും. മനസ്സിൽ വിചാരിക്കുന്നത് പോലെ അല്ല പ്രയോഗത്തിൽ വന്നാലുള്ള അവസ്ഥ എന്ന് ചന്ദ്രൻ തിരിച്ചറിഞ്ഞു. കൂട്ടുകാരെ ഒരുത്തനെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നും ചന്ദ്രൻ പാഠം പഠിച്ചു.
കാര്യങ്ങൾ കൈ വിട്ടു പോയപ്പോൾ പഠിത്തം നിർത്തി നാട് വിടുകയല്ലാതെ ചന്ദ്രന്റെ മുന്നിൽ വേറെ വഴികളൊന്നുമില്ലായിരുന്നു. ചന്ദ്രൻ പഠിത്തം നിർത്തി. ശേഷം രായ്ക്ക് രാമാനം പശ്ചിമ ബംഗാളിലേക്ക് വണ്ടി കയറുകയും ചെയ്തു. പണ്ടെങ്ങോ നാട് വിട്ടു പോയ ബന്ധുവായ ഒരേട്ടൻ പശ്ചിമ ബംഗാളിൽ ഹോട്ടൽ ബിസിനസ്സ് ചെയ്യുന്നുണ്ട് എന്ന് ചന്ദ്രൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.
ദിവസങ്ങൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ചന്ദ്രൻ പശ്ചിമ ബംഗാളിൽ കാലു കുത്തി. കഷ്ടപ്പെട്ടിട്ടായാലും ബന്ധുവായ ഏട്ടനെ കണ്ടു പിടിച്ചു. ഏട്ടന്റെ ഹോട്ടലിൽ ചന്ദ്രൻ ജോലിക്കു കയറുകയും ചെയ്തു. ജോലി ഹോട്ടലിൽ ആയതിനാൽ വിശപ്പിനെക്കുറിച്ചൊന്നും ചന്ദ്രന് ആലോചിച്ചു വിഷമിക്കേണ്ടി വന്നില്ല.
ജീവിതം ചന്ദ്രന്റെ കൂടെ ആയിരുന്നു.
അധികം വൈകാതെ, വെല്ലു വിളികളെ അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകുവാനുള്ള തന്റെ ജന്മ സിദ്ധമായ കഴിവിന്റെ ബലത്തിൽ ചന്ദ്രൻ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങി. ഹോട്ടൽ ബിസിനസ്സ് വൻ വിജയമായി. പത്താം തരത്തിൽ പാതി വഴിക്കു പഠിത്തം നിർത്തി കേരളം വിട്ട ചന്ദ്രൻ പശ്ചിമ ബംഗാളിൽ ഹോട്ടൽ മുതലാളിയായി. അപ്പോഴേക്കും ചന്ദ്രൻ അരോഗ ദൃഢഗാത്രനായ ചെറുപ്പക്കാരനായി വളർന്നു കഴിഞ്ഞിരുന്നു. അത് കൊണ്ട് നല്ല ഒരു ബംഗാളി പെണ്ണിനെ കണ്ടെത്താനും വിവാഹം കഴിക്കാനും ചന്ദ്രന് പ്രയാസമൊന്നുമുണ്ടായില്ല. എല്ലാറ്റിനും പശ്ചിമ ബംഗാളിലെ ഏട്ടൻ ചന്ദ്രന്റെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ ഭാര്യയും കുട്ടികളും കുടുംബവുമായി സന്തോഷത്തോടെ പശ്ചിമ ബംഗാളിൽ കഴിഞ്ഞുവരവെ ആയിരുന്നു കേരളത്തിൽ നിന്നും ബാലകൃഷ്ണന്റെ വിളി വന്നതും ചന്ദ്രൻ കേരളത്തിലേക്ക് വണ്ടി കയറിയതും.
പഴയ കൂട്ടുകാരും നാട്ടുകാരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ചന്ദ്രനെ തിരിച്ചറിഞ്ഞു. ചിലർ മദ്യത്തിന്റെ വെളിച്ചത്തിൽ. മറ്റു ചിലർ ധനസഹായതിന്റെ തിളക്കത്തിൽ. ചന്ദ്രന്റെ വായിൽ നിന്നും അടർന്നു വീണ ഹിന്ദി പദങ്ങൾ അവരെ അത്ഭുതപ്പെടുത്തി. ചന്ദ്രൻ ഒരു നിസ്സാരക്കാരൻ അല്ല എന്ന് അവർക്കു മനസ്സിലായി. ചന്ദ്രൻ പണക്കാരനാണെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ചന്ദ്രനെ ബഹുമാനിച്ചു.
സുഭാഷിണിയെക്കുറിച്ച് അന്വേഷിച്ചറിയേണ്ടത് അതീവ രഹസ്യമായി ചെയ്യേണ്ട കാര്യമാണ് എന്ന് ചന്ദ്രന് തോന്നി. അവൾ കാരണമാണ് നാട് വിട്ടത്. സംഭവിക്കാനുള്ളത് സംഭവിച്ചു. സാരമില്ല. ഇനി അവൾ കാരണമാണ് തിരിച്ചു വന്നത് എന്ന് പറയിപ്പിക്കാതിരുന്നാൽ മാത്രം മതി.
'സുഭാഷിണിയുമായി സംസാരിക്കാൻ ഞാൻ അവസരം ഒരുക്കിത്തരാം'.
മദ്യം സാക്ഷിയായി ബാലകൃഷ്ണൻ ചന്ദ്രന് ഉറപ്പു കൊടുത്തു.
താൻ കൂടി പിരി കയറ്റിയിട്ടാണ് ചന്ദ്രൻ സുഭാഷിണിക്ക് പ്രണയ ലേഖനം കൊടുത്തത് എന്ന് ബാലകൃഷ്ണൻ പശ്ചാത്തപിച്ചു. പ്രണയത്തിന്റെ പേരിലാണ് ചന്ദ്രൻ പഠിത്തം നിർത്തി നാട് വിട്ടത്. ബാലകൃഷ്ണൻ ചന്ദ്രനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ചന്ദ്രൻ കൂടിയ വിലക്കുള്ള മദ്യം കൂടുതൽ വാങ്ങിക്കൊടുത്ത് ബാലകൃഷ്ണനെ സമാധാനിപ്പിച്ചു.
സുഭാഷിണിയെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ നഷ്ടബോധം കൊണ്ട് ചന്ദ്രന്റെ മനസ്സ് പിടഞ്ഞു. സുഭാഷിണി തന്നെയും തന്റെ പ്രണയത്തെയും തിരിച്ചറിയണം എന്ന് ചന്ദ്രൻ ആഗ്രഹിച്ചു. ആഗ്രഹപൂർത്തീകരണം സംഭവിക്കാതെ മരിച്ചു പോയാൽ മോക്ഷം കിട്ടില്ല എന്ന് ചന്ദ്രൻ വായിച്ചു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. മോക്ഷം കിട്ടിയിട്ടില്ലെങ്കിൽ വീണ്ടും മനുഷ്യനായി പിറക്കണം. വീണ്ടും സ്കൂളിൽ പോകണം. പഠിക്കാൻ ഇഷ്ടമല്ലാത്ത വിഷയങ്ങൾ വീണ്ടും പഠിക്കണം. കണക്ക് മാഷുടെ തല്ലു കൊള്ളണം. പുനർജ്ജന്മം കൊണ്ടുള്ള പൊല്ലാപ്പുകൾ നിരവധിയാണ് എന്ന് ചന്ദ്രൻ തിരിച്ചറിഞ്ഞു. റിസ്ക് എടുക്കുന്നതാണ് നല്ലത്. സുഭാഷിണിയെ കാണുക തന്നെ വേണം. സംസാരിക്കുകയും വേണം. ചന്ദ്രൻ തീരുമാനിച്ചു.
ജീവിതത്തിൽ താൻ ഇതുവരെ കൈവരിച്ച നേട്ടങ്ങളെല്ലാം സുഭാഷിണിയുടെ മുന്നിൽ നിഷ്പ്രഭമാണ് എന്ന് ചന്ദ്രന് തോന്നി. ഭാര്യയും മക്കളും ചന്ദ്രന്റെ മനസ്സിൽ നിന്നും പാടേ വിട്ടുപോയിക്കഴിഞ്ഞിരുന്നു. സുഭാഷിണി മാത്രമാണ് ഇപ്പോൾ ചന്ദ്രന്റെ മനസ്സിൽ ബാക്കി നിൽക്കുന്നത്. സദാചാര വിചാരങ്ങൾക്കും ചന്ദ്രന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല. സ്വന്തം ഭാര്യയും മക്കളും പോയിട്ട് സുഭാഷിണിയുടെ ഭർത്താവും മക്കളും ഒന്നും ചന്ദ്രന്റെ മനസ്സിൽ കടന്നുവന്നതേയില്ല. സുഭാഷിണിയെ കാണണമെന്നും സംസാരിക്കണമെന്നും മാത്രമായിരുന്നു ചന്ദ്രന്റെ മനസ്സിലെ ചിന്ത. ആദ്യത്തെ പ്രണയാനുഭവത്തിന്റെ മുന്നിൽ പതറിപ്പോയത് കൊണ്ടാണോ അച്ഛന്റെ അടുത്തേക്ക് ഓടിപ്പോയത് എന്ന് സുഭാഷിണിയോട് ചോദിക്കണമെന്ന് ചന്ദ്രൻ തീരുമാനിച്ചു. വളർച്ചയുടെ നിർണ്ണായക ഘട്ടത്തിൽ താൻ പോലും അറിയാതെ തന്റെ മനസ്സിൽ പൊട്ടി മുളച്ച വികാരമായിരുന്നു തന്റെ പ്രണയം എന്ന് സുഭാഷിണി തിരിച്ചറിയും എന്ന് ചന്ദ്രൻ പ്രതീക്ഷിച്ചു.
സ്വസ്ഥനായി പശ്ചിമ ബംഗാളിൽ കഴിഞ്ഞിരുന്ന ചന്ദ്രൻ അസ്വസ്ഥനായി കേരളത്തിൽ ദിവസങ്ങൾ തള്ളി നീക്കി. പ്രണയം സകലതിനെയും നിഷ്പ്രഭമാക്കുന്ന മധുര വികാരമാണെന്നു ചന്ദ്രൻ തിരിച്ചറിഞ്ഞു. എന്തായാലും സുഭാഷിണിയുമായി സംസാരിക്കാൻ അവസരം ഒരുക്കിത്തരാം എന്നാണ് ബാലകൃഷ്ണൻ പറഞ്ഞിട്ടുള്ളത്.
ഇപ്രകാരം പലവിധത്തിലുള്ള പ്രണയ വിചാരങ്ങളുമായി പിറന്ന മണ്ണിൽ കാലു കുത്തി പ്രമുഖനായി കഴിഞ്ഞു വരവെയായിരുന്നു ചന്ദ്രന്റെ ജീവിതത്തെ വീണ്ടും മാറ്റി മറിച്ച മറ്റൊരു സംഭവം ഗ്രാമത്തിൽ അരങ്ങേറിയത്. ചന്ദ്രന്റെ അയൽപക്കത്ത് കല്യാണം നടക്കുകയായിരുന്നു. വീട് നിറയെ പെണ്ണുങ്ങളും, ആൾത്തിരക്കും, ബഹളവും മാത്രം. കല്യാണ വീട്ടിൽ പ്രമുഖനായി ചന്ദ്രൻ വിലസി നടന്നു.
ഇതിനിടയിൽ എപ്പഴോ ആണ് ചന്ദ്രന്റെ അകന്ന ബന്ധുവായ ലീല ആൾകൂട്ടത്തിൽ നിന്നും ചന്ദ്രനെ തിരിച്ചറിഞ്ഞത്. ലീല കല്യാണം കഴിഞ്ഞു അക്കരെയുള്ള ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. കല്യാണത്തിന് ക്ഷണിച്ചിട്ട് ഗ്രാമത്തിലേക്ക് തിരിച്ചു വന്നതായിരുന്നു ലീല. ലീല ചന്ദ്രനെ കണ്ടു തിരിച്ചറിയുകയും സന്തോഷത്തോടെ ഓടി അടുത്തെത്തി ലോഹ്യം പറയുകയും ചെയ്തു.
'ചക്കച്ചന്ദ്രനല്ലേ'?
എല്ലാവരും അത് കേട്ടു. അകത്തു ഉരുണ്ടു കൂടിയ ദുർവിചാരങ്ങളെല്ലാം ഉറക്കെ പുറത്തു പോയത് പോലെ ചന്ദ്രനു തോന്നി. വിവാഹ വീട് നിശ്ചലമായി. പെണ്ണുങ്ങൾ ചന്ദ്രനെ തുറിച്ചു നോക്കി. ചന്ദ്രൻ വിളറി വെളുത്തു. പിന്നെ ആലോചിക്കാൻ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. ആഗ്രഹങ്ങളെ പൂട്ടിക്കെട്ടി വന്ന വണ്ടിക്കു തന്നെ ചന്ദ്രൻ പശ്ചിമ ബംഗാളിലേക്ക് വീണ്ടും നാടു വിട്ടു. '