21/07/2024
*അഞ്ചു പതിറ്റാണ്ട്*
വമ്പനാം അൻപതിൻ മുമ്പനായ്, നാൽപതും പിമ്പെ ഒരൊമ്പതും!
തലവര കോറിയ പൊരുളറിയാതെ, ഭദ്രമാം നാളെയെ കനവ് കണ്ടൂ;
പഠിച്ചതെല്ലാം ചരിത്രങ്ങൾ,പക്ഷേ പഠിപ്പിച്ചതെൻ ഭാഷ പിന്നെ വേദ ധർമ്മങ്ങളും!
പാചകപാഠം തുച്ഛമായി,വാചക മേളമായ് അധ്യാപനം!
' കട' ബാധ്യതകൾ ഓർത്ത് പോകും പക്ഷേ കടബാധ്യതകൾ തെല്ലും ഇല്ല.
കടമകൾക്കേതുമേ കടം പറഞ്ഞില്ല, കടപ്പാടുകൾ എല്ലാം അടുക്കി വെച്ചു!
കിടമത്സരം അതാരോടുമില്ല, കണക്ക് പറഞ്ഞില്ല കൊടുത്ത കടത്തിനും!
കാടു കയറി ചിന്തിക്കും എങ്കിലും കടുകട്ടി നിലപാടുകൾ അതേതുമില്ല .
പൊരിഞ്ഞ വെയിലിൽ നടു ഒടിഞ്ഞില്ല ; എരിഞ്ഞ ദിനങ്ങൾ കരഞ്ഞു തീർന്നു
കേണ് വരുന്നോന് താങ്ങ് നിന്നു, ഏണി ആയോർക്ക് മുന്നിൽ താണ് നിന്നു
അസൂയ കുശുമ്പ് ഞാനെന്ന ഭാവം, തിങ്ങുന്ന മാലിന്യ ജീർണ്ണ ലോകം!
ഈ ലോകം അറിഞ്ഞു ഞാൻ ജീവിച്ചു തീർത്തു, ഈ അഞ്ചു പതിറ്റാണ്ട് തല ഉയർത്തി!
പോണപോക്കിലിത് നേട്ടമാകീടുകിൽ,തേട്ടം അതെന്നപോൽ ജഗദീശ്വരാ....!
*കൊമളാച്ചി*