21/03/2023
കെ കെ രമയ്ക്ക് എതിരേ നിരന്തരമായ ആക്ഷേപങ്ങളും ആക്രമണങ്ങളുമുണ്ടാകുന്നത് എന്തുകൊണ്ടാവും? കഴിഞ്ഞ പത്തു വര്‍ഷമായി പൊതുവേദികളിലും സൈബറിടങ്ങളിലും ഇപ്പോള്‍ നിയമസഭയില്‍ പോലും അവര്‍ അപമാനിക്കപ്പെടുന്നു. ആസ്ഥാന വിധവയെന്നും ടി പി ചന്ദ്രശേഖരന്റെ ചോര/ ശവം വിറ്റു ജീവിക്കുന്നവളെന്നും ഒക്കെയുള്ളത് അവര്‍ക്കെതിരേ ഉപയോഗിക്കുന്ന ഏറ്റവും മൃദുവായ പദങ്ങള്‍ മാത്രമാണ്. ജീവിത പങ്കാളിയുടെ ശരീരം കൊത്തിയരിയപ്പെട്ട ഭീകര ദൃശ്യത്തിന് സാക്ഷിയാകേണ്ടിവന്ന ഒരുവള്‍, ഈ വിധം മോബ് ലിഞ്ചിങിനും വെര്‍ബല്‍ റേപ്പിനും വിധേയമാക്കപ്പെട്ട് മറ്റെവിടെയെങ്കിലുമുണ്ടാവുമോ?
കേരളത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേത്. 2012 മെയ് 4ന് ശേഷം ഇപ്പോഴും അത് സൃഷ്ടിച്ച അലകള്‍ അടങ്ങിയിട്ടില്ല. പശ്ചിമ ബംഗാളില്‍ നന്ദിഗ്രാമില്‍ നടത്തിയ കൂട്ടക്കൊല പോലെ സിപിഎമ്മിന്റെ ചരിത്രത്തിലുടനീളം ടി പി ചന്ദ്രശേഖരന്റെ രക്തം അവരെ പിന്തുടരുക തന്നെ ചെയ്യും. ചന്ദ്രശേഖരനെ അവസാനിപ്പിച്ചതുകൊണ്ട് സിപിഎം ആഗ്രഹിച്ച ഫലമല്ല ഉണ്ടായത്. ചന്ദ്രശേഖരന്‍ വീണിടത്തു നിന്ന് പതാക ഏറ്റെടുത്ത കെ കെ രമ സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ തകിടംമറിച്ചു കളഞ്ഞു. അതോടെയാണ് സിപിഎം കെ കെ രമയ്‌ക്കെതിരേ സംഘടിതാക്രമണങ്ങള്‍ കെട്ടഴിച്ചുവിട്ടത്. 'ഒരു വിധവ ഇങ്ങനെയാണോ പെരുമാറേണ്ടത്?' എന്ന ചോദ്യമാണ് തുടക്കം മുതല്‍ അവര്‍ക്കെതിരേ സിപിഎം ഉയര്‍ത്തിയത്. കെ കെ രമയ്‌ക്കെതിരേ ആക്ഷേപമുന്നയിക്കുമ്പോഴൊക്കെ സമനില തെറ്റിയ പോലെയാണ് സിപിഎം പെരുമാറിയിട്ടുള്ളത്. അപ്പോഴൊക്കെ അതിയാഥാസ്ഥിതികവും സ്ത്രീവിരുദ്ധവും അരാഷ്ട്രീയവും ജനാധിപത്യമര്യാദയ്ക്ക് നിരക്കാത്തതുമായ പദാവലികളെയാണ് അവര്‍ ആശ്രയിച്ചത്.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് സിപിഎം വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെയും നിരവധി കൊലപാതക പരമ്പരകള്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നെങ്കിലും 'ഒരു കൊലയാളി പാര്‍ട്ടി' എന്ന മുദ്ര, മായ്ക്കാന്‍കഴിയാത്ത വിധം സിപിഎമ്മില്‍ പതിഞ്ഞത് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്. ഇത്രയും മാരകമായ ക്ഷതം നേരിടേണ്ടി വരുമെന്ന് അവര്‍ കരുതിയതല്ല. അതിനിടവരുത്തിയത് ചന്ദ്രശേഖരന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ വെച്ച് ചന്ദ്രശേഖരന്റ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകുമെന്ന കെ കെ രമയെടുത്ത പ്രതിജ്ഞകൂടിയാണ്. ചന്ദ്രശേഖരനു ശേഷം അദ്ദേഹമുയർത്തിയ രാഷ്ട്രീയം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിക്കുകയും ആർ എം പി ഐ എന്ന പേരിൽ നിരവധി സംസ്ഥാനങ്ങളിൽ ഘടകങ്ങൾ രൂപം കൊള്ളുകയും ചെയ്തു.
ടി പി ചന്ദ്രശേഖരന്റെ വഴി പിന്തുടരുമെന്ന കെ കെ രമയുടെ നിശ്ചയം കേരളം സ്വീകരിക്കുകയാണ് ചെയ്തത്. രക്തസാക്ഷിയുടെ ചോരയില്‍ നിന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ നേതൃത്വമാണ് കെ കെ രമ. അതിനര്‍ത്ഥം വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനമടക്കമുള്ള അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അപ്രസക്തമാണെന്നല്ല. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുശേഷം പുതിയ രാഷ്ട്രീയത്തിന്റെ നേതൃരൂപമായി കേരളീയ സമൂഹം കെ കെ രമയെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരും മര്‍ദ്ദിതരും കീഴാളരുമായ മനുഷ്യരുടെയും തകര്‍ക്കപ്പെടുന്ന പ്രകൃതിയുടെയും പക്ഷത്തുനിന്നാണെന്ന് കാണാം. ആദിവാസികളുടെയും ദലിതരുടെയും തീരദേശ ജനതയുടെയും ഭൂമിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്‌നമുയര്‍ത്തി നടക്കുന്ന സമരനിലങ്ങളില്‍ അവരുവരുണ്ടാകാറുണ്ട്. കേരളത്തിന്റെ പുരോഗമന നാട്യങ്ങളുടെയൊക്കെ മുഖംമൂടി പിച്ചിചീന്തി നിരന്തരമാവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ അതിജീവിതകള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ രമയുണ്ട്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ അതിജീവന ചെറുത്തുനില്‍പ്പുകളില്‍ കരുത്തും ആവേശവുമായി അവരുണ്ടായിരുന്നു. കോര്‍പറേറ്റ് വികസനത്തിന്റെ ബുള്‍ഡോസറുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന മനുഷ്യരുടെ നെടുവീര്‍പ്പുകളില്‍ പ്രതീക്ഷാകിരണമായി കെ കെ രമയുണ്ട്. ലാഭ ചിന്തയാല്‍ ദുരമൂത്ത മാഫിയകള്‍ മണ്ണും കരിമണലും പാറയും വെള്ളവും കാടും കടലും കവര്‍ന്നെടുക്കുമ്പോള്‍ അരുതെന്ന് പറയാന്‍ അവരെത്താറുണ്ട്. മനുഷ്യാവകാശങ്ങളെ നിര്‍ദ്ദയം കൊലചെയ്യുന്ന ഭരണകൂടഭീകരതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ മുന്നണിയില്‍ തന്നെ കെ കെ രമയുണ്ട്. ഇങ്ങനെ ജനാധിപത്യ രാഷട്രീയത്തിന്റെ പ്രതിരോധനിലങ്ങളില്‍ കെ കെ രമയുടെ സാന്നിധ്യം അവരുടെ എതിരാളികളെ നിരന്തരം അസ്വസ്ഥരാക്കുകയാണ്.
സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അവര്‍ക്കെതിരേ നുണയില്‍ ചാലിച്ച ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. നിയമസഭയിൽ വെച്ചാണ് സ്ത്രീവിരുദ്ധതയുടെ നികൃഷ്ട മനോഘടനയുള്ള എം എം മണിയുടെ ജല്‍പ്പനമുണ്ടായത്. അവസാനമിപ്പോൾ CPMന്റെ പുതുമുഖ നേതൃത്വത്തിന്റെ നിലവാരം എന്തെന്ന് വെളിപ്പെടുത്തി സച്ചിൻ ദേവ് തന്റെ നെറികെട്ട സംസ്കാര ശൂന്യത സോഷ്യൽ മീഡിയയിൽ പ്രകടമാക്കിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജമായി നിര്‍മിക്കപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളില്‍നിന്ന് സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത ആരോപണങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. കൈരളി ടി വി വ്യാജമായി ശബ്ദരേഖയുണ്ടാക്കി അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. തെരുവ്കൂത്താടികള്‍ ചുവന്ന കൊടിയുടെ തണലില്‍ സ്ത്രീ വേഷം കെട്ടി ആഭാസന നൃത്തം ചെയ്തു. ഇതൊക്കെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ തന്നെ ആയിരുന്നുവെന്നതിന്റെ തെളിവായിരുന്നു എം എം മണിയുടെ മലിന മനസ്സില്‍ നിന്നുണ്ടായ നെറികെട്ട ആക്ഷേപങ്ങളെ പിന്തുണച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകളും ഇപ്പോൾ സച്ചിൻ ദേവിന് നൽകുന്ന പിന്തുണയും!!
ഇത്തരം ആക്ഷേപങ്ങളൊന്നും അവരെ തളര്‍ത്തിയില്ലെന്നു മാത്രമല്ല, അതുന്നയിച്ചവരുടെ യഥാര്‍ത്ഥ മുഖം വെളിവാക്കപ്പെടുക കൂടി ചെയ്തു. സിപിഎം പ്രതിനിധാനം ചെയ്യുന്ന വിഭാഗം ഇടതുപക്ഷമെന്നും പുരോഗമന രാഷ്ട്രീയമെന്നും സ്വയം അവകാശപ്പെടാറുണ്ടെങ്കിലും കേരളത്തിലെ നവവലതുപക്ഷമാണ് അവരെന്ന് നിരന്തരമായി തെളിയിക്കപ്പെടുകയാണ്. സംഘപരിവാര്‍ നയിക്കുന്ന നരേന്ദ്ര മോദിയുടെ തീവ്രവലതുപക്ഷ ഭരണകൂടത്തിന്റെ എല്ലാ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നയങ്ങളും വീണ്ടുവിചാരമൊന്നുമില്ലാതെ നടപ്പാക്കുകയാണ് സിപിഎം നയിക്കുന്ന പിണറായി വിജയന്‍ സര്‍ക്കര്‍. മാവോവാദികളെന്ന പേരില്‍ ഒമ്പത് മനുഷ്യരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്തത്. യുഎപിഎ ചുമത്തുന്നതില്‍ തികഞ്ഞ സംഘപരിവാര്‍ ഭക്തി പ്രകടിപ്പിക്കുന്നു. ജനകീയസമരങ്ങളെയും ജനാധിപത്യ പ്രതിഷേധങ്ങളെയും നേരിടുന്നതില്‍ ഫാസിസ്റ്റ് രീതികള്‍തന്നെയാണ് പിന്തുടരുന്നത്. സംവരണ കാര്യത്തില്‍ സവര്‍ണ താല്‍പ്പര്യങ്ങളാണ് വിജയന്‍ സര്‍ക്കാറിനെ നയിക്കുന്നത്. ജിഎസ്ടി, ആധാര്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിശബ്ദ അനുയായിതന്നെയെന്ന് തെളിയിച്ചിട്ടുണ്ട്. കെ റെയിലും അദാനി പോർട്ടും പോലെയുള്ള കോര്‍പറേറ്റ് വികസന മാതൃകകള്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും നാം കണ്ടതാണ്.
ഇങ്ങനെ പ്രകടമായിതന്നെ ഇടതുപക്ഷമെന്ന് അവകാശപ്പെടുകയും വലതുപക്ഷ പ്രയോഗങ്ങള്‍ നിര്‍വഹിക്കുകയുമാണ് ഇന്ന് സിപിഎം. അതുകൊണ്ട് പരമ്പരാഗതമായ അര്‍ത്ഥത്തില്‍ ഇടത്/ വലത് വിഭജനം മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. വിമോചന സമരത്തിലൂടെ ദൃഢീകകരിക്കപ്പെട്ട വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ പ്രതിനിധികള്‍ 'ഇടതുപക്ഷ'മെന്ന് അവകാശപ്പെടുന്നവരാണ് എന്നത് ഒരേ സമയം കൗതുകകരവും വേദനാജനകവുമാണ്.
ഈ സന്ദര്‍ഭത്തിലാണ് നിയമസഭാപ്രവര്‍ത്തനങ്ങളിലെ കമ്മ്യൂണിസ്റ്റ് മാതൃക എങ്ങനെയാകണമെന്ന് കെ കെ രമ നിരന്തരമായി തെളിയിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭയിലെ അവരുടെ ആദ്യത്തെ പ്രസംഗം തന്നെ, മറ്റ് നിരവധി കാര്യങ്ങള്‍ക്കൊപ്പം, സില്‍വര്‍ ലൈന്‍ എന്ന കോര്‍പറേറ്റ് വികസന മാതൃകയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് ദലിത്, ആദിവാസി വിഭാഗക്കളുടെ ഭൂമി, പൗരാവകാശം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ പ്രശ്‌നങ്ങള്‍ നിരന്തരം സഭയിലുന്നയിക്കുന്നുണ്ട്. അട്ടപ്പാടിയില്‍, ദേശീയ ചലച്ചിത്രഗാന പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ അടക്കമുള്ളവരുടെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ സമഗ്രാന്വേഷണത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏകാന്ത ധീരമായ ഇടപെടലാണ് അവര്‍ നടത്തിയത്. വികസനത്തിന്റെ പുറമ്പോക്കുകളിലാണ് മത്സ്യത്തൊഴിലാളി സമൂഹം കേരളത്തിലെന്ന്, കഴിഞ്ഞ നാലു വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയാര്‍ത്ഥികളായി കഴിയുന്ന ജനതയെ മുന്‍നിര്‍ത്തി അവരുന്നയിച്ച കാര്യം നിശ്ശബ്ദമായാണ് സാമാജികര്‍ കേട്ടത്.
'സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ' എന്ന് മുഖ്യമന്ത്രിയുടെ സ്വേച്ഛാധികാര നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്ന പ്രസ്താവന കേരളത്തിന്റെ പൗരാവകാശ പ്രഖ്യാപനമാണ്. കേരളത്തിലെ ജനകീയസമരങ്ങളുടെ രാഷ്ട്രീയം ഏറെയും നിയമസഭയില്‍ കെ കെ രമയിലൂടെയാണ് ഇന്ന് കേള്‍ക്കുന്നത്. സ്ത്രീകളുടെ ഗാര്‍ഹിക അടിമത്തത്തെ സ്ഥാപനവല്‍ക്കരിക്കാനും നിയമസാധുതയുണ്ടാക്കാനും അവസരമൊരുക്കുന്ന സ്വകാര്യ ബില്ല് ഒരു പ്രതിപക്ഷാംഗം അവതരിപ്പിക്കാന്‍ മുതിര്‍ന്നപ്പോള്‍ രമ നടത്തിയ ഇടപെടല്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പുരുഷാധികാര രാഷ്ട്രീയത്തോടും സ്ത്രീവിരുദ്ധ നിലപാടുകളോടും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ താന്‍ ഇടപെടുന്ന മണ്ഡലങ്ങളിലൊക്കെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പതാക നാട്ടാനുള്ള ശ്രമമാണ് കെ കെ രമ നിര്‍വഹിക്കുന്നത്.
കേരളത്തിലിന്ന് പുരോഗമന/ ഇടതുപക്ഷ രാഷ്ട്രീയം മുഖ്യധാരയ്ക്ക് പുറത്താണ് നിലനില്‍ക്കുന്നത്. ആദിവാസികള്‍, ദലിതര്‍, മത്സ്യത്തൊഴിലാളി സമൂഹം, തോട്ടം തൊഴിലാളികൾ, അസംഘടിതമേഖല തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളും പ്രകൃതിക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമൊക്കെച്ചേര്‍ന്ന് അത്രയൊന്നും സംഘടിതമല്ലാത്ത മുന്നേറ്റങ്ങളാണ് ഇടതുപക്ഷ/ പുരോഗമന ധാരയെ ഇവിടെ മുന്നോട്ടു നയിക്കുന്നത്. നവോത്ഥാന പരിശ്രമങ്ങളും അതിനെ തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിലൂടെയും കര്‍ഷക തൊഴിലാളി മുന്നേറ്റങ്ങളിലൂടെയും വികസിച്ചുവന്ന രാഷ്ട്രീയത്തിലെ പുരോഗമനധാരയുടെ തുടര്‍ച്ചയും വിച്ഛേദവുമാണ് ഇപ്പോഴത്തെ കീഴാള/ പുരോഗമന രാഷ്ട്രീയം. പഴയ പുരോഗമന രാഷ്ട്രീയത്തിലെ ചില അപര്യാപ്തതകളെ അത് തിരിച്ചറിയുന്നുണ്ട്. അധികാര രാഷ്ട്രീയവുമായുള്ള ദീര്‍ഘകാലമായ ബന്ധം അതിനുണ്ടാക്കിയ ആന്തരികമായ ജീര്‍ണത ഇന്ന് മൂടിവെക്കാന്‍ കഴിയാത്ത വിധം വെളിവാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ആ ജീർണതകളെ നിരസിക്കുകയും, എന്നാല്‍ ചരിത്രത്തിലെ മനുഷ്യ മുന്നേറ്റത്തിന്റെ ഉജ്ജ്വല പാരമ്പര്യം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പുതിയ ഇടതുപക്ഷ രാഷ്ട്രീയമായി അത് അടയാളപ്പെടുന്നു. ഈ പുതിയ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് കെ കെ രമ.
ഈ പുതിയ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായ കെ കെ രമയെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നതു കൊണ്ടുതന്നെ നവയാഥാസ്ഥിതികമായ ഒരു ഉള്ളടക്കം സ്വാഭാവികമായും സിപിഎമ്മിന് കൈവരും. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് ഉള്ളടക്കമുള്ള ഭരണകൂടത്തിന്റെ നയങ്ങള്‍ പിന്‍തുടരാന്‍ പല കാരണങ്ങള്‍ കൊണ്ടും നിര്‍ബന്ധിതരാകുന്നതോടൊപ്പം കേരളത്തില്‍ വികസിച്ചുവരുന്ന പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കേണ്ടി വരുന്നതുകൊണ്ടും സിപിഎം ഇടതുപക്ഷവിരുദ്ധമായ ഒരു രാഷ്ട്രീയമാണ് പിന്‍പറ്റുന്നത്. അതായത് പഴയ വിമോചന സമര രാഷ്ട്രീയത്തിന്റെ വികസിച്ച രൂപമാണ് ഇന്ന് കേരളത്തിൽ സി പി എം പിൻതുടരുന്നത്. സിപിഎമ്മിന്റെ വര്‍ഗ ഉള്ളടക്കത്തില്‍ വന്ന മാറ്റം ഇതിനെ അനിവാര്യമാക്കുന്നു. നവ ലിബറൽ - കോർപ്പറേറ്റ് വികസന പദ്ധതികളുടെ നടത്തിപ്പുകാരായി ഉപരി - മധ്യ വർഗ്ഗത്തിൻ്റെ പിന്തുണ ഉറപ്പിക്കുന്ന വിധം ആന്തരികമായ ഒരു പൊളിച്ചെഴുത്തിന് സി പി എം വിധേയമായിട്ടുണ്ട്. പുരോഗമന നാട്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ അതിയാഥാസ്ഥിതികതയും ജീർണതയും നുരയ്ക്കുന്ന മനോഘടനയാണ് ഈ പുതിയ മധ്യവർഗത്തിൻ്റെ സ്വഭാവം. സി പി എം പ്രകടിപ്പിക്കുന്ന പ്രത്യയശാസ്ത്ര നിരാസത്തിൽ വർഗഉള്ളടക്കത്തിൽ വന്ന ഈ മാറ്റം ദൃശ്യമാണ്.
അതായത്, കെ കെ രമയ്‌ക്കെതിരേ സിപിഎം കെട്ടഴിച്ചുവിട്ടിരിക്കുന്ന ആക്ഷേപങ്ങളും ആക്രമണങ്ങളും പുരോഗമനപരമായ നവ മുന്നേറ്റങ്ങളോട് യാഥാസ്ഥിതിക പക്ഷത്തിന്റെ അസഹിഷ്ണുതയും വെറിയുമാണ്.
കെ കെ രമ വിമര്‍ശനത്തിന് അതീതയാണെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ വിമര്‍ശനവും വ്യക്തിഹത്യയും ഒന്നല്ല. ജനാധിപത്യത്തെ പിന്‍പറ്റാത്ത ഒരു കൂട്ടത്തിനും വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യമല്ല. നിന്ദയും സ്തുതിയുമാണ് അതിന് പരിചിതം. പിണറായി വിജയനെ സ്തുതിക്കുകയും കെ കെ രമയെ നിന്ദിക്കുകയും ചെയ്യുക എന്നത് അതിന്റെ ആചാരക്രമമാണ്. ആ ആചാരക്രമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇവിടെ വികസിച്ചു വരുന്ന പുതിയ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിയില്ല.
സ്‌നേഹവും കാരുണ്യവും അന്തര്‍ധാരയായി വര്‍ത്തിക്കുന്നതാണ് ഇവിടെ വളർന്നു വരുന്ന പുതിയ രാഷ്ട്രീയം. അതുകൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ നിലപാടെടുക്കാന്‍ കഴിയുന്നത്. ജനാധിപത്യത്തെ ആന്തരികവൽക്കരിക്കാതെ ഒരു മുന്നേറ്റവും സാധ്യമാകില്ല. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് അതിന്റെ അടയാളം. പുതിയ കാലത്തെ വര്‍ഗരാഷ്ട്രീയമാണ് അത് കൈകാര്യം ചെയ്യുന്നത്. സാമൂഹ്യഘടനയിലും ബോധത്തിലും ഉൾച്ചേർന്ന സവർണതയോടും കീഴാളവിരുദ്ധതയോടും സ്ത്രീവിരുദ്ധ - പുരുഷാധികാര ചിന്തയോടുമൊക്കെ കണക്കുതീർക്കുന്ന, പാരിസ്ഥിതിക വിവേകം ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയം. ഇനിയും മുഖ്യധാരയിലിടം നേടിയിട്ടില്ലാത്ത ഈ പ്രതിരോധാത്മക രാഷ്ട്രീയത്തിന്റെ മുഖ്യധാരാ നേതൃത്വമാണ് കെ കെ രമ. അവരെ ആക്ഷേപിക്കുന്നവർ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിൽ സ്വയം ഇടം കണ്ടെത്തുന്ന കാലഹരണപ്പെട്ട രാഷ്ട്രീയത്തിൻ്റെ ഈ കാലത്തെ നടത്തിപ്പുകാർ മാത്രം.
കെ.പി. പ്രകാശൻ