31/10/2025
പരിശോധനാമേശയില്‍ കിടത്തിയപ്പോള്‍ കുഞ്ഞ് സനോമിയയില്‍ ഒരു ചലനവുമുണ്ടായിരുന്നില്ല. രാവിലെമുതല്‍ കുഞ്ഞ് അല്പം തളര്‍ന്ന നിലയിലായിരുന്നതിനാല്‍ അമ്മ സൗമ്യ അതിനെ വലിയ പ്രശ്നമായി കരുതിയിരുന്നില്ല. കുഞ്ഞ് ഉറങ്ങുകയാണ് എന്നായിരുന്നു അമ്മയുടെ ധാരണ. പക്ഷേ ആശുപത്രിയിലെത്തി ഡോക്ടര്‍ മുജീബ് റഹ്‌മാന്‍ കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. ഹൃദയമിടിപ്പ് ഇല്ല, ശ്വാസം ഇല്ല. ആ കുഞ്ഞ് മരിച്ചിരുന്നു. ഇത് ഡോക്ടര്‍ പറയുമ്ബോള്‍ സൗമ്യയ്ക്ക് ആ വാക്കുകള്‍ കേള്‍ക്കാനായില്ല. അവള്‍ക്ക് എല്ലാം നഷ്ടമാകുന്നത്‌പോലെ തോന്നി. ഡോക്ടര്‍ ഇക്കാര്യം പറയുമ്ബോള്‍ സൗമ്യ ആ ആശുപത്രി മുറിയില്‍ നിലവിളിച്ചുകൊണ്ട് തളര്‍ന്നുവീണു. കുഞ്ഞിനെ ഒരിക്കല്‍ കൂടി വിളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ എല്ലാം അപ്പോഴേക്കും വൈകിയിരുന്നു. ആശുപത്രി മുറിയിലെ നിശ്ശബ്ദത ആ കുടുംബത്തിന്റെ ദുരന്തത്തിന്റെ ഭാരം കൂട്ടുകയായിരുന്നു.
നിലമ്ബൂരിനടുത്തുള്ള ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയത്ത് എന്ന ചെറിയ ആദിവാസി നഗരത്തിലാണ് അജിത്തിന്റെയും സൗമ്യയുടെയും വീട്. ആ ദമ്ബതിമാരുടെ മകളായിരുന്നു മൂന്ന് വയസ്സുകാരി സനോമിയ. എപ്പോഴും ചിരിച്ചും കളിച്ചും ഇരിക്കാറുള്ള സനോമിയയ്ക്ക് വ്യാഴാഴ്ച രാവിലെ പെട്ടെന്ന് ശരീരാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഞ്ഞ് തളര്‍ന്നുകിടക്കുന്നത് കണ്ട മാതാപിതാക്കള്‍ ഭയന്ന് അവളെ ഉടന്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധനയ്ക്ക് ഏറെ തിരക്കുണ്ടായതിനാല്‍ കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. അമ്മ സൗമ്യ കുഞ്ഞിനെ കയ്യില്‍ ചേര്‍ത്തുനിര്‍ത്തി, ഭയത്തോടെയും പ്രതീക്ഷയോടെയും ഡോക്ടറെ കാത്തുനിന്നു. ഒടുവില്‍ കുഞ്ഞിനെ പരിശോധനാമേശയില്‍ കിടത്തിയപ്പോഴാണ് കുഞ്ഞ് ജീവനോടെ ഇല്ല എന്ന കാര്യം അറിയുന്നത്.