
07/08/2025
എരുമേലിയിലെ പഴയ ദേവസ്വം ബോർഡ് സ്കൂൾ പൊളിച്ചു മാറ്റി പാർക്കിംഗ് ഗ്രൗണ്ട് ആക്കുവാനുള്ള നീക്കം ശബരിമല തീർത്ഥാടന കാലത്തെ അടിയന്തിര രക്ഷാ സംവിധാനങ്ങളെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്ക.
ലക്ഷകണക്കിന് തീർത്ഥാടകർ എത്തുന്ന എരുമേലിയിൽ അഗ്നിശമന സേനാ യൂണിറ്റിന് സ്ഥിരം സംവിധാനം ഇതുവരെ ഇല്ല. തീർത്ഥാടനകാലത്ത് ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഉൾപ്പെടെ സൗകര്യം ഒരുക്കുന്ന സ്കൂൾ കെട്ടിടം ആണ് ഇടിച്ചു പൊളിക്കാൻ നീക്കം നടത്തുന്നത്.സർക്കാർ ആശുപത്രി കൂടാതെ തീർത്ഥാടകർക്ക് ചികിത്സ നൽകുന്ന താവളം ഡിസ്പെൻസറിയുടെ അനുബന്ധ ഭാഗം പ്രവർത്തിക്കുന്നതും വിശുദ്ധി സേനാ അംഗങ്ങൾക്ക് താമസ സൗകര്യം ഒരുക്കുന്നതും ഇതേ സ്കൂൾ കെട്ടിടത്തിൽ ആണ്.
കാലപ്പഴക്കം ചെന്ന കെട്ടിടം പുനരുദ്ധാരണം ചെയ്യുകയോ തീർത്ഥാടന കാല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പുതിയ കെട്ടിടം നിർമിക്കുകയോ ചെയ്യുന്നതിന് പകരം ലാഭം മാത്രം ലക്ഷ്യമിട്ട് പാർക്കിംഗ് മൈതാനം ഒരുക്കുന്നത് ദുരന്ത നിവാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
പാർക്കിംഗ് ഗ്രൗണ്ട് ആക്കുന്നതോടെ ദേവസ്വം ബോർഡ് ന്റെ തന്നെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം ദുസ്സഹമാകും..
നിലവിലെ സ്കൂളിൽ നിന്നും പുറകിലെ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റിയത് തന്നെ വിദ്യാർത്ഥി കളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടി ആണ്.സ്കൂൾ കെട്ടിടം പൊളിച്ചു പാർക്കിംഗ് ഗ്രൗണ്ട് ആക്കിയാൽ വിദ്യാർഥികളും ദുരിതത്തിൽ ആകും..
തീർത്ഥാടന കാലത്ത് പട്ടണ മധ്യത്തിൽ പ്രവർത്തിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ പ്രവർത്തനം അവിടെ നിന്നും മാറുന്നത് തീർത്ഥാടക നഗരത്തിലെ അടിയന്തിര രക്ഷാ സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുന്നതിന് കാരണമാകും എന്നിരിക്കെ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
സഹ്യ ന്യൂസ്