04/08/2025
എതിർപ്പിനെ തുടർന്ന് എരുമേലി ടൗണിൽ മസ്ജിദിനും ക്ഷേത്രത്തിനും ഇടയിലായുള്ള മേൽപ്പാലം നിർമാണം തൽക്കാലം ഉപേക്ഷിക്കുകയാണെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. മേൽപ്പാലം ഒഴികെ എരുമേലി മാസ്റ്റർ പ്ലാനിലെ മറ്റ് പദ്ധതികൾ നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു. എരുമേലി പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Newserumely വാർത്തകൾ
2025 ആഗസ്ത് 04തിങ്കൾ07:47AM
2023 ലെ സംസ്ഥാന ബജറ്റിലാണ് പത്ത് കോടി അനുവദിച്ച് എരുമേലിക്ക് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. ഇത് നടപ്പിലാക്കാനുള്ള ചുമതല ദേവസ്വം ബോർഡിനാണ് കൈമാറിയത്. എന്നാൽ കൺസൽറ്റിങ് ഏജൻസിയെ തെരഞ്ഞെടുക്കാൻ ബോർഡ് താല്പര്യപത്രം പുറപ്പെടുവിച്ചെങ്കിലും ഏജൻസിയെ ലഭിക്കാൻ കാലതാമസം നേരിട്ടു. തുടർന്ന് രണ്ട് വർഷം പിന്നിട്ട് കഴിഞ്ഞയിടെയാണ് ഏജൻസി എരുമേലിയിലെത്തി പദ്ധതികൾക്ക് പ്ലാനും രൂപരേഖയും തയ്യാറാക്കിയത്. ഇതേതുടർന്ന് പ്ലാൻ പ്രകാശനം ചെയ്ത് പദ്ധതി കളുടെ വിശദവിവരം പ്രഖ്യാപിച്ചിരുന്നെന്ന് എംഎൽഎ പറഞ്ഞു.
തുടർന്നാണ് പ്ലാനിലെ മേൽപ്പാലം പദ്ധതിയോട് ഹൈന്ദവ സംഘടനകൾ വിയോജിപ്പ് അറിയിച്ചത്. മേൽപ്പാലം വന്നാൽ എരുമേലി പേട്ടക്കവലയിൽ ശബരിമല സീസണിൽ വാഹന ഗതാഗതം സ്തംഭിക്കാതെ അയ്യപ്പഭക്തർക്ക് ക്ഷേത്രത്തിലും മുസ്ലിം പള്ളിയിലും റോഡ് മുറിച്ച് പ്രവേശിക്കാനും ഇറങ്ങാനും സാധിക്കും. എന്നാൽ വിശുദ്ധ പാതയായി പേട്ടതുള്ളൽ പാതയെ പ്രഖ്യാപിച്ച ഭാഗത്ത് ഗതാഗതം ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഹൈന്ദവ സംഘടനകളുടെ അഭിപ്രായമെന്ന് എംഎൽഎ പറഞ്ഞു. ഇത് മുൻനിർത്തി മേൽപ്പാലം നിർമാണം മാസ്റ്റർ പ്ലാനിൽ നിന്ന് തൽക്കാലം നീക്കം ചെയുകയാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തി അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളുമെന്നും യോഗത്തിൽ എംഎൽഎ അറിയിച്ചു. സമാന്തര പാതകൾ വികസിപ്പിച്ച് പേട്ടതുള്ളല്‍ പാതയിലെ ഗതാഗതം ഒഴിവാക്കാൻ മാസ്റ്റർ പ്ലാനിൽ മുൻഗണന നൽകുമെന്ന് എംഎൽഎ പറഞ്ഞു.
ഒന്നാം ഘട്ടത്തില്‍ നടത്തുന്ന അഞ്ച് ബൈപാസ് റോഡുകള്‍ വികസിപ്പിച്ചാൽ ടൗണിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നുള്ള നിർദേശം പരിശോധിക്കും. വലിയമ്പലത്തിലെ കുളിക്കടവിലുള്ള ചെക്ക് ഡാം മാറ്റി നിർമിക്കാനും ദുർഘടമായ കരിങ്കല്ലുമുഴി കയറ്റത്തിന് സമാന്തര പാത നിർമിക്കാനും യോഗത്തിൽ നിർദേശം ഉയർന്നു. കണമല റോഡിൽ ശബരിമല സീസണിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് ശാസ്ത്രീയ പഠനം നടത്താമെന്ന് ചോദ്യത്തിന് മറുപടിയായി എംഎൽഎ അറിയിച്ചു. കൊച്ചമ്പലത്തില്‍ നിന്നും ആരംഭിക്കുന്നതും പേരുര്‍ത്തോട്ടില്‍ അവസാനിക്കുന്നതുമായ ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയിലേക്കുള്ള പാത തീര്‍ത്ഥാടകര്‍ക്കായി തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എന്‍ പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഐ അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാര്‍, ജോസ് പഴയതോട്ടം, ഒ ജെ കുര്യന്‍, ബിനോ ചാലക്കുഴി, തോമസ് കുര്യൻ, പി ആർ ഹരികുമാർ, രവീന്ദ്രന്‍ എരുമേലി, കെ ആര്‍ സോജി, എസ് മനോജ്, അനിയൻ എരുമേലി തുടങ്ങിയവർ പങ്കെടുത്തു.
മാസ്റ്റർ പ്ലാൻ പദ്ധതികൾ ചുവടെ.
വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ പുതിയ ശുചിമുറി സമുച്ചയം, തീർത്ഥാടകർക്ക് സ്നാനത്തിനുള്ള പ്രത്യേക ബാത്തിങ് ഏരിയ. (ഒരേസമയം 260 ഓളം പേർക്ക് കുളിക്കാനുള്ള സൗകര്യം), ഓവർഹെഡ് വാട്ടർ ടാങ്ക്, കൊച്ചമ്പലത്തിന്റെ പിൻഭാഗത്തുനിന്നും പേരൂർത്തോട് വരെ പരമ്പരാഗത തീർത്ഥാടക പാതയുടെ നവീകരണം, ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ
അഞ്ച് റിങ് റോഡുകൾ വികസിപ്പിക്കും. എരുമേലി ബസ് സ്റ്റാൻഡ്- നേർച്ചപ്പാറ - ആനിക്കുഴി- ഉറുമ്പിൽ പാലം റോഡ്, ചെമ്പകത്തുങ്കൽ പാലം- ഓരുങ്കൽ കടവ് റോഡ്, എം.ടി എച്ച്എസ് - എൻ.എം എൽപിഎസ് -, കാരിത്തോട് റോഡ്, പാട്ടാളിപ്പടി- കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷൻ- ബിഎസ്എൻഎൽ പടി -ചരള റോഡ്) എന്നീ റോഡുകളാണ് വികസിപ്പിക്കുക.