
08/12/2024
വിദ്യാഭ്യാസം, അതെന്ത് വിലകൊടുത്തും നേടിയെടുത്തേ തീരു.സുനിൽ ഷെട്ടി.
അൽഖോബാർ: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമ്മാം 2020 ബാച്ച് വരെയുള്ള പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച ഐഐഎസ് ഡിയൻസ് ഗ്രാന്റ് ഗാല 2024 എന്ന പരിപാടിക്ക് മുഖ്യാഥിതിയായിയെത്തിയ ബോളിവുഡ് ആക്ഷൻ സ്റ്റാർ സുനിൽ ഷെട്ടിക്ക് ഗംഭീര സദസ്സൊരുക്കി.
മംഗലാപുരം മുൽക്കി ഞങ്ങളുടെ ജന്മഭൂമി ആണെങ്കിലും മുംബൈയാണ് കർമഭൂമി,എൻ്റെ പിതാവിന് ഹോട്ടൽ ബിസിനസ്സായിരുന്നു,അഭിനയത്തെക്കുറിച്ചൊന്നും ഒരു മുൻധാരണയുമില്ലാതെ തികച്ചും അവിചാരിതമായിട്ടാണ് ഞാൻ സിനിമയെന്ന മായികലോകത്ത് എത്തിപ്പെട്ടത്. പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട് സിനിമാരംഗത്ത് എത്തുന്നതിന് മുമ്പ് അഭിനയം ഗൗരവമായി പഠിച്ചിരുന്നുവെങ്കിൽ എനിക്കിനിയും ഉയരങ്ങൾ താണ്ടുവാൻ കഴിഞ്ഞേനേ എന്ന്'' ശബ്ദഗാംഭീര്യം കൊണ്ടും ആകാരമികവ് കൊണ്ടും ആരാധകരുടെ മനംകവർന്ന ബോളിവുഡ് ആക്ഷൻ ഹീറോ സുനിൽ ഷെട്ടിയുടെ വാക്കുകൾ.
പ്രവാസലോകത്തെ പഠനം പൂർത്തിയാക്കി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത മേഖലകളിൽ അറിവും കഴിവും നേടി ഇവിടം തന്നെ കർമഭൂമിയാക്കിയ നിങ്ങൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേരുമ്പോൾ അതുവഴി വിദ്യാഭ്യാസത്തിൻ്റെ മഹത്വം തന്നെയാണ് വിളിച്ചോതിയത്.
ആയിരത്തി ഇരുന്നൂറിൽപ്പരം പൂർവ്വവിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഇദംപ്രഥമമായി അൽഗൊസൈബി ഓഡിറ്റോറിയത്തിൽ മനോഹരമായി സംവിധാനിച്ച ഐഐഎസ്ഡിയൻസ് ഗ്രാൻ്റ് ഗാല 2024 സംഘാടന മികവുകൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും കിഴക്കൻ പ്രവിശ്യയിലെ വേറിട്ട അനുഭവമായി മാറി. ഗാലയുടെ ഭാഗമായി നാട്ടിൽ നിന്നെത്തിയ മുൻ ഐ.ഐ.എസ് ദമ്മാം പ്രിൻസിപ്പൽ ഡോ.ഇ.കെ മുഹമ്മദ് ഷാഫി, അധ്യാപകരായ മെഹനാസ് ഫരീദ്, ധനലക്ഷ്മി രാമാനുജം, മറിയു സഗീർ, ഫെമിദ മുഹമ്മദ്, എലിസബത്ത് മാത്യു, അർഷദ് അൻജും, നൈനാ അൻജും, സുനിത ഖാലിദ്, സെലീന പൗലോസ് എന്നിവരെ യഥാക്രമം ഹഷ്മിന ഹാരിസ്, ഖദീജ സബ്റിൻ, സുറൂർ മിർസ, മുഹ്സിന മഹമൂദ്, സുമയ്യ ബാനു, സക്കീന ശൈഖ്, അഖിൽ ഖാസി, പ്രതീക് പൂജാരി, റംസിയ ബഷീർ, ഒമർ ജാവേദ് എന്നിവർ മെമൻ്റോ നൽകി ആദരിച്ചു.
ഐ.ഐ.എസ് ദമ്മാമിൽ അധ്യാപന രംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കിയ നജ്മ നഖാത്ത്, മുഹമ്മദി ബീഗം, സബീന സാജിദ്, ആലിയ ഫാത്തിമ, ബിജു ഡാനിയൽ, കൃഷ്ണ തുടങ്ങിയവരെ സൽവാ പാർക്കർ, അഫ്രീൻ ഫാത്തിമ, രസ്നിൻ ബഷീർ, സദഫ് ബാനു, അൻസബ മുസ്തഫ, സഫിയ സുമനും സ്റ്റുഡൻ്റ് ഫേവറിറ്റ് അവാർഡിന് അർഹനായ മുഹമ്മദ് ഇർഫാനെ സീഷാൻ ഹാഷ്മിയും ചേർന്ന് ആദരിച്ചു.
മുഖ്യാതിഥി സുനിൽ ഷെട്ടിയോടൊപ്പം നിബ്റാസ് അബ്ദുല്ല ഫർഹാൻ മിർസ എന്നിവർ ചേർന്ന് അവതരിപ്പിച്ച ചോദ്യോത്തര പരിപാടി വിനോദവും വിജ്ഞാനവും പകരുന്നതായി.
തുടർന്ന് നടന്ന പ്രമുഖ സ്റ്റാൻഡപ്പ് കോമഡി താരം, കെനി സെബാസ്റ്റ്യൻ്റെ വൺമാൻ ഷോ സദസ്സ് ഹർഷാരവത്തോടെ ഏറ്റെടുത്തു. പങ്കെടുത്തവരെ ഉൾപ്പെടുത്തി ഓൺലൈൻ മാതൃകയിൽ ഫറാസ് അഹമ്മദും ഫാത്തിമ നഗ്മയും അണിയിച്ചൊരുക്കിയ കഹൂട്ട് ഗെയിമും മികച്ച നിലവാരം പുലർത്തി.
ആശിഫ് (എക്സപർടൈസ് ജുബൈൽ), റിസ്വാൻ സിദ്ദീഖ് (ഇറം ഗ്രൂപ്പ്സ് ഓഫ് കമ്പനി), അബ്ദുൾ നയീം (മാസ കൺസ്ട്രക്ഷൻ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുഖ്യ സംഘാടകരായ അജ്മൽ അമീർ, ഫർഹാൻ മിർസ, ഫിഹാസ് കോയാമു, നിബ്റാസ് അബ്ദുല്ല എന്നിവരെക്കൂടാതെ ബാസിം അസീൽ, മുഹമ്മദ് അലി, അഭിജിത് അജയകുമാർ, ശഹബാസ് അബ്ദുല്ല, മെഹ്റൂസ് റഹ്മാൻ, ജെഫിൻ ജോസ്, ഒമർ റിസ്വി, അഖ്ത്തർ മുഹമ്മദ്, കംരാൻ സയ്യിദ്, അബ്ദുൽ ബാസിത്, ആശിഖ് മുഹമ്മദ്, അഫ്സൽ അമീർ, സയ്യിദ് ഫർഹത്ത് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. നദീം നയാസി, രമ്യാ രാജേന്ദ്രൻ, അസീം ആസാദ്, റൂലാ, ഷൈൻ ഹരിദാസ്, അമീൻ ഖാൻ, ഐമൻ റിസ്വി വിവിധ സെഷനുകളിലെ അവതാരകരായും പ്രോഗ്രാമിന് മികവ് പകർന്നു.