04/06/2024
2024 ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇന്ത്യൻ വോട്ടറാണ്,
മൃഗീയമായ ഭൂരിപക്ഷം നൽകാതെ ഇന്ത്യൻ ഭരണകക്ഷിയെ പിടിച്ചു നിർത്തിയ ഇന്ത്യൻ വോട്ടർ, അവരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതോടൊപ്പം പ്രതിപക്ഷത്തെയും ചില പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്,
1. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്, 'ഇന്ദിരയാണ് ഇന്ത്യ' എന്ന സ്ലോഗൻറെ പരാജയം മുതലിങ്ങോട്ടുള്ള ചരിത്രം രാജ്യത്തെ പഠിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിൽ ജനപ്രതിനിധി സേവകൻ മാത്രമാണ്, അവിടെ രാജാവ് പൊതുജനം തന്നെയാണ്. അത് ഓർമ്മിപ്പിച്ചുകൊണ്ട് 'ഞാനാണ് രാജ്യമെന്നും ഞാനാണ് സംസ്ഥാനമെന്നുമൊക്കെ' പറയുന്നവർക്കുള്ള ഉചിതമായ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട്, "നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക" (പ്രഭാഷകൻ 3:18) എന്ന പാഠമാണ് ആദ്യത്തേത്.
2. കുറ്റം പറഞ്ഞിരിക്കലല്ല, ആത്മവിമർശനവും സ്വയം തിരുത്തലുമാണ് വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. സുപ്രീം കോടതി ആവർത്തിച്ചു വിധി പറഞ്ഞിട്ടും വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിരുന്നവരും, വെറും വ്യക്തിവിരോധത്തിൽ മാത്രം തങ്ങളുടെ രാഷ്ട്രീയം തളച്ചിട്ടവരും, ആ അലസത വെടിഞ്ഞു വിട്ടുവീഴ്ചയോടെ, ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ രാജ്യത്തിനു ലഭിക്കുന്നത് ശക്തമായ ഒരു പ്രതിപക്ഷത്തെയാണ്. ഭരണം പോലെ തന്നെ പ്രധാനമാണ് ജനപ്രതിനിധി സഭകളിൽ ശക്തമായൊരു പ്രതിപക്ഷം. കാരണം പ്രതിപക്ഷവും പൊതുജനത്തിന്റെ ശബ്ദമാണ്.
"ഒന്നുകൂടെ മറന്നെടാ ഒന്നുകൂടെ മറന്നെടാ..." (തൃശൂർ കേരളത്തെ പഠിപ്പിക്കുന്ന പാഠമാണത്)
3. അമിതമായാൽ അമൃതും വിഷം; കരുതിക്കൂട്ടിയുള്ള വോട്ടു ബാങ്ക് പ്രീണനവും, വ്യക്തിഹത്യയും ജനാധിപത്യത്തിൽ കാളകൂട വിഷമാണ്.
അതുകൊണ്ടു തന്നെ 2024 ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ നല്ലൊരു ജനാധിപത്യ പാഠശാലയാണ്. സുസ്ഥിരമായ ഭരണവും വികസനവുമാണ് ഞങ്ങൾക്കാവശ്യമെന്നും, തട്ടിക്കൂട്ട് മുന്നണികൾ കൊണ്ടും ജാതിമത വേർതിരിവുകൾ കൊണ്ടും ഞങ്ങളുടെ കണ്ണിൽ പൊടിയിടാനാവില്ലെന്നും പൊതുജനം, പൊതുപ്രവർത്തകർക്ക് ക്ലാസെടുത്ത ഒന്നാന്തരം വിദ്യാലയം.
ചിത്രം: വോട്ടിങ്ങിൽ ഉത്തരവാദിത്വം കാട്ടിയ പൗരന്മാരുടെ ലോകറെക്കോഡ് ഇലക്ഷൻകമ്മീഷൻ പ്രസിദ്ധീകരിച്ചത്