24/05/2025
ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക് ട്രഷററും സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സ: അജിത് കുമാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് 2025
മെയ് 25 ന് ആറു വർഷം പിന്നിടുകയാണ്.
മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിന്റെ കരുത്താർന്ന സാന്നിധ്യം.
ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കുന്ന,എല്ലാവരും ഇഷ്ടപ്പെടുന്ന മനുഷ്യസ്നേഹി.സ്വന്തം ജീവിത പരിമിതികളെ കൂസാതെ, സഹജീവികളെ കൈപിടിച്ച് ഉയർത്താൻ ശ്രമിച്ച സഖാവ്.
വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു കൊടുക്കാൻ,നിരവധി കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാൻ, കുടിവെള്ളം എത്തിക്കാൻ തുടങ്ങിയ എല്ലായിടങ്ങളിലും അവൻ മാനവസ്നേഹത്തിന്റെ രാഷ്ട്രീയ മുഖമായി മാറുകയായിരുന്നു.
ഏറ്റവും ഒടുവിൽ തന്റെ കണ്മുന്നിൽ ജീവൻ പൊലിയുന്നത് തടയാൻ പുഴയിലേക്ക് എടുത്തു ചാടിയപ്പോഴും,ആഴങ്ങളിൽ ജീവൻ സമർപ്പിച്ചപ്പോഴും അവനെ നയിച്ചത് നിസ്വാർത്ഥമായ മനുഷ്യസ്നേഹം തന്നെയാണ്.മനീഷ് എന്ന കൊച്ചു കൂട്ടുകാരനെയും, അജിത്തിനോടൊപ്പം നമുക്ക് നഷ്ടമായി.
പ്രിയ സഖാവ് അജിത്തിന്റെ, പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം അനാഥമാകില്ല എന്ന് ഉറപ്പ് വരുത്താൻ DYFI ക്ക് കഴിഞ്ഞു എന്നത്, വേദനക്കിടയിലും അല്പം ആശ്വാസം നൽകുകയാണ്.
പ്രിയ സഖാവിന്‍റെ കുടുംബത്തിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വീടൊരുക്കി. സ്ഥലം നൽകാനും, കുടുംബത്തിന് സഹായമൊരുക്കാനും കുമ്പളയിലെ പുരോഗമന പ്രസ്ഥാനവും സന്നദ്ധമായി. സന്നദ്ധ സേവനത്തിന്‍റെയും പ്രോജ്ജ്വല സമരങ്ങളുടെയും വഴിയില്‍ പ്രിയ സഖാവ് നമുക്ക് വെളിച്ചമാണ്.
സഖാവ് അജിത്തിന്റെ ഉജ്ജ്വലമായ സ്മരണകൾ പുതിയ പോരാട്ടങ്ങൾക്ക്, ഊർജ്ജം പകരട്ടെ.
ഒളിമങ്ങാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ...