02/08/2026
സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ആറ് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂലൈ 31-ന് രാത്രി പെയ്തിറങ്ങിയ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും ഇടയാക്കി. കോട്ടയം പൂഞ്ഞാർ, ഇടുക്കി കുടയത്തൂർ, പത്തനംതിട്ട ചിറ്റാർ, കോന്നി കൊക്കത്തോട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പത്തനംതിട്ട റാന്നിയിൽ പ്രളയസമാന സാഹചര്യമാണ്. ആളുകളെ സുരക്ഷിതമായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഒഴുക്കിൽപെട്ട് രണ്ട് പേരെ കാണാതായിട്ടുണ്ട്.
ഉരുൾപൊട്ടലിലാണ് മൂന്നുപേർ മരിച്ചത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്ന് മണപ്പാട്ട് റെജീന ജോണി (49), മകൻ ജോസഫിൻ ജോണി(24), ഇടുക്കി അടൂർമലയിൽ മഷികല്ലേൽ സുമതി (69) എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ചത്.
മലപ്പുറത്ത് തോട്ടിൽവീണ് രണ്ട് കുട്ടികൾ മരിച്ചു. ആലപ്പുഴ സ്വദേശി അബ്ദുൾ മുനീറിന്റെയും തസ്ലിമ ബാനുവിന്റെയും മകൻ രണ്ടരവയസ്സുകാരന്‍ അബ്ദുൾ മുഹയിൻ, കൊണ്ടോട്ടി നീറാട് കൂനയില്‍ തോട്ടിയില്‍ നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണാന്തൊടി ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമനെന്‍ (4) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കാപ്പാട് സ്വദേശിയായ നൗഷാദ് ഷംനത്ത് ദമ്പതികളുടെ മകൻ മാസിൻ നൗഷാദാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഇടുക്കി വാഗമണിൽ മൺതിട്ടവീണ് കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു.
വെള്ളിയാഴ്‌ച കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടുവങ്കൽ സ്വദേശിയായ രാധാകൃഷ്‌ണൻ മരിച്ചിരുന്നു. കാണാതായ മകൻ ഗൗതം കൃഷ്‌ണ (26)യ്‌ക്കായി തിരച്ചിൽ തുടരുകയാണ്.