21/10/2025
*🔸വല്യുപ്പയുടേയും വല്യുമ്മയുടേയും സാക്ഷിയാക്കി മദീനയിൽ വച്ച് അൻസിൽ വിടവാങ്ങി; 'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ..., വിടവാങ്ങലിൽ അവൻ അവസാനമായി പറഞ്ഞു...*
*2025 ഒക്ടോബർ 20 തിങ്കൾ*
മദീന: 'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ', വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി പൂണ്യഭൂമിയിലെത്തിയ ഭിന്നശേഷിക്കാരനായ മുഹമ്മദ് അൻസിലിന്റെ അവസാന വാക്കുകളാണിത്. വീൽചെയറിൽ മക്കയിലെത്തിയ കോഴിക്കോട് കുന്ദമംഗലം നിവാസിയായ 16കാരൻ തന്റെ ആഗ്രഹ സാഫല്യം പൂർത്തിയാക്കി ലോകത്തോട് വിടപറഞ്ഞു.
ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്ന ഉംറ എന്ന സ്വപ്നം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരനായ കോഴിക്കോട് കുന്ദമംഗലം, പിലാശ്ശേരി സ്വദേശി മുഹമ്മദ് അൻസില്‍ (16) ഇനി അന്ത്യവിശ്രമം കൊള്ളുക പുണ്യഭൂമിയുടെ മണ്ണിൽ. അസ്ഥികൾക്ക് ബലക്കുറവ് മൂലം ഒടിഞ്ഞുപോകുന്ന ‘ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റാ’ അഥവാ ‘ബ്രിട്ടിൽ ഡിസീസ്’ എന്ന ജനിതക വൈകല്യരോഗം ബാധിച്ചായിരുന്നു അൻസിൽ ജനിച്ചത്.
മക്കയിലെത്തി ഉംറ കർമങ്ങൾ പൂർത്തിയാക്കാനും കഅബയുടെ സാമീപ്യം അനുഭവിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനുമുള്ള അദമ്യമായ ആഗ്രഹമായിരുന്നു അൻസിലിനുണ്ടായിരുന്നത്. ഈ ആഗ്രഹസാഫല്യത്തിനായി നാട്ടിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിനൊപ്പം വല്യുപ്പയ്ക്കും വല്യുമ്മയ്ക്കുമൊപ്പം അൻസിൽ ഉംറ നിർവഹിക്കാനെത്തി. വീൽച്ചെയറിലിരുന്ന്, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ഉംറ കർമങ്ങൾ പൂർത്തിയാക്കി പ്രവാചകന്റെ പൂങ്കാവനം സന്ദർശിക്കാൻ മദീനയിലെ താമസത്തിനിടയിൽ, തിങ്കളാഴ്ച പുലരുന്നതിനു മുൻപേ ഉണർന്ന അൻസിൽ, അംഗശുദ്ധി വരുത്തി പ്രാർഥനാപൂർവ്വം കിടക്കയിൽ കാത്തിരുന്നു. ഒപ്പമുണ്ടായിരുന്ന വല്യുപ്പയോടും വല്യുമ്മയോടും നാട്ടിലുള്ള ഉമ്മയെ വിഡിയോ കോളിൽ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
നാട്ടിൽ നേരം പുലർന്ന ശേഷം വിളിക്കാമെന്ന വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരറിഞ്ഞിരുന്നില്ല, അവൻ മറ്റൊരു യാത്രക്കുള്ള തയറാടെപ്പിലാണെന്നത്...!.
മറുപടിയായി, ‘എന്റെ ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ’ എന്ന് പറഞ്ഞ് ശാന്തമായി കലിമ ചൊല്ലി കിടക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30ന് ശേഷം ആ കണ്ണുകൾപിന്നെ തുറന്നില്ല. അൻസിൽ ശാന്തമായി അന്ത്യനിദ്രയിലാണ്ടതായി ബന്ധുക്കൾ പറയുന്നു..