27/07/2025
തീരം ~ ഭാഗം 02
എഴുത്ത്: Aniprasad
================
മുന്‍ഭാഗം കമൻറ് ബോക്സിൽ
സൗമിനി വരുന്നത് കണ്ടതോടെ ഹാളിൽ ഇരുന്നവരെല്ലാം നിശബ്ദരായി.
അവളുടെ കൂടെ നവമി ഇല്ലെന്ന് കണ്ടപ്പോൾ പദ്മ പ്രിയയ്ക്ക് അമ്പരപ്പായി
"അവളെവിടെ.നവമി . നീ അവളെ വിളിച്ചോണ്ട് വരാനല്ലേ മോളേ പോയത്..."
പദ്മപ്രിയ ചോദിച്ചു.
"ഞാൻ വിളിയ്ക്കാഞ്ഞിട്ടാണോ അമ്മേ.. വരണ്ടേ അവൾ... അവൾക്ക് തോന്നി തുടങ്ങിയിട്ടുണ്ടാകും ഇനി ഇവിടെയാരെയും അനുസരിയ്‌ക്കേണ്ടതില്ലെന്ന്..എനിയ്ക്ക് വയ്യ അതിൽ കൂടുതൽ അവളുടെ കാല് പിടിയ്ക്കാൻ...
ഞാൻ സൗമ്യയോട് പറഞ്ഞിട്ടുണ്ട് വിളിച്ചോണ്ട് വരാൻ.അവളിപ്പോൾ കൂട്ടിക്കൊണ്ട് വരും.."
ഇതുവരെ ബാക്കിയുള്ളവരെല്ലാം അവിടെയിരുന്നു രാമചന്ദ്രൻ മാഷിന്റെ മരണത്തെക്കുറിച്ചും, അഹങ്കാരപൂർണ്ണമായ അദേഹത്തിന്റെ ജീവിതത്തെ കുറിച്ചും തങ്ങൾക്കുള്ള അറിവുകൾ പരസ്പരം പങ്കു വച്ചുകൊണ്ടിരുന്നതാണ്.
ഹാളിൽ സോഫായുടെ ഒരറ്റത്തായി പദ്മപ്രിയ ഇരിപ്പുണ്ട്.
അവരുടെ മുഖത്ത് ഇന്നലെ തന്റെ ഭർത്താവ് മരണപ്പെട്ടു പോയതിന്റെ ഒരു ദുഃഖവും കാണാനില്ലെങ്കിലും കൺതടങ്ങളിൽ ചുവപ്പ് തടിച്ച് കിടക്കുന്നു.
അവർക്ക് എതിരെയുള്ള ഡിവോൺ കോട്ടിൽ പത്മപ്രിയയുടെ നേരെ ഇളയ സഹോദരങ്ങളായ ചന്ദ്രനുണ്ണിത്താനും,പ്രഭാകരനുണ്ണിത്താനും ഇരിയ്ക്കുന്നു.
അവരുടെ ഭാര്യമാരായ മാലതിയും, സ്നേഹലതയും അടുത്തടുത്തായി ഇരിയ്ക്കുന്നു.
പിള്ളേരെയെല്ലാം അവർ നേരത്തെ അവിടെനിന്നും പറഞ്ഞു വിട്ട് മറ്റൊരു മുറിയിലേക്ക് മാറ്റിക്കഴിഞ്ഞു.
ഇനിയുള്ളത് രാമചന്ദ്രൻ മാഷിന്റെ സഹോദരി ശ്രീദേവിക്കുട്ടിയും മകൻ അജയനുമാണ്.
ശ്രീദേവികുട്ടി അടുക്കളയിലേക്ക് വെള്ളമെടുക്കാനായി ചന്ദ്രൻ പറഞ്ഞു വിട്ടിരിയ്ക്കയാണ്.
നവമിയോട് തങ്ങൾ സംസാരിക്കുമ്പോൾ ശ്രീദേവി കുട്ടിയും അജയനും അടുത്തില്ലാതിരിയ്ക്കുന്നതാണ് നല്ലതെന്ന് അവർക്കറിയാം.
ശ്രീദേവി കുട്ടിയോട് എന്തെങ്കിലുമൊക്കെ പറഞ്ഞു മനസിലാക്കാമെങ്കിലും അജയൻ ഒരു തല തെറിച്ചവൻ ആയിട്ടാണ് അവർക്കെല്ലാം തോന്നിയിട്ടുള്ളത്.എന്നാൽ
മുഖത്തടിച്ചത് പോലെ സംസാരിയ്ക്കാനും, മറ്റുള്ളവരിൽ തെറ്റെന്തെങ്കിലും കണ്ടാൽ അത് തുറന്ന് പറയാനും ഒരു മടിയും കാണിയ്ക്കാറില്ല അജയൻ.
അതുകൊണ്ട് തന്നെ കുടുംബത്തിലുള്ള എല്ലാവരുടെയും കണ്ണിലെ ഒരു കരടാണ് അജയൻ.
അജയനെ ആ സദസ്സിൽ നിന്നും ഒഴിവാക്കാൻ പദ്മപ്രിയയുടെ രണ്ടു സഹോദരന്മാരും ശ്രമിച്ചെങ്കിലും അജയൻ അതൊന്നും ഗൗനിയ്ക്കാനേ പോയില്ല.
പദ്മയാന്റി യുടെ ഈ സഹോദരന്മാരെ ഒറ്റയെണ്ണത്തിനെ രാമചന്ദ്രൻ അങ്കിൾ ജീവിച്ചിരുന്നപ്പോൾ ഈ വീടിന്റെ ഏഴയലത്ത്
അടുപ്പിയ്ക്കാറില്ലായിരുന്നു എന്ന് അജയന് അറിയാം.
അതൊക്കെ അവരുടെ തന്നെ കയ്യിലിരിപ്പിന്റെ ഗുണമാണെന്ന് അജയൻ മനസിലാക്കിയിട്ടുണ്ട്.
അവരങ്ങനെ നവമിയെ വിചാരണ ചെയ്തു ഈ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രം മെനഞ്ഞ് കൊണ്ടുള്ള കാത്തിരിപ്പാണ് ഇതെന്ന് അജയന് എപ്പോഴോ ഒരു സൂചന കിട്ടി.
രത്നമ്മ ടീച്ചറിന് പിന്നാലേ നവമി വരുന്നത് കണ്ടതോടെ മാലതി തൊട്ടടുത്ത് നിന്ന സ്നേഹലതയെ കൈകൊണ്ട് തൊട്ടു. സ്നേഹലത ഒരു അടയാളം പോലെ ഭർത്താവിന്റെ ഇരു ചുമലുകളിലും കൈകൊണ്ട് അമർത്തി.
ചന്ദ്രനുണ്ണി ത്താനും കണ്ടു അവർ വരുന്നത്.
"ഈ സ്ത്രീ ഇവിടുണ്ടായിരുന്നോ... ഇവരെന്തിനാ ഇപ്പോൾ അവൾക്കകമ്പടി സേവിയ്ക്കുന്നത്... അവൾക്കെന്താ തനിയേ നടക്കാൻ അറിയില്ലേ.."
ചന്ദ്രൻ അനുജന്റെ ചെവിയ്‌ക്കരികിലേക്ക് മുഖമടുപ്പിച്ചു പറഞ്ഞു.
"ഹ.. ഏട്ടൻ അത് വിട്ടു കളയെന്നേ.. അവര് നമ്മളെ എതിർക്കാനൊന്നും നിൽക്കത്തില്ല അവരോട് ഇറങ്ങി പോകാൻ പറഞ്ഞാൽ മതി അപ്പോൾ പൊക്കോളും..."
രത്നമ്മ ടീച്ചർ നവമിയെയും കൂട്ടി വന്നിട്ട് പദ്മ പ്രിയയെ നോക്കി ചിരിച്ചു.
അവർഅത് കണ്ടെങ്കിലും അങ്ങോട്ട് ശ്രദ്ധിയ്ക്കാനേ നിന്നില്ല.
രത്നമ്മ ടീച്ചർ അവളെ അവിടെ ഒഴിഞ്ഞ് കിടന്ന ഒരു സിംഗിൾ സോഫായിലേക്ക് ഇരുത്തി.
കുറച്ച് നിശബ്ദ നിമിഷങ്ങൾക്ക് ശേഷം തുടങ്ങിയ്ക്കോ എന്ന് പ്രഭാകരനുണ്ണിത്താൻ ഏട്ടന് കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി.
"നവമീ..."
ചന്ദ്രൻ വിളിച്ചു..
"ഇങ്ങോട്ട് നോക്ക്. ഞങ്ങളുടെ മുഖത്തേയ്ക്ക്.. നീയിങ്ങനെ കണ്ണീർഒഴുക്കികൊണ്ട് മുഖം കുനിച്ചിരുന്നാൽ ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ ആരോട് പറയും..."
നവമി ചുരീ ദാറിന്റെ ഷാൾ കൊണ്ട് കണ്ണുകൾ തുടച്ച ശേഷം ചന്ദ്രനെ നോക്കി.
"ഞങ്ങളെല്ലാം പിരിഞ്ഞ് പോകുന്നതിനു മുമ്പ് നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ. അതാ നിന്നെ ഞങ്ങൾ ഇങ്ങോട്ട് വിളിപ്പിച്ചത്..നിന്നെ അങ്ങിനെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ..."
ഒന്ന് നിർത്തിയിട്ട് അയാൾ തുടർന്നു.
"നിന്റെ അമ്മയ്ക്ക്, അതായത് നീ അമ്മയെന്ന് വിളിയ്ക്കുന്ന ഞങ്ങളുടെ പദ്മേച്ചിയ്ക്ക് ഇനി നിന്നെയും നോക്കി കൊണ്ട് ഇവിടെ ശിഷ്ടകാലം ജീവിയ്ക്കാൻ ഒട്ടും താൽപ്പര്യമില്ലെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്..
പദ്മേച്ചിയ്ക്ക് കുറച്ച് അസുഖങ്ങൾ ഒക്കെയുള്ളതിനാൽ ഇനി മുതൽ പദ്മേച്ചി താമസിയ്‌ക്കുക ബാഗ്ലൂരിൽ ശ്രീകുമാറിന് ഒപ്പമായിരിയ്ക്കും. അവിടെ നിന്നെയും കൂടി കൊണ്ട് ചെന്ന് താമസിപ്പിയ്ക്കുക എന്നുള്ളത് ശ്രീകുമാറിന് ബുദ്ധിമുട്ടായതിനാൽ നിന്നെ എവിടെങ്കിലും സുരക്ഷിതമായ ഒരിടത്ത് എത്തിയ്ക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്ലാൻ... നീ എന്ത് പറയുന്നു..ഞങ്ങൾ നിർദേശിയ്ക്കുന്ന ഇടത്തേയ്ക്ക് പോകാൻ നീ തയ്യാറാണോ... ഇനി അല്ലെന്ന് പറഞ്ഞാലും നിന്നെ ഇവിടെനിന്ന് നോക്കാൻ ശാരീരിക അവശതകളുള്ള ചേച്ചി തയ്യാറാവില്ലെന്നാ എനിയ്ക്ക് തോന്നുന്നത്..."
ചന്ദ്രൻ പറഞ്ഞു നിർത്തി.
"അല്ല അങ്കിളേ..
എനിയ്ക്കൊരു സംശയം.."
അജയൻ പെട്ടന്ന് ചാടിക്കയറി പറഞ്ഞു.
അതോടെ എല്ലാവരുടെയും ശ്രദ്ധ അജയനിലേക്കായി.
"അങ്കിൾ പറഞ്ഞില്ലേ പദ്മാന്റിയ്ക്ക് എന്തോ ശാരീരിക അവശതകൾ ഉണ്ടെന്ന്.. അതെന്താ അങ്കിളേ ആന്റിയ്ക്ക് ഞങ്ങളാരും അറിയാത്ത ഒരസുഖം.
ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ അങ്കിൾ അത് എന്നേ അറിയിയ്ക്കുമായിരുന്നല്ലോ. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഞാൻ രാമചന്ദ്രൻ അങ്കിളിനെ കണ്ടപ്പോഴും അതിന്റെ ഒരു സൂചനപോലും നൽകിയില്ലല്ലോ എന്നോട്.
എന്നിട്ടിപ്പോൾ ഇതുപോലൊരസുഖം നിമിഷനേരം കൊണ്ട് എങ്ങിനെ വന്നു പദ്മആന്റിയ്ക്ക്.."
"എല്ലാമനുഷ്യർക്കും, അത് നിന്റെ അമ്മയ്ക്കുൾപ്പെടെ ഒരസുഖം വരാൻ അധികം സമയമൊന്നും വേണ്ടെടാ ചെക്കാ..
അര സെക്കന്റ് സമയം മതി.. അത് തന്നെ ധാരാളമാ...
പിന്നെ നാട്ടിലുള്ള എല്ലാ മനുഷ്യർക്കും അസുഖം വരുമ്പോൾ അത് അപ്പത്തന്നെ വന്ന് നിന്നെ അറിയിച്ചോണം എന്ന് ഒരു നിയമമൊന്നും ഈ നാട്ടിലില്ല. അതറിയില്ലേ നിനക്ക്.."
"ഞാൻ എന്റെയൊരു സംശയം ചോദിച്ചെന്നേയുള്ളൂ. അതിന് അങ്കിൾ ഇങ്ങനെ ദേഷ്യപ്പെടുവൊന്നും വേണ്ട..."
"അജയാ.. നിന്നോട് ഏട്ടൻ ഒരു തവണ പറഞ്ഞു കഴിഞ്ഞു ഇവിടിരുന്നു ഷോ കാണിയ്ക്കരുതെന്ന്.
ഇനി അത് നിനക്ക് കാണിച്ചേ കഴിയൂ എന്നുണ്ടെങ്കിൽ പുറത്ത് പൊക്കോണം.. ഈ കുടുംബത്തിൽ ഇല്ലാത്ത സകലരും പുറത്ത് പോണം. മനയിലായല്ലോ.."
അത് തനിയ്ക്കുള്ള ഒരു സൂചനയാണെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി. ഇവിടിപ്പോൾ ഈ കുടുംബത്തിൽ പെട്ടതല്ലാത്തആൾ എന്ന നിലയ്ക്ക് താൻ മാത്രമാണല്ലോ ഉള്ളത്.
അത് മനസിലായെങ്കിലും രത്നമ്മ ടീച്ചർ അറിഞ്ഞ മട്ടേ നടിച്ചില്ല.
"നവമീ..
നിനക്ക് ഈ വീടല്ലാതെ മറ്റൊരു വീടും സ്വന്തം അച്ഛനും ഉള്ള വിവരം നിനക്കറിയാമല്ലോ... ഇനിയുള്ള കാലം നീ അവിടെ പോയി ജീവിയ്ക്കണം... നിനക്ക് അവിടൊരു അച്ഛനുണ്ട്.. അമ്മയും കാണും..
നീ അങ്ങോട്ട് പോണം മോളേ... കഴിഞ്ഞ പതിനെട്ടു വർഷം നിനക്ക് ഈ വീട് അഭയം നൽകി..അല്ല നീ ഈ വീട്ടിൽ സ്വന്തം പോലെ ജീവിച്ചു... നിന്റെ അച്ഛനെന്ന് നീ പറയുന്ന ആൾ ജീവനോടെ ഇരുന്നപ്പോഴൊന്നും നിന്നോട് ഞങ്ങൾ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.. ഇനി അത് ആവശ്യപ്പെടാതെ വയ്യ.."
നവമി ഒരു ഞെട്ടലോടെ മുഖമുയർത്തി അവരെ നോക്കി.
അവളുടെ കണ്ണുകൾ മുമ്പിൽ നിൽക്കുന്ന ഓരോ മുഖങ്ങളിലൂടെയും ഊർന്ന് പോയി അവസാനം ചെന്ന് അജയന്റെ മുഖത്ത് നിന്നു.
അവനാകട്ടെ വിതുമ്പി പൊടിയാൻ നിൽക്കുന്ന നവമിയുടെ മുഖം കണ്ടിട്ട് നെഞ്ച് വിലങ്ങി..
അവളുടെ കണ്ണിന്റെ വെള്ളകളിൽ ഓരോ തുള്ളി ചോര ഇറ്റിച്ചത് പോലെ ഒരു ചുവപ്പ് രാശി പടർന്നു കിടപ്പുണ്ടായിരുന്നു.
"ഞാൻ... ഞാനെങ്ങോട്ട് പോകാനാ അങ്കിളേ...പെട്ടന്നൊരു നിമിഷം വിളിച്ച് അങ്കിൾ എന്നോട് ഇവിടെ നിന്നിറങ്ങിപ്പോണം എന്ന് പറഞ്ഞാൽ എനിയ്ക്ക് പോകാൻ ഒരിടമുണ്ടോ...
ഞാൻ.. ഞാനെങ്ങോട്ടും പോകില്ല. ഈ വീട് വിട്ട് ഞാൻ എവിടേക്കുമില്ല... എനിയ്ക്കിവിടെ ജീവിച്ചാൽ മതി..
ഇതാ എന്റെ വീട്..
രാമചന്ദ്രൻ മാഷാ എന്റെ അച്ഛൻ... എന്റെ അമ്മയാ ഈ ഇരിയ്ക്കുന്നത്... എനിയ്ക്കിവരൊക്കെയല്ലാതെ ഈ ലോകത്ത് മറ്റാരുമില്ല.. എന്റെ അമ്മയേം, ഈ വീടും വിട്ട് എനിയ്ക്ക് എവിടേയ്ക്കും പോകണ്ട.."
അവൾ, നിങ്ങളാരും പറയുന്നത് ഞാൻ അംഗീകരിച്ചു തരില്ലെന്ന മട്ടിൽ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു.
"അമ്മയോ...
ആരാടീ നിന്റെ അമ്മ...
ഞാനോ.."
അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന പദ്മപ്രിയ പല്ലുകൾ ഞെരിച്ചു കൊണ്ട് ചോദിച്ചു.
"നിനക്ക് ജന്മം തരാത്ത ഞാനെങ്ങിനെ നിന്റെ അമ്മയാകുമെടീ...
എനിയ്ക്ക് മൂന്ന് മക്കളേയുള്ളൂ.. മൂന്ന് മക്കൾക്ക് മാത്രമേ ഞാനെന്റെ ഈ വയറ്റിൽ പിറവി കൊടുത്തിട്ടുള്ളൂ...
നിനക്കൊരച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാളോട് പോയി നീ ചോദിയ്ക്കണം നിന്റെ അമ്മ ആരാണെന്ന്. എന്നിട്ട് അയാൾ ചൂണ്ടിക്കാണിയ്ക്കുന്ന ആളേ വേണം നീ അമ്മേയെന്ന് വിളിയ്ക്കാൻ..
അല്ലാതെ നീ അമ്മേയെന്ന് വിളിച്ചത് കൊണ്ട് ഞാൻ നിന്റെ അമ്മയാകില്ല..
നീയെന്നൊരു വ്യക്തി ഈ ഭൂമിയിൽ പിറവിയെടുത്തതിന് കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി അപമാനിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കായാണ് ഞാൻ..
കഴിഞ്ഞ പതിനെട്ടു വർഷമായി എന്റെ ജീവിതം നരക തീയിലാക്കിയ നിനക്ക് ഇനിയും ഞാൻ അഭയം തരണോ..
പൊയ്ക്കോണം...
എവിടേയ്ക്കെന്ന് വച്ചാൽ പോയി തേടി കണ്ടു പിടിച്ചോണം നിനക്ക് ജന്മം തന്നവരെ...
നീയെന്നൊരു അപമാനം ചുമക്കാൻ ഇനിയും പദ്മ പ്രിയയെ ഈ ജന്മത്ത് കിട്ടില്ല."
അവർ പറഞ്ഞു നിർത്തുമ്പോഴേയ്ക്കും കിതയ്ക്കാൻ തുടങ്ങിയിരുന്നു.
നവമിയോട് അവർ കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന പകയാണ് കെട്ടഴിഞ്ഞു പുറത്തേയ്ക്ക് വരുന്നതെന്ന് രത്നമ്മ ടീച്ചർക്ക് തോന്നി.
അവർ എടുത്തിട്ടുള്ള ഈ തീരുമാനത്തിൽ നിന്ന് അവരെ പിന്തിരിപ്പിയ്ക്കുക എളുപ്പമാകില്ല.
എങ്കിലും പെട്ടന്ന് ഈ കൊച്ച് പെൺകുട്ടി തെരുവിലേക്ക് ഇറങ്ങി എങ്ങോട്ട് പോകും എന്നുള്ള ചിന്ത അവരെ പദ്മ പ്രിയയോട് ഒന്ന് അപേക്ഷിച്ച് നോക്കാൻ തീരുമാനിപ്പിച്ചു.
"നമ്മൾക്കെല്ലാം മനസാക്ഷിഎന്നൊന്ന് ഉള്ളതല്ലേ പദ്മേ...
നിങ്ങൾക്ക് അതൊരിത്തിരിയെങ്കിലും ശേഷിയ്ക്കുന്നുണ്ടെങ്കിൽ ഇവളോട് ഒന്ന് കരുണ കാണിച്ചു കൂടെ..."
രത്നമ്മ ടീച്ചർ കെഞ്ചും പോലെ ചോദിച്ചു.
"കരുണയോ..
ഇവളോടോ..
അങ്ങനൊരു സാധനം ഇവളോട് ഞാൻ കാണിച്ചാൽ ദൈവം എന്നേ ശിക്ഷിയ്ക്കും.
കഴിഞ്ഞ പതിനെട്ടു വർഷമായി എന്റെ ഭർത്താവിനെ എന്നിൽ നിന്ന് അന്യനാക്കി കളഞ്ഞ മുതലാ ഈ നിൽക്കുന്നത്. ഇവളോട് ഞാനിനിയും കരുണകാണിയ്ക്കാൻ നിന്നാൽ പിന്നെ പദ്മ പ്രിയ എന്ന ജന്മത്തിന് എന്തർത്ഥമാണുള്ളത്.."
അവരുടെ കണ്ണിൽ വൈരപ്പൊടി തിളങ്ങുന്നത് രത്നമ്മ ടീച്ചർക്ക് കാണാമായിരുന്നു.
ഇന്നലെ വരെ തന്നെ അമ്മേയെന്ന് വിളിയ്ക്കാൻ സമ്മതിയ്ക്കുകയും, താൻ അമ്മയായി കാണുകയും ചെയ്ത വ്യക്തി...
ആ വ്യക്തിയുടെ നാവിൻ തുമ്പിൽ നിന്ന് പാഞ്ഞു വന്ന തീ വള്ളികൾ നവമിയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ച് കളഞ്ഞു.
"രണ്ട് ദിവസം സമയം തരും നിനക്ക്..
അതിന് മുമ്പ് ഇറങ്ങിയ്ക്കോണം ഈ വീട്ടിൽ നിന്ന്.. എവിടേയ്ക്ക് പോകും നീയെന്ന ചോദ്യം എന്റെ മുമ്പിലേക്ക് ഇട്ടു തരരുത്..
ഒരു ദയയും കിട്ടാൻ പോകുന്നില്ല എന്നിൽ നിന്ന്..
നീ എവിടെ നിന്ന് ഈ വീട്ടിലേക്ക് കൈ പിടിച്ചെത്തിയോ, അവിടേയ്ക്ക് തന്നെ മടങ്ങി പൊയ്ക്കോണം... ഒരവകാശവും പറയാതെ...
ഒരു തുള്ളി കണ്ണീർ പോലും പൊഴിയ്ക്കാതെ പൊക്കോണം എന്റെ മുമ്പിൽ നിന്ന്.."
പദ്മപ്രിയ അവസാന വാക്ക് പോലെ പറഞ്ഞു.
പദ്മപ്രിയയുടെ മറ്റൊരു മുഖം കണ്ടു തരിച്ചു നിൽക്കുകയായിരുന്നു അജയൻ.
ഇവർ ഇന്നോളം അണിഞ്ഞിരുന്ന മുഖം മൂടിയാണ് ഇവിടെ അഴിച്ചു മാറ്റി വച്ചിരിയ്ക്കുന്നത്.
അഭിനയവും, ചമയവും അഴിച്ചു മാറ്റിയ പച്ചയായ സ്ത്രീ...
ഇവർക്കിങ്ങനെയും ഒരു മുഖമുണ്ടായിരുന്നു.
അജയൻ നോക്കുമ്പോൾ എന്തോ പറയാനായി രത്നമ്മ ടീച്ചർ പദ്മ പ്രിയയുടെ അടുത്തേയ്ക്ക് വരികയാണ്.
"വേണ്ട ടീച്ചറേ..."
അവൻ അവരെ തടഞ്ഞു.
"കരുണ എന്തെന്നറിയാത്ത ഇതിന്റെയൊന്നും കാല് പിടിച്ചു കരഞ്ഞിട്ട് പോലും കാര്യമില്ല.
ഇവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിയ്ക്കുന്നവർ
വെറുതേ നാണം കെടാമെന്നേയുള്ളൂ.. അല്ലാതെ ഇവറ്റകളുടെയൊന്നും മനസലിയില്ല.."
അവൻ തിരിഞ്ഞു ചന്ദ്രനെയും, പ്രഭാകരനെയും നോക്കി.
"ആണത്തം കാണിയ്ക്കേണ്ടിയിരുന്നത് ഇപ്പോഴല്ല ഉണ്ണിത്താൻ മാരേ..
രാമചന്ദ്രൻ അങ്കിൾ ജീവനോടെ ഇരുന്നപ്പോഴായിരുന്നു.
അന്ന് അതിന് നിങ്ങൾക്ക് നട്ടെല്ലില്ലായിരുന്നു... അവിടെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയും പിടിപ്പിച്ചു കൊണ്ട് മറഞ്ഞിരുന്നു നിങ്ങൾ... അവസരം കാത്ത്..
അല്ലേ...
പക്ഷെ ഇതുകൊണ്ടൊന്നും കഥ തീരുന്നില്ലെന്ന് രണ്ട് ഉണ്ണിത്താൻ മാരും ചെവിയിൽ കുറിച്ച് വച്ചോ..."
അവൻ നടന്നു നവമിയുടെ അടുത്തേയ്ക്ക് വന്നു.
"ധൈര്യമായിട്ട് ഇരിയ്ക്കെടീ. നിന്റെ തലയിൽ വരച്ച വര ഇപ്പോഴായിരിയ്ക്കും നീ എത്തി ചേരേണ്ടിടത്ത് നിന്നെ കൊണ്ടെത്തിയ്ക്കാൻ പോകുന്നത്...
ഏതായാലും മുഖം മൂടിയിട്ട നരക പിശാചുകൾ വാഴുന്ന ഒരിടമായിരിയ്ക്കില്ല അത്.."
"ഡാ..."
പെട്ടന്ന് ചന്ദ്രൻ ചാടി എണീറ്റു.
"നരകപ്പിശാച് എന്ന് നീ വിളിച്ചത് ആരെയാടാ..."
ചന്ദ്രൻ കൈ വീശി അവന്റെ മുഖത്തടിയ്ക്കാനായി പാഞ്ഞു വന്നു.
"നവമിയല്ല അജയൻ..
ഒന്ന് തന്നാൽ ഇവിടിട്ട് ഒമ്പതെണ്ണം ഞാൻ തിരിച്ച് തന്നിരിയ്ക്കും. അത് വാങ്ങിയ്ക്കാൻ ശേഷിയുണ്ടെങ്കിൽ മാത്രമേ അജയൻറെ ശരീരത്ത് കൈവയ്ക്കാൻ പാടുള്ളൂ.അത് ഏത് തമ്പുരാൻ കുട്ടിയായാലും, ഉണ്ണിത്താനായാലും ."
അജയനെ തല്ലാനായി ഉയർത്തിയ ചന്ദ്രന്റെ കൈമെല്ലെ താണ് പോയി.
തുടരും...
എല്ലാവരുടെയും അഭിപ്രായങ്ങൾ കാത്തിരിയ്ക്കുന്നു.
തുടർഭാഗങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമൻ്റ് ചെയ്താൽ മതി...
#തീരം