
25/02/2025
പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വോളിബോള്‍ കോര്‍ട്ട് സമര്‍പ്പിച്ചു
പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ ഉണര്‍വ് പദ്ധതി പ്രകാരം അനുവദിച്ച മള്‍ട്ടിപര്‍പ്പസ് വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. തെറ്റായ ശീലങ്ങളില്‍ പോകാതെ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തി സാമൂഹ്യ ബോധമുള്ളവരായി പുതുതലമുറ വളരണമെന്ന് മന്ത്രി പറഞ്ഞു. ഒരാളില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തെ മുഴുവനായി നശിപ്പിക്കുന്ന ഒന്നാണ് ലഹരി. ഇത് പൂര്‍ണമായി തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ തുടക്കമായാണ് സ്പോര്‍ട്സ് മേഖലയില്‍ വിമുക്തിയുടെ ഇടപെടലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എം. നൗഷാദ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനും വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനും അവരുടെ കര്‍മശേഷി സര്‍ഗാത്മകമായി വിന്യസിക്കുന്നതിനുമായി എക്സൈസ് വകുപ്പ് വിമുക്തി ലഹരിവര്‍ജന മിഷനുമായി സഹകരിച്ച് ആവിഷ്‌കരിച്ച ഉണര്‍വ്് പദ്ധതിയുടെ ഭാഗമായാണ് ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയത്തില്‍ വോളിബോള്‍ കോര്‍ട്ട് ഒരുക്കിയത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മികച്ച സംരംഭക സാധ്യതയൊരുക്കി കുടുംബശ്രീ കേരള ചിക്കന്‍
കേരള ചിക്കന്‍ തനി നാടന്‍ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ ഏറെ
കൊല്ലം: 10,000 കോഴികളെ വളര്‍ത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുടുംബശ്രീ മിഷന്റെ കേരള ചിക്കന്‍ പദ്ധതിയില്‍ ചേരാം. ഇത്രയും കോഴികളെ വളര്‍ത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂടൊരുക്കിയാല്‍ മാത്രം മതി. കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവയെല്ലാം കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. വളര്‍ത്തുക, വില്‍ക്കുക, ലാഭമെടുക്കുക എന്നതു മാത്രമേ സംരംഭകര്‍ ചെയ്യേണ്ടതുള്ളു.
കോഴിയിറച്ചി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ മിഷന്‍ വഴി സംസ്ഥാനമാകെ കേരള ചിക്കന്‍ ആരംഭിച്ചെങ്കിലും ആവശ്യം കൂടിയതോടെ കൂടുതല്‍ പേരെ അംഗങ്ങളാക്കാനുള്ള വലിയ പദ്ധതിയാണു നടപ്പാക്കുന്നത്. മിതമായ നിരക്കിന് പുറമെ, ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, അന്യ സ്രോതസ്സുകളെ ആശ്രയിക്കാതെ സ്വയംപ്രാപ്തി നേടുക എന്നീ ഉദ്ദേശങ്ങളോടെയുമാണ് പദ്ധതി വിഭാവന ചെയ്തത്.
കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കോ പദ്ധതിയില്‍ ചേരാം. വ്യക്തിഗതമായോ ഒരേ സിഡിഎസിനു കീഴിലുള്ള നാല് പേരടങ്ങുന്ന സംഘമായോ ഫാം നടത്താം. സി.ഡിഎസ് വഴിയാണു അപേക്ഷ നല്‍കേണ്ടത്. ഫാം പുതിയതായി ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും നിലവില്‍ ഫാം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം.
നിലവില്‍ ജില്ലയില്‍ 13 ഔട്ലറ്റുകളും 40 ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ വിറ്റത്, 645264.3 കിലോ ചിക്കന്‍. ഇതുവഴി കുടുംബശ്രീ കേരള ചിക്കന്‍ കമ്പനിക്ക് ലഭിച്ച വരുമാനം 6.4കോടി. ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്ക് ലാഭ വിഹിതമായി ഒരുകോടിയിലധികം രൂപയും ലഭിച്ചു. പദ്ധതിയിലുള്‍പ്പെട്ട കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് വളര്‍ത്ത് കൂലി ഇനത്തില്‍ ലഭിച്ചത് 89 ലക്ഷം രൂപയാണ്. പ്രവര്‍ത്തി ദിനങ്ങളില്‍ 3000കിലോ കോഴിയിറച്ചി വിറ്റഴിയുമ്പോള്‍ അവധി ദിനങ്ങളില്‍ ശരാശരി 50006000 കിലോ വരെ വിറ്റുപോകുന്നു. ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കാത്തതിനാല്‍ വിപണിയില്‍ കേരള ചിക്കന് ആവശ്യക്കാര്‍ ഏറെയാണ്.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്നരീതിയില്‍ 1000 മുതല്‍ 10000 കോഴികളെ വരെ വളര്‍ത്താവുന്ന ഫാം ആണു വേണ്ടത്. ഫാം തുടങ്ങാന്‍ കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവയില്‍നിന്നു വായ്പ ലഭിക്കും. കുടുംബശ്രീ വഴി നടപ്പാക്കുന്ന ഫാം പദ്ധതിക്കു കേരള ചിക്കന്‍ കമ്പനിക്ക് ഒരു സെക്യൂരിറ്റിയും നല്‍കേണ്ടതില്ല.
കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാപ്രവര്‍ത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റിഡാണ്. കര്‍ഷകര്‍ക്ക് വളര്‍ത്തു കൂലി നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 45ദിവസത്തേക്ക്, തീറ്റയും, മരുന്നും കര്‍ഷകര്‍ക്ക് കുടുംബശ്രീ സൗജന്യമായി നല്‍കിയാണ് വളര്‍ത്തുന്നത്. വളര്‍ച്ചയെത്തിയ കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കന്‍ ഔട്ലറ്റുകള്‍ വഴി വില്പന നടത്തുകയും ചെയ്യും.
പൊതുമാര്‍ക്കറ്റിനേക്കാള്‍ ശരാശരി 10രൂപ വരെ കുറച്ചാണ് വില്‍പ്പന. ഓരോദിവസത്തെയും വില സ്വകാര്യമാര്‍ക്കറ്റുകളുമായി താരതമ്യം ചെയ്ത് തലേന്ന് നിശ്ചയിക്കുകയാണ് പതിവെന്നു കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ പറഞ്ഞു
കുടുംബശ്രീ കേരള ചിക്കന്‍ നാട്ടില്‍ സ്വീകര്യമായത്തോടെ ജില്ലയില്‍ സ്വകാര്യ സംരംഭകര്‍ കേരള ചിക്കന്‍ ബ്രാന്‍ഡ് നെയിം ദുരുപയോഗിക്കുന്നതായി പരാതിയുണ്ട്. കേരള ചിക്കന്‍ എന്ന പേരില്‍ നൂറുകണക്കിന് സ്വകാര്യഔട്ലറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണമേന്‍മയേറിയ ചിക്കനാണെന്ന് കരുതി ഉപഭോക്താക്കള്‍ ഈ കെണിയില്‍ അകപ്പെടുന്നതായി കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.
യുവജന കമ്മീഷന്‍ അദാലത്ത്: 21 കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 38 കേസുകളാണ് പരിഗണിച്ചത്. 17 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ആറ് പരാതികള്‍ ലഭിച്ചു. ഇ ഗ്രാന്റ്സും ശമ്പള കുടിശ്ശികയും ലഭിക്കാത്തതും കണ്‍സള്‍ട്ടന്‍സി സ്ഥാപനം വാങ്ങിയ തുക തിരികെ നല്‍കാത്തതും സംബന്ധിച്ചും പി.എസ്.സി നിയമനം, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, തൊഴില്‍ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുമുള്ള പരാതികളാണ് കൂടുതലും ലഭിച്ചത്.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കൃത്യമായ പരിഹാരത്തിന് കമ്മീഷന്‍ ഇടപെടുമെന്നും അവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഷാജര്‍ പറഞ്ഞു. യുവതക്കിടയിലെ വര്‍ധിക്കുന്ന ജോലി സമ്മര്‍ദം സംബന്ധിച്ച് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി 27ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കമ്മീഷന്‍ സെക്രട്ടറി ഡി. ലീന ലിറ്റി, അംഗം എച്ച്. ശ്രീജിത്ത്, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കല്‍, വ്യാപാരികള്‍ പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കല്‍ എന്നിവ ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനയും ശരിയായ രീതിയില്‍ പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പാക്കിങ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മുഖേനയും ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലെ വൃത്തി സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയും സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന.
പൊതുവിതരണ വകുപ്പ് സ്വകാര്യ വ്യക്തിയുടെ ചായക്കടയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള നാല് പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. 30 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിശ്ചിത മാതൃകയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള ഏഴ് കേസുകളെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ 13 പരിശോധനകളില്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ 15 പരിശോധനയില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം സീല്‍ചെയ്ത് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ 17 പരിശോധനകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് ഏഴ് ഓട്ടോക്കാര്‍ക്കെതിരെ നടപടിയെടുത്തു.
പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ ബിന്ദു, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ (കൊല്ലം സര്‍ക്കിള്‍) എസ്.ആര്‍ റസീമ, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രവാസി ഭദ്രത പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തുകയും തിരികെ പോകാന്‍ സാധിക്കാതെ വരുകയും ചെയ്തവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ മിഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന 'പ്രവാസി ഭദ്രത' പലിശരഹിത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ ആറുമാസമെങ്കിലും അയല്‍ക്കൂട്ടാംഗത്വം നേടിയ കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം.
പദ്ധതിയുടെ 75 ശതമാനം അല്ലെങ്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ ഏതാണോ കുറവ് അത് വായ്പയായി അനുവദിക്കും. ആദ്യഘട്ടത്തില്‍ തുകയുടെ പകുതിയും സംരംഭം ആരംഭിച്ചശേഷം ബാക്കി തുകയും നല്‍കും. മൂന്നുമാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുല്യ ഗഡുക്കളായി രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പ തുക തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ പരിശീലനം എന്നിവ നല്‍കും.
അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളും കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷക്കും വിശദ വിവരങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളുമായി ബന്ധപ്പെടണം.
റേഷന്‍ വിഹിതം 28 വരെ
ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായതിനാല്‍ ഉപഭോക്താക്കള്‍ ഫെബ്രുവരിയിലെ വിഹിതം 28നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും 2024-25 വര്‍ഷത്തെ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഫെബ്രുവരി 28നകം ഫിഷറീസ് ഓഫീസുകളിലെത്തണം. തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26ലെ പട്ടികയില്‍നിന്ന് ഒഴിവാക്കും.
മത്സ്യബന്ധനത്തില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് 70 വയസ്സ് വരെ ക്ഷേമനിധി വിഹിതം അടച്ച് അംഗത്വം തുടരാം. തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ രേഖാമൂലം ഫിഷറീസ് ഓഫീസറെ അറിയിക്കണം. അനുബന്ധ തൊഴിലാളി ലിസ്റ്റില്‍ ഉള്‍പ്പെട്ട 60 വയസ്സ് പൂര്‍ത്തിയായവര്‍, പഞ്ചായത്ത്-കോര്‍പ്പറേഷന്‍ പെന്‍ഷന്‍ വാങ്ങുന്ന അനുബന്ധ തൊഴിലാളികള്‍ എന്നിവരും മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി ലിസ്റ്റുകളില്‍ പേര് നിലവിലുള്ള മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും അവകാശികളും പേര്, വിലാസം, ഫോണ്‍ നമ്പര്‍, രേഖകള്‍ എന്നിവയില്‍ മാറ്റമുള്ളവരും ഫിഷറീസ് ഓഫീസറെ അറിയിക്കണം.
ചുരുക്ക പട്ടിക
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 443/2023) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
സാധ്യത പട്ടിക
പട്ടികവര്‍ഗ വികസന വകുപ്പില്‍ കുക്ക് (എന്‍.സി.എ-എല്‍.സി/എ.ഐ, കാറ്റഗറി നമ്പര്‍ 622/2023) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.
ഭൂമി ലേലം
പരവൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 24/14/3ല്‍പ്പെട്ട 4.05 ആര്‍സ് പുരയിടത്തിന്റെ ലേലം മാര്‍ച്ച് 27 രാവിലെ 11ന് പരവൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസിലോ റവന്യൂ റിക്കവറി ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍: 0474 2763736.
അസി. പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് നിയമനം
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തും. അസി. പ്രൊഫസര്‍ (കാര്‍ഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ബോണ്ടഡ് സേവനം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സീനിയര്‍ റസിഡന്റ് (ഓര്‍ത്തോപീഡിക്സ്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്സ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക് ലിസ്റ്റ്, പി.ജി മാര്‍ക്ക് ലിസ്റ്റ്) മുന്‍പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്കെത്തണം. അസി. പ്രൊഫസര്‍ കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 11നും സീനിയര്‍ റസിഡന്റ് കൂടിക്കാഴ്ച ഉച്ചക്ക് 12നും നടക്കും.
ടെന്‍ഡര്‍
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ലാബുകളിലേക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഏഴ് വരെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ ഫോം ലഭിക്കും. മാര്‍ച്ച് ഏഴിനാണ് ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍: 0474-2792957.
ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്‌സ്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫീയൂടെ 50 ശതമാനം റീഫണ്ട് ലഭിക്കും. ഫോണ്‍: 9495999672.
സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍: അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ സൂക്ഷ്മ ജലസേചനം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിങ്ക്ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കും.
അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നികുതി രസീതി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 8606069173, 9567748516.