26/10/2023
#പത്താമുദയം_നാളെ
#ഉത്തരകേരളത്തിലെ_ക്ഷേത്രങ്ങളും #കാവുകളിലും_തറവാടുകളിലും #തെയ്യക്കാലത്തിന്_തുടക്കമാകും
കാഞ്ഞങ്ങാട്: നാളെ പത്താമുദയം. തുലാം പത്തോടെ വര്‍ണ്ണക്കാഴ്ചയുടെയും ഭക്തിയുടെയും അപൂര്‍വ്വമായ കാഴ്ചകളൊരുക്കി ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളും കാവുകളിലും തറവാടുകളിലും വീണ്ടും തെയ്യക്കാലത്തിന് തുടക്കമാകും.
കൊളച്ചേരി ചാത്തമ്പളളി വിഷകണ്ഠന്‍ തെയ്യം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കെ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. അരിവിതച്ച് അരയിയെ സമൃദ്ധമാക്കി കാര്‍ത്തിക ചാമുണ്ഡി അരയി പുഴ കടന്ന് ഭക്തര്‍ക്ക് അനുഗ്രഹ വര്‍ഷം ചൊരിയുന്നതോടെയാണ് മലബാറിലെ തെയ്യാട്ടക്കാലത്തിന് തുടക്കം കുറിക്കുന്നത്.
ഇടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിത്തെയ്യം, നീലേശ്വരം മന്നന്‍പുവറത്ത് കാവ് കലശം എന്നിവയോടെ തെയ്യക്കാലം സമാപിക്കും. തുലാമാസം പിറന്നാല്‍പ്പിന്നെ തെയ്യം കലാകാരന്മാര്‍ക്ക് വിശ്രമിമില്ലാത്ത ദിനങ്ങളാണ്. ചുമതലയുള്ള ഓരോ കാവുകളിലെയും വ്യത്യസ്ഥ ദേവതകളായി സ്വയം രൂപാന്തരപ്പെടാനുള്ള ഒരുക്കങ്ങളാണ് പിന്നീടങ്ങോട്ട്. മഴക്കാലം തെയ്യം കലാകാരന്‍മാരെ സംബന്ധിച്ച് തീര്‍ത്തും വിശ്രമത്തിന്റെ കാലമാണ്. വ്യത്യസ്തമായ ദേവതാസങ്കല്‍പ്പങ്ങള്‍ക്കോരോന്നിനും തീര്‍ത്തും വൈവിധ്യമാര്‍ന്ന അലങ്കാരങ്ങളുമായാണ് ഓരോ തെയ്യങ്ങളും ഭക്തര്‍ക്കു മുമ്പിലെത്തുന്നത്.
ചുവപ്പും കറുപ്പും പോലുള്ള കടുംചായക്കൂട്ടുകളും വസ്ത്രങ്ങളും കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങളുമായി മനുഷ്യന്‍ സ്വയം ദൈവമായി മാറുന്ന വൈവിധ്യമാര്‍ന്ന ഈ ആരാധനാരൂപങ്ങള്‍ ഒരു കൂട്ടായ്മയുടെ മുഴുവന്‍ പൈതൃകത്തിന്റെ ഭാഗമാണ്.കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ അനുഷ്ഠാനം പ്രചാരത്തിലുള്ളത്. ഏകദേശം അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് ഇന്ന് പ്രധാനമായും കെട്ടിയാടപ്പെടുന്നത്. കാവുകള്‍, മുണ്ട്യകള്‍, കോട്ടങ്ങള്‍, കൂലോം, മടപ്പുര, കഴകം, എന്നിവയാണ് തെയ്യാട്ട കേന്ദ്രങ്ങള്‍.
വണ്ണാന്‍മാര്‍, മലയന്മാര്‍, അഞ്ഞൂറ്റാന്മാര്‍,പുലയന്മാര്‍,മാവിലര്‍, കോപ്പാളര്‍ എന്നിവരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്. കര്‍ഷകര്‍ക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. കൊയ്ത്തില്‍ കന്നിവിള കൊയ്തെടുത്തു കഴിഞ്ഞു രണ്ടാമത്തെ വിള തുടങ്ങുന്നത് പത്താമുദയത്തോടെയാണ്. തുലാം പത്തുമുതല്‍ മേടം പത്തുവരെ നാടന്‍കലകള്‍ നടക്കുന്നു. നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകള്‍ നടക്കുന്നു. ചില സ്ഥലങ്ങളില്‍ മേടം പത്തിനു പത്താമുദയം എന്നു പറയും.
(കടപ്പാട്, )