27/06/2025
കാർ ട്രെയിനിൽ കയറ്റുക, വിശ്രമിക്കുക, ബാക്കിയെല്ലാം ട്രെയിൻ ചെയ്തോളും!; റോ-റോ സർവീസുമായി റെയിൽവേ
Voice of kaloor
യാത്രാ വാഹനങ്ങൾക്കായി പുതിയ 'റോൾ-ഓൺ റോൾ-ഓഫ്' (റോ-റോ) സേവനം അവതരിപ്പിക്കാൻ പദ്ധതിയുമായി കൊങ്കൺ റെയിൽവേ. സ്വകാര്യ വാഹനങ്ങൾ, കാറുകൾ, എസ്യുവികൾ എന്നിവ ട്രെയിൻ വാഗണുകളിൽ കൊളാഡ് മുതൽ ഗോവ വരെ കൊണ്ടുപോകുന്നതിനുള്ള ഒരു പൈലറ്റ് സർവീസിനാണ് ആസൂത്രണം ചെയ്യുന്നത്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും കൊളാഡിൽനിന്ന് ഗോവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അവരുടെ കാറുകളിൽ തന്നെ ഇരിക്കാൻ സൗകര്യം നൽകും.
കൊങ്കൺ ഹൈവേയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയാണ് ഈ ആശയം ലക്ഷ്യമിടുന്നത്. കൊളാഡിനും മംഗലാപുരത്തിനും ഇടയിലുള്ള വിജയകരമായ റോ-റോ ട്രക്ക് സർവീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊങ്കൺ റെയിൽവേ ഇപ്പോൾ സ്വകാര്യ വാഹനങ്ങൾക്കായി സമാനമായ സംവിധാനം പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്.
വാണിജ്യ വാഹനങ്ങൾക്കായുള്ള റോ-റോ സേവനം, പശ്ചിമ മഹാരാഷ്ട്രയിൽനിന്ന് കേരളം വരെ ചരക്കുകൾ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാർക്കിടയിൽ വളരെ പ്രചാരമുള്ളതാണ്. ഇന്ധനം ലാഭിക്കാൻ മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കുകയും ഇത് ചെയ്യുന്നു.
10-12 മണിക്കൂർ മുംബൈ-ഗോവ ഡ്രൈവ് പലപ്പോഴും ഗതാഗതക്കുരുക്ക് കാരണം ബുദ്ധിമുട്ടാവാറുണ്ട്. നിർദ്ദിഷ്ട റോ-റോ സർവീസ് ഉപയോഗിക്കുന്നതിലൂടെ യാത്രക്കാർക്ക് സമ്മർദ്ദം ഒഴിവാക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും കാറുകൾക്കുള്ളിൽത്തന്നെ ഇരുന്ന് സുഗമമായ 24 മണിക്കൂർ ട്രെയിൻ യാത്ര ആസ്വദിക്കാനും സാധിക്കും.
ഡ്രൈവർമാർ മുംബൈയിൽനിന്ന് കൊളാഡ് സ്റ്റേഷൻ വരെ ഡ്രൈവ് ചെയ്യുക, വാഹനം ട്രെയിനിൽ കയറ്റുക, തുടർന്ന് വിശ്രമിക്കുക, ബാക്കിയെല്ലാം ട്രെയിൻ ചെയ്തോളും! ഓഗസ്റ്റ് 27-ന് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്നാണ് വിവരം. പരീക്ഷണം വിജയിച്ചാൽ, ഇന്ത്യയിലുടനീളമുള്ള പ്രധാന വിനോദസഞ്ചാര റൂട്ടുകളിൽ സമാനമായ റോ-റോ സേവനങ്ങൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചേക്കാം.