11/09/2024
ആരും പറഞ്ഞില്ല
ഏനുമറിഞ്ഞില്ല
വൃദ്ധനായ്പ്പോയോരു കാര്യം
വാർദ്ധക്യം വന്നു
മുട്ടിവിളിച്ചപ്പോൾ
കേൾക്കാത്തപോലങ്ങു നിന്നു
കേശാദിഭാരത്താൽ
വലഞ്ഞോരു ശിരസ്സിന്ന്
സഹാറ പോലെയങ്ങായി
മഞ്ഞു പുതച്ചൊരു
താഴ്‌വാരം പോലെ
ബാക്കിയോ., വെള്ളി പുതച്ചു
പതിനാറു പ്രായത്തിൽ
തീപ്പെട്ടികൊള്ളിയാൽ
മീശ വരച്ചതൊന്നോർത്തു
അറുപതു പ്രായത്തിൽ
വെളുത്തൊരീ ശ്മശ്രുക്കൾ
ബ്ലാക്ക് ഗോൾഡിനാൽ കറുത്തു
മാസത്തിൽ രണ്ടെന്ന
തോതിലായ്., മുടിയിഴ
കരിവാരി തേക്കുന്ന ദൗത്യം
വേഷമോയിന്നും കോംപ്രമൈസ്
ചെയ്യാത്ത., ടി ഷർട്ടും
ജീൻസുമായ് തുടർന്നു
നാമജപവുമായ്
സ്വസ്ഥമിരിക്കേണ്ട
പ്രായമായതങ്ങു മറന്നു
റിട്ടയർ ചെയ്തതിൻ
ശേഷം., മനസ്സിനെ
യാഗാശ്വമായങ്ങു മാറ്റി
ഇഷ്ടമുള്ളതു ചെയ്യുവാ-
നാകുകിൽ., അതു തന്നെ-
യേറ്റവും ഭാഗ്യം
രോഗം വലച്ചില്ല
മരുന്നും ഭുജിച്ചില്ല
മുജ്ജന്മ സുകൃതമതാവാം
കർമ്മനിരതമായിരിക്കുവാ-
നിന്നും., പ്രത്യേകം
ശ്രദ്ധ നൽകുന്നു
രോഗം വലയ്ക്കാതെ
ബെഡ് റിഡനാകാതെ
പോകണമെന്നാണിന്നാശ
കട്ടിലൊഴിയുവാൻ
കാത്തു നിൽക്കുന്നോരെ
ചിന്തിക്കാനാവില്ല., സത്യം
സ്വന്തം തോളത്തു
തട്ടി പറഞ്ഞു
ഏജൊക്കെ വെറും നമ്പറല്ലേ
അസ്തമയത്തിലും
ചുവന്നു തുടുക്കണം
വർണ്ണം വിതറണം ചുറ്റും”
-ജോൺ ജേക്കബ് -