18/09/2026
പിറവം: സുഹൃത്തുക്കൾ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കക്കാട് പോതുകുന്നത്ത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെ പിറവം സ്നേഹ ഭവൻ റോഡിൽ ആയിരുന്നു സംഭവം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് മരണം സംഭവിച്ചത്. കക്കാട് പെരുമ്പിള്ളിൽ ജിഷ്ണുവാണ് പെട്രോൾ ഒഴിച്ച് തീവച്ചത്. സംഭവത്തിൽ പൊള്ളേലേറ്റ ജിഷ്ണുവും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിന് നേതൃത്വം നൽകിയ ജിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന സാൽബറിൻ, ദേവ്, ചന്ദനു എന്നിവരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഗൾഫിൽ കുടുംബ സമേതം ജോലി ചെയ്തിരുന്ന ജിഷ്ണു അടുത്തയിടെയാണ് നാട്ടിലെത്തിയത്. ബുധൻ പകൽ അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഇത് ജിഷ്ണു ശ്രദ്ധിച്ചില്ല. തുടർച്ചയായി ഫോൺ ബെല്ലടിക്കുന്നത് ശ്രദ്ധയിൽപെട്ട ജിഷ്ണുവിന്റെ അമ്മ ഫോൺ എടുത്തു. ഈ സമയം അരുൺ അമ്മയെ ചീത്ത വിളിച്ചു എന്നതാണ് പ്രകോപനത്തിന് കാരണം.തുടർന്നാണ് തര്ക്കം ആരംഭിക്കുന്നത്. അരുണിനെ അർദ്ധരാത്രിൽ സ്നേഹഭവൻ റോഡിലേക്ക് ജിഷ്ണു വിളിച്ചു വരുത്തുകയായിരുന്നു. വാക്കേറ്റത്തിനിടെ സുഹൃത്തുക്കൾക്കൊപ്പം പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ച് ജിഷ്ണു തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും കൂടെ ഉണ്ടായിരുന്നവർ തന്നെ ആണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പരുക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്
കൊണ്ടുപോവുകയായിരുന്നു.