16/10/2025
മുസ്‌ളീം ലീഗിന്റെ
മതേതര പൊയ്മുഖം-
വെള്ളാപ്പള്ളി നടേശൻ
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി'കളിലൊന്നാണ് മുസ്‌ളീം ലീഗ്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തില്‍ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ല. അവിഭക്ത ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട സര്‍വ്വേന്ത്യാ മുസ്‌ളീം ലീഗിന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ്. രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്‌ളീങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കലാണ്. അല്ലാതെ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല. ഇന്ത്യാ വിഭജനത്തിന് വഴിയൊരുക്കിയ സര്‍വ്വേന്ത്യാ മുസ്‌ളീം ലീഗിന്റെ ഇന്ത്യന്‍ പതിപ്പാണ് 1948ല്‍ ചെന്നൈയില്‍ രൂപീകരിക്കപ്പെട്ട ഇന്നത്തെ ലീഗ്. അതിന് കൂടുതല്‍ ഡെക്കറേഷന്റെ ആവശ്യമില്ല.
ഈ പശ്ചാത്തലമെല്ലാം ജനം മറക്കുമെന്നാണ് ഇപ്പോഴത്തെ ചില ലീഗുനേതാക്കളുടെ വിചാരം. മനുഷ്യത്വമുള്ള, മനുഷ്യന്റെ വേദനകള്‍ തിരിച്ചറിയുന്ന കുറേ നേതാക്കള്‍ പണ്ടും ഇന്നും ആ സംഘടനയിലുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാല്‍ ഓര്‍മ്മവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റല്‍മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജിയെപ്പോലുള്ള 'ആദര്‍ശധീരന്മാരാ'യ ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ? പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലു കുടിക്കുക. നിങ്ങളുടെ ഇരട്ടമുഖം വെളിച്ചത്തുവന്നു കഴിഞ്ഞു. സംവരണ സീറ്റില്‍ മത്സരിപ്പിക്കാന്‍ മുസ്‌ളീങ്ങള്‍ക്ക് സാധിക്കാത്തതുകൊണ്ടാണ് നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടികജാതിക്കാരെ പച്ചവേഷം കെട്ടിച്ച് ജയിപ്പിച്ച് ലീഗ് മതേതരനാടകം ആടുന്നതെന്ന് മനസിലാക്കാനുള്ള വകതിരിവൊക്കെ മലയാളികള്‍ക്കുണ്ട്.
പൊതുവേദികളില്‍ പൂച്ചകളെപ്പോലെ ഇരുന്ന് മതേതരത്വത്തിന്റെ മനോഹാരിത വിളമ്പി ഗിരിപ്രഭാഷണം നടത്തുന്ന ലീഗ് നേതാക്കള്‍ സ്വദേശത്തും വിദേശത്തുമുള്ള മുസ്‌ളീം വേദികളില്‍ പുലികളായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ഗീയവിഷമാണ് വിതറുന്നത്. ചില മുസ്‌ളീം മതപ്രഭാഷകരുടെ കുപ്രസിദ്ധമായ വിദ്വേഷ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ ലീഗ് നേതാക്കളുടെ പ്രഭാഷണങ്ങളുമായി വലിയ വ്യത്യാസമൊന്നുമില്ല. ഭൂരിപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ കേരളത്തില്‍ നേരിടുന്ന വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അവരുടെ വേദനകളെയും കുറിച്ച് പറയുന്ന ഞാനുള്‍പ്പടെയുള്ളവരെ വര്‍ഗീയവാദികളും സാമൂഹ്യവിരുദ്ധരുമായി ചിത്രീകരിക്കുന്ന ലീഗിന്റെയും കൂട്ടാളികളുടെയും പൊയ്മുഖം ഷാജിയുടെ വര്‍ഗീയപ്രസംഗത്തിലൂടെ വലിച്ചുകീറപ്പെട്ടു.
ഇനി കേരളത്തില്‍ അധികാരം പിടിക്കേണ്ടത് ഒമ്പതര വര്‍ഷത്തെ മുസ്‌ളീങ്ങളുടെ നഷ്ടം തിരിച്ചെടുക്കാനാണെന്നും എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ പുതിയ ബാച്ചുകളും സീറ്റുകളും പിടിച്ചെടുക്കാനാണെന്നും പറഞ്ഞ ഷാജിയത്രെ മതസൗഹാര്‍ദത്തിന്റെ ഉത്തമമാതൃക.
സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നാണ് രാഷ്ട്രീയ നേതാവായ ഷാജിയുടെ ന്യായീകരണം. അങ്ങിനെയെങ്കില്‍, അന്തസുണ്ടെങ്കില്‍ അദ്ദേഹം 'കുമ്പിടി' കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവച്ച്, മുസ്‌ളീങ്ങള്‍ക്ക് വേണ്ടി സംസാരിക്കട്ടെ. അതാണ് മിനിമം മര്യാദ.
മുസ്‌ളീങ്ങളുടെ മാത്രം വോട്ടുകൊണ്ടല്ല തങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്ന സാമാന്യസത്യം തിരിച്ചറിയുന്ന കുറച്ചു നേതാക്കള്‍ മാത്രമേ ആ പാര്‍ട്ടിയിലുള്ളൂ. ഷാജിയുടെ 'സത്യപ്രഘോഷണം' കേട്ടാകും അവരെല്ലാം ഇപ്പോള്‍ മൗനത്തിലാണ്. ലീഗിനെപ്പോലുള്ള രാഷ്ട്രീയ കക്ഷികളാണ് ഭൂരിപക്ഷ സമൂഹത്തിലും മതചിന്തകള്‍ വളര്‍ത്തിയത്. കേരളത്തിലെ മുസ്‌ളീങ്ങളും ക്രൈസ്തവരും അറേബ്യയില്‍ നിന്നോ ബത്ലഹേമില്‍ നിന്നോ വന്നവരല്ല. ഇവിടെയുണ്ടായിരുന്ന ഹൈന്ദവര്‍ തന്നെയാണ്. സ്വന്തം സഹോദരങ്ങളാണ്. വിശ്വാസം മാറിയതുകൊണ്ട് അവരെ ചൂഷണം ചെയ്യാമെന്ന വിചാരമാണ് വര്‍ഗീയത. അത് ഇനിയും ഉറക്കെ വിളിച്ചുപറയും. പരിഭവിച്ചിട്ട് കാര്യമില്ല.
രാഷ്ട്രീയം കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന ബിസിനസാണെന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കള്‍. മതേതര രാഷ്ട്രീയം കളിച്ച് സ്ഥാനമാനങ്ങള്‍ നേടുകയും അധികാരം കൈയില്‍ കിട്ടുമ്പോള്‍ സ്വന്തം മതത്തിനും ആളുകള്‍ക്കും വേണ്ടി പൊതുഖജനാവും പദവികളും ദുരുപയോഗിക്കുകയും ചെയ്തവരാണിവര്‍. മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിന്റെ പുതിയ തലമുറ. ഏറ്റവുമധികം ഫണ്ട് മറിയുന്ന വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകളുടെ അട്ടിപ്പേറവകാശികളായിരുന്നു ലീഗ്. താക്കോല്‍ സ്ഥാനങ്ങളിലെല്ലാം സ്വന്തം ആളുകളെ കുത്തിനിറച്ച് അഴിമതിയും തീവെട്ടിക്കൊള്ള നടത്തിയവരുടെ ഒമ്പതര വര്‍ഷത്തെ നഷ്ടത്തിന്റെ കനം ഞങ്ങള്‍ക്കും മനസിലാകുന്നുണ്ട്. ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എസ്.എന്‍.ഡി.പി യോഗവും മറ്റും ഹൈന്ദവ സംഘടനകളും യാചിച്ചു നടക്കുമ്പോള്‍ സമ്പന്ന മുസ്‌ളീം പ്രമാണിമാര്‍ക്കും തട്ടിക്കൂട്ട് മുസ്‌ളീം പ്രസ്ഥാനങ്ങള്‍ക്കും സ്‌കൂളുകളും കോളേജുകളും വാരിക്കോരി കൊടുത്തവരാണ് നഷ്ടക്കണക്കില്‍ വിലപിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉള്‍പ്പടെ സര്‍ക്കാര്‍ കരാറുകാരില്‍ വലിയൊരു പങ്കും മുസ്‌ളീങ്ങളായത് എങ്ങിനെയെന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. മുസ്‌ളീം മതസ്ഥാപനങ്ങളുടെ മുന്നിലെ സംസ്ഥാന ഹൈവേകള്‍ ഉള്‍പ്പടെ പൊതുമരാമത്ത് റോഡുകളിലുള്ള പതിനായിരക്കണക്കിന് അനധികൃത ഹമ്പുകള്‍ ചാടുമ്പോള്‍ തിരിച്ചറിയുക ഇതെല്ലാം മതേതരത്തിന്റെ മഹനീയ മാതൃകകളാണെന്ന്.
കേരളത്തില്‍ ഉയരുന്ന ഹിജാബ്, സൂംബാ ഡാന്‍സ്, സ്‌കൂള്‍ സമയമാറ്റം തുടങ്ങി പൊതുസമൂഹത്തെ ബാധിക്കുന്ന മുസ്‌ളീം വിഷയങ്ങളില്‍ ലീഗ് നേതാക്കള്‍ പുലര്‍ത്തുന്ന മൗനം തന്നെയാണ് അവരുടെ ഇരട്ടത്താപ്പിന് തെളിവ്. സാമൂഹ്യയഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരുടെ മേല്‍ വര്‍ഗീയവാദി ചാപ്പ കുത്തുന്ന ലീഗിന്റെ നേതാക്കള്‍ ഓര്‍ക്കണം വര്‍ഗീയക്കടലില്‍ മൂക്കോളം മുങ്ങി നില്‍ക്കുന്നവരാണ് തങ്ങളെന്ന്. സമ്പന്ന മുസ്‌ളീങ്ങള്‍ക്ക് വേണ്ടി സമ്പന്നരായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന തിരിച്ചറിവ് പാവപ്പെട്ട മുസ്‌ളീങ്ങള്‍ക്കും വേണം. വോട്ടുബാങ്കെന്ന അവരുടെ വില്‍പ്പനചരക്കാണ് നിങ്ങള്‍. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്‌ളീം ലീഗ്. നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നുതളളിയ, ക്ഷേത്രധ്വസംനങ്ങള്‍ നടത്തിയ മലബാര്‍ കലാപം നടന്ന മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് ലീഗെന്ന ബോദ്ധ്യം ഇവിടുത്തെ ഭൂരിപക്ഷ സമൂഹം മറന്നുപോയതാണ് അവര്‍ ചെയ്ത തെറ്റ്. നവതിയിലെത്താറായെങ്കിലും ഇപ്പോഴും ഈ ലീഗിന് കേരളത്തിനപ്പുറം ബാലികേറാമലയായത് അന്യസംസ്ഥാനക്കാര്‍ക്ക് ഇവരുടെ തനിനിറം മനസിലാകുന്നതിനാലാണ്.
അവസരവാദരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്‌ളീം വോട്ടുബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണിരാഷ്ട്രീയം ലീഗിനെയും ഷാജിയെയും പോലുള്ള നേതാക്കളെ ചുമക്കുന്നത്. അധികാരത്തിന്റെ ശീതളിമയിലും ആര്‍ഭാടത്തിലും തീവെട്ടിക്കൊള്ളയില്‍ നിന്ന് ഒമ്പതര വര്‍ഷം അകന്ന് നില്‍ക്കുമ്പോഴുള്ള ബുദ്ധിമുട്ട് മറ്റുള്ളവരുടെ നേര്‍ക്ക് തീര്‍ക്കാന്‍ ശ്രമിക്കരുതേ ലീഗുകാരേ. കേരളത്തിലെങ്കിലും മതരാഷ്ട്രസ്ഥാപനമാണ് നിങ്ങളുടെ സ്വപ്‌നമെന്ന് ഞങ്ങള്‍ മനസിലാക്കുന്നുണ്ട്.