23/09/2025
രണ്ട് മിനിറ്റോളം നീണ്ട ഫെയ്സ്ബുക്ക് ലൈവാണ് പുനലൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഐസക് പങ്കുവെച്ചത്.
വളരെ വിഷമകരമായ കാര്യമാണ് ഞാൻ പറയുന്നത്, എന്റെ ഭാര്യയെ കൊന്നുകളഞ്ഞു' എന്നാണ് താൻ ചെയ്ത ക്രൂരതയേക്കുറിച്ച് വീഡിയോയില്‍ ഐസക് വിവരിക്കുന്നത്. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ശാലിനിയുടെ വീട്ടില്‍ എത്തിയ ഐസക് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവന്ന വീഡിയോയില്‍നിന്ന് വ്യക്തമാകുന്നത്. മൂത്തമകൻ കാൻസർ രോഗിയാണെന്നും കുട്ടികളുടെ കാര്യത്തില്‍ ഭാര്യയ്ക്ക് ശ്രദ്ധയില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതില്‍ തനിക്ക് എതിർപ്പുണ്ടെന്നും എന്നാല്‍, അതുമായി ഭാര്യ മുന്നോട്ടുപോയെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. ആഡംബര ജീവിതവും താനറിയാതെ ബന്ധങ്ങളും ഭാര്യയ്ക്കുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു. വീട് നിർമ്മിച്ചത് താനാണെന്നും ആ വീട്ടില്‍നിന്ന് താൻ ഇറങ്ങിപ്പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടുവെന്നും ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്.
ഞാനറിയാതെ വീട്ടില്‍നിന്ന് സ്വർണമെടുത്ത് പണയംവെച്ചു. പറഞ്ഞാല്‍ കേള്‍ക്കാറില്ല, ഇഷ്ടമുള്ള രീതിയില്‍ വന്നുപോകുന്നു. മൂത്ത കുട്ടിക്ക് കാൻസറാണ്. അതിലൊന്നും അവള്‍ക്ക് വിഷമം ഇല്ല. ആഡംബര ജീവിതം നയിക്കാനാണ് അവള്‍ക്കിഷ്ടം. ഉണ്ടാക്കിയ മുതലെല്ലാം നശിപ്പിച്ചു. അമ്മയുടെ വീട്ടിലാണ് ഇപ്പോള്‍ അവള്‍ താമസിക്കുന്നത്. അതിലൊന്നും പ്രശ്നമില്ല. എന്നെ അനാവശ്യം പറയുകയും അനാവശ്യമായി പോവുകയും ചെയ്തതിന്റെ പേരിലാണ് ഇങ്ങനെ ചെയ്തത്. നാട്ടുകാരോട് അന്വേഷിച്ചാല്‍ കാര്യമറിയാം', വീഡിയോയില്‍ പ്രതി പറയുന്നു.
'ഞാൻ വണ്ടി പഠിപ്പിച്ചു, വാങ്ങിക്കൊടുത്തു. അനാവശ്യമായി പോകുന്നതിനാല്‍ ഇനി വണ്ടി ഉപയോഗിക്കരുത് എന്ന് പറഞ്ഞു. എന്നാല്‍, എന്റെ പേരെഴുതിയ മോതിരം പണയപ്പെടുത്തിയോ വിറ്റോ ഞാനറിയാതെ രണ്ടാമതൊരു വണ്ടികൂടി വാങ്ങി. ജോലിക്കും പോയി. ഒരു പാർട്ടിയിലും ചേർന്നു. പാർട്ടിയില്‍ പോകണ്ട എനിക്കിഷ്ടമല്ലെന്ന് പറഞ്ഞതാ. എന്നാല്‍, പാർട്ടിയില്‍ ഉള്ളവർ പിന്തുണനല്‍കി, എന്തുവന്നാലും ഞങ്ങളുണ്ടെന്ന് പറഞ്ഞു. രാത്രികാലങ്ങളില്‍ വരികയും പോകുകയുമൊക്കെയാണ് ചെയ്യുന്നത്. ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാമെന്ന് പലപ്രാവശ്യം പറഞ്ഞതാണ്. അതുകേള്‍ക്കാതെ സ്വന്തം ഇഷ്ടപ്രകാരം പോയി. 2024-ല്‍ ഞാൻ അറിയാതെ എന്റെ വീട്ടില്‍നിന്ന് സ്വർണമെടുത്ത് പണയം വെച്ചു. മക്കളുടെ കാര്യം എന്താകുമെന്ന് ചിന്തിച്ചിട്ടാണ് ഒരുപാട് കാലം വിട്ടത്. എന്നാല്‍, അവള്‍ക്ക് അതൊരു പ്രശ്നമല്ല. നാട്ടുകാർ എന്നെനോക്കി ചിരിക്കുകയാണ്', വീഡിയോയില്‍ ഐസക് പറയുന്നു.