12/06/2025
Kuwait live malayalam കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ് നിയമവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി മാനവ ശേഷി സമിതി.എക്സിറ്റ് പെർമിറ്റ് ആരംഭിക്കുന്ന തീയതി മുതൽ പരമാവധി 7 ദിവസത്തിനകം പെർമിറ്റ് ഉപയോഗിച്ചുയാത്ര ചെയ്യാൻ അനുമതി ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം.
എക്സിറ്റ് പെർമിറ്റിനു അപേക്ഷിക്കുന്നതിനു രണ്ട് സേവനങ്ങൾ ആരംഭിച്ചതായി മാനവ ശേഷി സമിതി അധികൃതർ ഇന്നലെ പ്രഖ്യാപനം നടത്തിയിരുന്നു.. സാഹൽ/ബിസിനസ് ,അല്ലെങ്കിൽ അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്ത അഷാൽ എന്നീ ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത് .കൂടാതെ, സാഹൽ ആപ്പ് വഴി തൊഴിലാളികൾക്ക് വേണ്ടി അവരുടെ തൊഴിലുടമയ്ക്ക് എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥന സമർപ്പിക്കാൻ അനുവദിക്കുന്നുവെന്നും അധികൃതർ അറിയിച്ചു അതേസമയം സാഹൽ/ബിസിനസ് ആപ്പ് വഴി തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാർ സമർപ്പിക്കുന്ന എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും മറ്റൊരു സേവനവും ലഭ്യമാണ്.ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.തൊഴിലാളി യുടെ എക്‌സിറ്റ് പെർമിറ്റ് അപേക്ഷകളിൽ തൊഴിലുടമയുടെ ഏകപക്ഷീയമായ നടപടിയോ , മനഃപൂർവമായി തടസ്സം സൃഷ്ടി ക്കുകയോ അല്ലെങ്കിൽ അനുമതി നൽകാൻ വിസമ്മതം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ സ്ഥാപിതമായ നിയമ നടപടിക്രമങ്ങൾക്കനുസൃതമായി തൊഴിലുടമക്ക് എതിരെ പരാതി നൽകാൻ തൊഴിലാളിക്ക് അവകാശം ഉണ്ടായിരിക്കും.