13/05/2025
അമ്മയെ പോലെ നഴ്സാകാന്‍ ഞാനില്ല'; ഡോക്ടറാകാന്‍ എന്‍ട്രന്‍സെഴുതി, പക്ഷേ ചെറിയൊരു മനംമാറ്റം: 23 വർഷമായി ദുബായിലെ പ്രസവവാർഡിലുണ്ട് ഈ മലയാളി♥️
അച്ഛന്‍ ഡോക്ടറാക്കാന്‍ ആഗ്രഹിച്ച മകള്‍, പഠനകാലത്ത് അമ്മയെ പോലെ നഴ്സാകാന്‍ താനില്ലെന്ന് ഉറപ്പിച്ച മകള്‍, പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി ഡെയ്സി വർഗ്ഗീസ്. കഴിഞ്ഞ 23 വർഷമായി ദുബായ് ഗവണ്‍മെന്റ് മറ്റേണിറ്റി ആശുപത്രിയില്‍ നഴ്സാണ് ഡെയ്സി. ഒരു സ്ത്രീ ജീവിതത്തിലെ ഏറ്റവും വലിയ വേദനയനുഭവിക്കുന്ന പ്രസവ വാർഡിലെ നഴ്സ്. ഓരോ നഴ്സും ഓരോ ദിവസവും കടന്നുപോകുന്നത് അനേകം ജീവിതകഥകളിലൂടെയാണെന്ന് പറയാം. മുന്നിലെത്തുന്നവരെല്ലാം ഓരോ കഥകളാണ്. ജോലിയേക്കാള്‍ തങ്ങളുടെ അടുത്തേക്കെത്തുന്നവർക്ക് നല്ല വാക്കുകൊണ്ടെങ്കിലും ആശ്വാസമാകാന്‍ കഴിഞ്ഞാല്‍ തൃപ്തരാകുന്നവരാണ് ഭൂരിഭാഗം നഴ്സുമാരും, അങ്ങനെയൊരു മനസ്സുളളതുകൊണ്ടുമാത്രമാണല്ലോ, അവർ നഴ്സിന്റെ കുപ്പായമിട്ടതും.
ഡെയ്സി വർഗ്ഗീസ് ജനിച്ചതും വളർന്നതുമെല്ലാം ജംഷഡ്പൂരിലാണ്. ഡോക്ടറായിരുന്നു അച്ഛന്‍ പി വി വർഗ്ഗീസ്. അമ്മ സാറാമ്മ നഴ്സും. ഒരു നഴ്സിന്റെ ബുദ്ധിമുട്ടുകള്‍ കണ്ട് വളർന്നതുകൊണ്ടാകാം, പഠനകാലത്ത് നഴ്സാകാനില്ല എന്നതായിരുന്നു നിലപാട്. സ്പോർട്സിലെ മികവിന് നേതാജി സുഭാഷ് ചന്ദ്രബോസ് നാഷനല്‍ സ്കോളർഷിപ്പോടെയാണ് പാലക്കാട് മേഴ്സി കോളജില്‍ പ്രീഡിഗ്രിക്ക് ചേർന്നത്. അതോടൊപ്പം തന്നെ ഡോക്ടറാകുകയെന്ന ലക്ഷ്യത്തില്‍ എന്‍ട്രന്‍സിനും തയാറെടുത്തു. കൂടെ പഠിച്ചവരുടെ വാക്കുകളാണ് നഴ്സിങിലേക്ക് വരാനുളള പ്രചോദനമായത്. എന്‍ട്രന്‍സ് എഴുതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ബി എസ് സി നഴ്സിങിന് ചേർന്നു. 10 വർഷത്തിന് ശേഷം, ഭർത്താവ് റെജി ജേക്കബ് കേളചന്ദ്രയ്ക്കൊപ്പം 2002 ല്‍ യുഎഇയിലേക്കെത്തി.
ലേബർ റൂം സ്പെഷലൈസേഷനുളളതുകൊണ്ടുതന്നെ ദുബായ് ഗവണ്‍മെന്റ് മറ്റേണിറ്റി ആശുപത്രിയില്‍ നഴ്സായി. ജോലി തുടങ്ങിയ സമയത്ത് ദിവസവും 4-5 പ്രസവ കേസുകളില്‍ ഡോക്ടർമാർക്കൊപ്പം സഹായിയായി. കരഞ്ഞുകൊണ്ടുവന്ന്, ചിരിച്ചുകൊണ്ട് പോകുന്ന സ്ഥലമാണല്ലോ ലേബർ റൂമുകള്‍. ഒരു കുഞ്ഞുജീവന്‍ ഭൂമിയിലേക്ക് എത്തുന്നതിന്റെ സന്തോഷം കാണുന്നതുതന്നെയാണ് ഈ ജോലിയുടെ ഏറ്റവും വലിയ അനുഗ്രഹം. പ്രസവ സമയത്ത്, അമ്മയോട് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊടുക്കാറുണ്ട്. അപ്പോള്‍ ചിന്തിക്കുന്നത്, ഭൂമിയിലേക്ക് എത്തുന്ന ആ കുഞ്ഞ് ജീവന്‍ തങ്ങളിലൂടെ ആ അമ്മയോട് സംവദിക്കുകയാണെന്നാണ്, ആ ചിന്ത തന്നെ സുന്ദരമല്ലേ, ഡെയ്സി ചോദിക്കുന്നു.
23 വർഷക്കാലത്തിനിടെ കടന്നുപോയ അനുഭവങ്ങളും ചെറുതല്ല. സാധാരണ പ്രസവത്തേക്കാള്‍ സിസേറിയന് ചെലവ് കൂടുതലാണ്. അതുകൊണ്ടുതന്നെ മിക്കവരും സാധാരണ പ്രസവം ആഗ്രഹിച്ചാണ് ആശുപത്രിയിലെത്താറുളളത്. ആദ്യ പ്രസവം സിസേറിയനായതിനാല്‍ രണ്ടാം പ്രസവവും സിസേറിയനാകുമോയെന്നുളള ആശങ്കയിലെത്തിയ ഒരമ്മയെ ഡെയ്സി ഇന്നും ഓർക്കുന്നു. അവരുടെ പ്രധാന ആശങ്ക ആശുപത്രി ചെലവ് തന്നെയായിരുന്നു. അവരെ സമാശ്വസിപ്പിച്ച് കൂടെ നിന്നു. ആദ്യത്തെ പ്രസവം സിസേറിയനായതുകൊണ്ട് രണ്ടാമത്തേയും അങ്ങനെയാകണമെന്നില്ല എന്നതടക്കമുളള കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. ആ സമയത്ത് അമ്മയ്ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കുകയെന്നുളളതായിരുന്നു ലക്ഷ്യം. അവരുടേത് സാധാരണ പ്രസവമായിരുന്നു. ആ കുഞ്ഞിന് ഇന്ന് 20 വയസ്സുണ്ട്. പിന്നീട് കണ്ട് സംസാരിച്ചപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കൂടെ നിന്ന നിങ്ങളാണ് എന്റെ മാലാഖ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും പ്രാർഥിക്കാറുണ്ട്, എന്നവർ പറഞ്ഞു. അതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
അപ്രതീക്ഷിതമായി വളരെ നേരത്തെ പ്രസവിക്കേണ്ടി വന്ന ഒരമ്മയുടെ അനുഭവവും ഡെയ്സി പങ്കുവച്ചു. കുഞ്ഞിന് ആകെ 600 ഗ്രാം മാത്രമായിരുന്നു തൂക്കം. അന്ന് ആ അമ്മയ്ക്ക് എല്ലാവരോടും ദേഷ്യമായിരുന്നു. സങ്കടവും. തന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അവർ വിചാരിച്ചിരുന്നത്. ആ മാനസികാവസ്ഥയില്‍ നിന്നും അവരെ തിരിച്ചുകൊണ്ടുവരികയെന്നുളളത് വലിയ പ്രയാസമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. പ്രസവം കഴിഞ്ഞ് പോയിട്ടും കുഞ്ഞിന്റെ ഫോട്ടോയെല്ലാം അയച്ചുതരുമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ വർഷം തോറും ആശുപത്രിയില്‍ ഒത്തുചേരാറുണ്ട്. അവിടെ തന്റെ അനുഭവം പറയാന്‍ ആ അമ്മ വന്നിരുന്നു, അന്ന് അവർ പറഞ്ഞ നല്ല വാക്കുകള്‍ തന്നെയാണ് ഈ ജോലിയില്‍ നിന്നും കിട്ടുന്ന ബോണസ്.
പ്രസവവാർഡില്‍ എപ്പോഴും കേള്‍ക്കേണ്ടിവരുന്ന മറ്റൊരു കാര്യമാണ് വേഗം സിസേറിയന്‍ ചെയ്തോളൂവെന്നുളളത്. മിക്കപ്പോഴും മകളുടെ വേദന കണ്ടുനില്‍ക്കാന്‍ കഴിയാതെ അച്ഛനമ്മമാരാണ് സിസേറിയന് വേണ്ടി ആവശ്യപ്പെടുന്നത്. കുറച്ചുസമയം കൂടി ക്ഷമിക്കൂവെന്ന് പറയുമ്പോള്‍ പലരും ദേഷ്യപ്പെടാറുണ്ട്. ആ സമയത്ത് അവരെ പറഞ്ഞുമനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. പരമാവധി സാധാരണ പ്രസവമെന്നതിന് തന്നെയാണ് ഇവിടെ ഡോക്ടർമാർ മുന്‍തൂക്കം നല്‍കാറുളളത്. കുറച്ചുനേരം മുന്‍പ് ദേഷ്യപ്പെട്ടവർ തന്നെ, പ്രസവം കഴിഞ്ഞ് കുഞ്ഞുമായി സന്തോഷത്തോടെ ഇരിക്കുന്നത് കാണാം. അത് ഈ ജോലി നല്‍കുന്ന സന്തോഷം.
മകന്‍ ബെഞ്ചമിന്‍ ജേക്കബ് റെജിയ്ക്ക് എട്ടുവയസ്സുളളപ്പോഴാണ് ഭർത്താവ് റെജി ജേക്കബ് മരിക്കുന്നത്. പിന്നീടിങ്ങോട്ട് ജീവിതത്തില്‍ കരുത്തായത് ഈ ജോലി തന്നെയാണ്. ലേബർ റൂമില്‍ ഒരു സാധാരണ നഴ്സായാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ഇന്ന് ഡെലിവറി വാർഡിലെ ചാർജ്ജ് നഴ്സാണ്. ഏറ്റവും അർഥവത്തായ ജോലിയാണ് നഴ്സിങ്, ഒരു നല്ല നഴ്സാകുകയെന്നുളളത് ഒട്ടും എളുപ്പമല്ല. പലരും ശമ്പളമെന്നത് മാത്രം മുന്‍നിർത്തിയല്ല ഈ ജോലി തിരഞ്ഞെടുക്കുന്നത്. മറ്റ് എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായാലും പരിചരിക്കുന്ന രോഗിയില്‍ നിന്നും കിട്ടുന്ന പുഞ്ചിരി പ്രതീക്ഷയാക്കി ഈ ജോലിയില്‍ തുടരുന്നവരുണ്ട്. അതുകൊണ്ടാണല്ലോ നമ്മള്‍ അവരെ മാലാഖമാരെന്ന് വിളിക്കുന്നത്. പ്രസവവാർഡില്‍ ജോലി ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീയുടെ ഏറ്റവും വേദനാജനകമായ നിമിഷത്തിലും, സന്തോഷമുളള നിമിഷത്തിലും, അവരെ നിശബ്ദമായി സാന്ത്വനിപ്പിപ്പ്, ആശ്വാസത്തിന്റെ ഒരു കയ്യുറപ്പ് നല്‍കികൊണ്ട് കൂടെയുണ്ടാവുകയെന്നുളളതാണ് നഴ്സിന്റെ ദൗത്യം, ഡെയ്സി പറയുന്നു. ഓരോ നഴ്സും ഓരോ മെഴുകുതിരിയാണ്, ചുറ്റുമുളളവർക്ക് വെളിച്ചം നല്‍കാന്‍, ഒരു പുഞ്ചിരി നല്‍കാന്‍ സ്വയം ഉരുകിത്തീരുന്ന മെഴുകുതിരികള്‍ ഡെയ്സി പറഞ്ഞുനിർത്തുന്നു.
~~copied~~