
15/09/2025
ഒളിമ്പിക്സ് ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കായികമേളയാണ്. ഇതിന്റെ ഔദ്യോഗിക ചിഹ്നമായ ഒളിമ്പിക്സ് വളയം (Olympic Rings), കായികരംഗത്തിന്റെ അതിരുകളെ മറികടന്ന് ലോകസൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. 1913-ൽ ആധുനിക ഒളിമ്പിക്‌സ് സ്ഥാപകനായ ബാരോൺ പിയർ ഡി കുബർട്ടിൻ രൂപകല്പന ചെയ്ത ഈ ചിഹ്നം1920-ലെ ആൻറ് വെർപ് ഒളിമ്പിക്‌സിൽ (Antwerp Olympics) ആണ് ഔദ്യോഗികമായി പ്രദർശിപ്പിക്കപ്പെട്ടത് . വെളുത്ത പശ്ചാത്തലത്തിൽ നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ നിറങ്ങളിൽ ആണ് ഈ അഞ്ചു വളയങ്ങൾ . ഈ അഞ്ചു വളയങ്ങൾ അഞ്ചു ഭൂഖണ്ഡങ്ങളെ (ആഫ്രിക്ക, വടക്കേ + തെക്കേ അമേരിക്ക, ഏഷ്യ , യൂറോപ്പ്, ഓഷ്യാനിയ) ആണ് പ്രതിനിധാനം ചെയ്യുന്നത് .
കാലക്രമേണ പല പുസ്തകങ്ങളിലും ചില മാധ്യമങ്ങളിലും നിറങ്ങളെ ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്ന രീതികൾ പ്രചരിച്ചിട്ടുണ്ട്. അതായത് 🔵 നീല – യൂറോപ്പ്, 🟡 മഞ്ഞ – ഏഷ്യ, ⚫ കറുപ്പ് – ആഫ്രിക്ക, 🔴 ചുവപ്പ് – അമേരിക്ക,🟢 പച്ച – ഓഷ്യാനിയ എന്നിങ്ങനെ , എന്നാൽ ഓരോ നിറവും ഒരുപ്രത്യേക ഭൂഖണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ് ശരിയായ കാര്യം . രൂപകൽപ്പന ചെയ്തപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പതാകകളിൽ പൊതുവായുണ്ടായിരുന്ന ഈ അഞ്ചു നിറങ്ങളെ എടുത്ത് ലോകത്തിന്റെ അഞ്ച് ഭൂഖണ്ഡങ്ങളെയും, സൗഹൃദത്തെയും, ഐക്യത്തെയും, സമാധാനത്തെയും പ്രതിനിധീകരിക്കുന്ന ശക്തമായ ഒരു ആഗോള ചിഹ്നമായാണ് ഇത് തെരെഞ്ഞെടുത്തത് എന്നാണ് ഒളിമ്പിക് കമ്മിറ്റി (IOC) വ്യക്തമാക്കിയിരിക്കുന്നത് .