23/11/2025
✍️ അറിയാ പുറങ്ങൾ ✍️
"അണ്ടി ഉമ്മ"
1982 കളിൽ റീഹാബിലിറ്റേഷൻ പ്ളാൻ്റേഷൻസിലെതൊഴിൽ മേഖല, സജീവമായി തുടങ്ങിയിരുന്നു സ്റ്റാഫുകൾക്കും മാനേജർമാർക്കും, തൊഴിലാളികൾക്കും താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും, ലയങ്ങളും, ബംഗ്ളാവുകളും പണി പൂർത്തിയായി കൊണ്ടിരുന്നു
സിലോൺ മുക്കിൽ അക്കാലത്ത് ഒരു വോളീബോൾ കോർട്ട് ശ്രീ സണ്ണി ഏബ്രഹാമിൻ്റെ മേൽനോട്ടത്തിൽ സൃഷ്ടിക്കപ്പെട്ടിരുന്നു അവിടെ ഞങ്ങൾ ഗ്രാമവാസികൾ എല്ലാവരും വൈകുന്നേരങ്ങളിൽ ഒത്ത് ചേർന്ന് വോളീബോൾ കളിക്കുമായിരുന്നു, ഞായറാഴ്ച കളിൽ അടുത്ത ഗ്രാമങ്ങളിലെ വോളീബോൾ ടീമുമായി സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചു പോന്നു , ഒരുനാൾ കുളത്തൂപ്പുഴ (Market )ടീമു മായി മത്സരം നടന്നുകൊണ്ടിരിക്കെ Rehabilitation Plantations LTD ന്റെ ഒരു ജീപ്പ് ഞങ്ങളുടെ വോളീബോൾ കോർട്ടിനരികിൽ വന്നു നിന്നു അതിൽ നിന്നും ഡ്രൈവർ ശ്രീ "പൊക്കൻ" ചേട്ടൻ പുറത്തേക്കിറങ്ങി അടുത്ത് കണ്ട ആളിനോട് ഈ കൂട്ടത്തിൽ "ഷറഫുദ്ദീൻ"ഉണ്ടോ എന്ന് ആരാഞ്ഞു അയാൾ 'ഷറഫ്' ഇല്ല ഷറഫിന്റെ അനുജനുണ്ട് എന്ന് പറഞ്ഞു കൊണ്ട് എന്നെ കോർട്ടിൽ നിന്നും പുറത്തേക്ക് വിളിച്ചു ഞാൻ പകരക്കാരനെ കോർട്ടിൽ വിട്ട് പുറത്തേക്ക് വന്നു 'പൊക്കൻ ചേട്ടൻ'(തൃശൂരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയിലേക്ക് കുടിയേറിയ ആളാണ് ഇദ്ദേഹം)എന്നെ പരിചയപ്പെട്ടു, ഷറഫുദ്ദീൻ (എന്റെ brother ) ഗൾഫിലേക്ക് (Dubai) പോയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ അത് അദ്ദേഹം അറിഞ്ഞിരുന്നില്ല
എന്നോട് പറഞ്ഞു RPL Manager നിങ്ങളെ കൂട്ടി കൊണ്ട് ചെല്ലാൻ പറഞ്ഞു, ഞാൻ ഒന്നു പതറി എന്താണ് വിഷയം എന്ന് അറിയില്ലല്ലോ ?
ഉടനെതന്നെ ഞാൻ സുഹൃത്തായ 'ജേക്കബി'നോട് വിവരം പറഞ്ഞു അദ്ദേഹവും പകരക്കാരനെ കോർട്ടിലിറക്കിയിട്ട് എന്നോടൊപ്പം വന്നു അങ്ങനെ ഞങ്ങൾ രണ്ട് പേരും കൂടി നേരെ കൂവക്കാട് IB യിലേക്ക് ആ ജീപ്പിൽ യാത്രയായി
അവിടെ മാനേജരെ കണ്ടു ആദ്ദേഹം പറഞ്ഞു നിങ്ങളുടെ സഹോദരൻ ഇവിടെ ഒരു 'ഇലക്ട്രിക് ഓവൻ' റിപ്പയർ ചെയ്ത് തന്നിരുന്നു അത് വീണ്ടും കേടായി നിങ്ങൾക്ക് അതിൻ്റെ പണി അറിയുമെങ്കിൽ അതൊന്നു ശരിയാക്കി തന്നിട്ട് ബില്ല് ഓഫീസിൽ കൊടുത്തു പണം വാങ്ങിക്കോളൂ എന്ന്
ഞങ്ങൾ ഒന്ന് ശങ്കിച്ചു പിന്നെ ധൈര്യം സംഭരിച്ച് ഓവന്റെസമീപത്തേക്ക് പോയി ഞങ്ങൾ രണ്ട് പേരും മോട്ടോർ റീവൈൻഡിംഗ് പഠനമൊക്കെ കൊല്ലത്ത് പൂർത്തിയാക്കി വന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ ഓവന്റെ സ്വിച്ച് ഇട്ടപ്പോൾ മനസ്സിലായി അതിൻ്റെ ഉള്ളിൽ ഉള്ള ഫ്യൂസ് ബ്രേക്ക് ഡൗൺ ആണെന്ന് പെട്ടെന്ന് തന്നെ ഞങ്ങൾ അത് റീപ്ലേസ് ചെയ്തു ഓപ്പൺ ആക്കി വർക്ക് ചെയ്തു കാണിച്ചു കൊടുത്തു, മാനേജർക്ക് വളരെ സന്തോഷം
അന്ന് അവിടെ രാജേന്ദ്രൻ എന്നൊരാളായിരുന്നു IB യുടെ incharge, അയാൾ തന്നെ വൗച്ചർ ഒക്കെ എഴുതി ഒപ്പിടീച്ചു കൊണ്ട് തന്നു 150 രൂപ! ഇന്നത്തെ രണ്ടായിരത്തിനും മേലെ വാല്യൂ ഉണ്ട് അന്നതിന് ഏകദേശം നാൽപത്തി രണ്ട് വർഷങ്ങൾക്ക് മുൻപാണ്
ശേഷം ഞങ്ങളെ തിരികെ വീട്ടിൽ കൊണ്ട് വിട്ടു, പിറ്റേന്ന് സിലോൺ മുക്കിലെ ഓഫീസിൽ ബില്ല് മാറാൻ ചെന്നു, 'പോൾരാജ്' സാറായിരുന്നു അക്കൗണ്ടൻ്റ്
(ഈ അടുത്തകാലത്ത് അദ്ദേഹം മരണപ്പെട്ടിരുന്നു, ഞങ്ങളെ നേരത്തേ പരിചയമുണ്ടായിരുന്നു അദ്ദേഹത്തിന്) പെട്ടെന്ന് തന്നെ ബില്ല് ഒക്കെ മാറികിട്ടി ഞങ്ങൾ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ മാനേജർ ഓഫീസിലേക്ക് വരുന്നുണ്ടായിരുന്നു, 'പൊക്കൻ'ചേട്ടൻ ഞങ്ങളെ അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു,
വീണ്ടും ഓവൻ കേടായോ എന്ന് ഞങ്ങളൊന്ന് ശങ്കിച്ചു കുറേക്കഴിഞ്ഞ് 'പൊക്കൻ'ചേട്ടൻ ഒരു നീണ്ട കവറുമായി വന്നു എന്നിട്ട് വണ്ടിയിൽ കയറാൻ പറഞ്ഞു ഞങ്ങൾക്ക് ഒന്നും മനസിലായില്ല ജീപ്പ് സാമാന്യം നല്ല വേഗതയിൽ തന്നെ വീണ്ടും കൂവക്കാട് ലക്ഷ്യമാക്കി പാഞ്ഞു, ഇത്തവണ അത് നിന്നത് 'ഐ ബി'ക്ക് അല്പം തെക്ക് മാറി പുതുതായി പണിത ഒരു ബംഗ്ലാവിൻ്റെ മുറ്റത്തായിരുന്നു ഞങ്ങൾ ഇറങ്ങി പൊക്കൻ ചേട്ടൻ ആ കെട്ടിടത്തിന്റെ കതക് തുറന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു ആകാംഷയോടെ ഞങ്ങൾ അകത്തേക്ക് കയറി, ആ കെട്ടിടത്തിനുള്ളിലെ എല്ലാ മുറികളും ഞങ്ങൾക്ക് അദ്ദേഹം കാണിച്ചു തന്നു പിന്നെ പുറത്തിറങ്ങി വീണ്ടും ജീപ്പിൽ കയറി ഞങ്ങൾ തിരികെ വരുമ്പോൾ അദ്ദേഹം പറഞ്ഞു നമ്മളിപ്പോൾ കണ്ട കെട്ടിടം പുതിയ മാനേജരുടെ ക്വാർട്ടേഴ്സ് ആണ് പണി തീർന്നു വരുന്നതേയുള്ളൂ ഇവിടെ വൈദ്യുതി ഇല്ല, ഈ കെട്ടിടം വൈദ്യുതീകരിച്ച് ഇവിടേക്ക് ത്രീ ഫെയ്സ് കണക്ഷൻ എടുത്ത് തരണം, നിങ്ങൾക്ക് അതിനുള്ള ലൈസൻസും തൊഴിൽ പരിചയവുമൊക്കെ ഉണ്ടോ?
ഇത് പുനലൂർ ഹെഡ് ഓഫീസിൽ ടെൻഡർ (ദർഘാസ്)ചെയ്യും നിങ്ങൾക്ക് സാധിക്കുമെങ്കിൽ ആ ടെൻഡറിൽ പങ്കെടുക്കണം ഡയറക്ടറേറ്റ് കൂടി ടെൻഡർ പൊട്ടിച്ചു ഏറ്റവും അനുയോജ്യമായ ടെൻഡർ നൽകിയ ആളിന് വർക്ക് നൽകും! അത് പറയാനും കെട്ടിടം കാണിക്കാനുമാണ് നിങ്ങളെ കൊണ്ടു വന്നത്
ഞങ്ങൾ ഒന്ന് ആലോചിച്ചിട്ട് മറുപടി പറയാമെന്ന് പറഞ്ഞു, അദ്ദേഹത്തെ പറഞ്ഞു വിട്ടു
അടുത്ത ദിവസം മുതൽ ഞങ്ങൾ കൂലംകക്ഷമായി ആലോചിച്ചു വൈദ്യുതീകരണത്തിനും ത്രീ ഫെയ്സ് ലൈൻ വലിക്കുന്നതിനുംകൂടി നല്ലൊരു തുക വേണ്ടി വരും വൈദ്യുതീകരണം ഫാനുൾപ്പടെ ഫുൾ ഫിറ്റിംഗ്സോടുകൂടിയാണ്, ത്രീ ഫെയ്സ് ലൈൻ 'കൂവക്കാട്' ഹോസ്പിറ്റൽ വരെയുണ്ട് അവിടെ ഒരു ട്രാൻസ്ഫോർമർ ഇൻസ്റ്റാൾ ചെയ്താലേ മുകളിലേക്ക് വൈദ്യുതി എത്തിക്കാനാകൂ
ടെൻഡർ വർക്ക് ആയതിനാൽ ഞങ്ങൾക്ക് കിട്ടും എന്നതിന് ഉറപ്പൊന്നും ഇല്ലതാനും,
നീണ്ട ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ ഞങ്ങൾ ആ വർക്ക് ഏറ്റെടുത്തു ചെയ്യാൻ തീരുമാനിച്ചു!
ടെൻഡർ ദിവസം ഞങ്ങളെക്കൂടാതെ വേറെ 12 പേർ കൂടി ടെൻഡറിൽ പങ്കെടുത്തിരുന്നു
പക്ഷേ ടെൻഡർ ഞങ്ങൾക്ക് തന്നെ കിട്ടി, മറ്റെല്ലാവരും ദൂരദേശങ്ങളിൽ നിന്നുള്ളവരായിരുന്നു അതിനാൽ തന്നെ അവർക്ക് വർക്ക് സൈറ്റിലേക്കുള്ള ട്രാൻസ്പോർട്ടേഷനും താമസവും വിഷയമായിരുന്നു, ആ തുക കൂടി ചേർത്താണ് അവർ ക്വട്ടേഷൻ കൊടുത്തത് ഞങ്ങളെ സംബന്ധിച്ച് ഇതുരണ്ടും ചിന്തിച്ചിട്ടുകൂടി ഇല്ലായിരുന്നു (അടങ്കൽ തുക ജോലികളിൽ പല ഘടകങ്ങളും ചിന്തിക്കേണ്ടതുണ്ട്)
ടെൻഡർ പാസ്സായി വർക്ക് ഓർഡർ കിട്ടി, ഇനി വർക്ക് ആരംഭിക്കാൻ സാമ്പത്തികം വേണം അതും ചില സുഹൃത്തുക്കൾ മുഖേന സംഘടിപ്പിച്ചു പിന്നെ ഞങ്ങൾ ഒരു മൂവർ സംഘം നേരേ തമിഴ്നാട്ടിലെ മധുരയിലേക്ക് വിട്ടു ഇലക്ട്രിക് സാധനങ്ങൾ വാങ്ങാൻ അക്കാലത്തെ പ്രമുഖ ഇലക്ട്രീഷ്യൻ മാരിലൊരാളായിരുന്ന 'ബേബി'മൂന്നമനായി ഞങ്ങൾക്ക് ഒപ്പം ചേർന്നിരുന്നു
മധുര ഇബ്രാഹിം ഇലക്ട്രിക്കൽസിൽ നിന്നും സാധനങ്ങൾ ഒക്കെ വാങ്ങിച്ചു ,ഭംഗിയായി പായ്ക്ക് ചെയ്ത് കടക്കാർ എല്ലാം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു തന്നു അക്കാലത്ത് മീറ്റർ ഗേജ് കൊല്ലം മധുര ട്രെയിൻ ഉണ്ടായിരുന്നു ഞങ്ങളുടെ സാധനങ്ങൾ കടക്കാർ തന്നെ ട്രെയിനിൽ കയറ്റി തന്നു ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു, ട്രെയിനിൽ തിരക്ക് കുറവായിരുന്നു
ക്ഷീണം മൂലം എപ്പോഴോ ഒന്നു മയങ്ങി, വലിയ ബഹളം കേട്ടാണ് ഉണർന്നത് അപ്പോഴേക്കും ട്രെയിൻ തെങ്കാശി എത്തിയിരുന്നു അവിടെ നിന്നും വയറിംഗ് സാധനങ്ങളുമായി ഇടമൺ, ഒറ്റക്കൽ , പുനലൂർ ഭാഗത്തുള്ള കുറെ ഇലക്ട്രിക് വയർമാൻമാരും, കേരളത്തിലേക്ക് വരുന്ന കുറെ തമിഴ് ബിസിനസ്സ് കാരും ഒക്കെ കൂടി ട്രെയിനിൽ കയറിയതിന്റെ ബഹളമാണ് കേട്ടത്, ഇപ്പോൾ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ട്രെയിനിൽ, പെട്ടെന്ന് തടിച്ചു പൊക്കം കുറഞ്ഞ ഒരു സ്ത്രീ മുന്നോട്ട് വന്ന് എൻ്റെ കയ്യിൽ പിടിച്ചിട്ട് ചോദിച്ചു നീ എവിടെ പോയിട്ട് വരുന്നു? ഞാൻ മധുരയിൽ പോയ വിവരവുംകൂടെ രണ്ട് പേരും കൂടി ഉള്ള വിവരവും ഒക്കെ വിശദമായി അവരോട് പറഞ്ഞു
അവർ ശബ്ദം താഴ്ത്തി പറഞ്ഞു മോനേ സൂക്ഷിക്കണം റെയിൽവേ പോലീസ് ഉണ്ടാവും ഈ ട്രെയിനിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ അവൻമാർ കേസെടുക്കും,
ഈ സ്ത്രീയാണ് 'അണ്ടി ഉമ്മ'
ഒരിക്കൽ തമിഴ് നാട്ടിൽ കശുവണ്ടിക്ക് നല്ല വില കിട്ടിയിരുന്നു ആ കാലയളവിൽ ധാരാളം പേർ ചെറിയ തോതിൽ കേരളത്തിൽ നിന്ന് തമിഴ് നാട്ടിലേക്ക് കശുവണ്ടി കള്ളക്കടത്ത് നടത്തിയിരുന്നു, നമ്മുടെ ഈ അണ്ടി ഉമ്മ തെന്മലക്കാരിയാണ് ഇവരുടെ അക്കാലത്തെ തട്ടകം "ഇഎസ്എം നഗർ" ആയിരുന്നു രാവിലെ വന്ന് അവർ ജങ്ഷനിൽ നിന്ന് കശുവണ്ടി കളക്ട് ചെയ്ത് ഒരു കടയിൽ സൂക്ഷിക്കുമായിരുന്നു, ആഴ്ചയിലൊരിക്കൽ ശേഖരിച്ച കശുവണ്ടിയുമായി തമിഴ് നാട്ടിലേക്ക് പോകും, ചിലപ്പോൾ തെന്മല നിന്നും ട്രെയിനിൽ ആയിരിക്കും തമിഴ് നാട്ടിലേക്ക് കശുവണ്ടിയുമായി പോകുക, കശുവണ്ടി ബിസിനസ്സ് ആയതിനാൽ 'അണ്ടിഉമ്മ' എന്ന് പേരും വീണു
അക്കാലത്ത് ട്രെയിനിൽ എപ്പോഴും തമിഴ് പോലീസുണ്ടാകും ഇത്തരം കള്ളക്കടത്ത് തടയാനായി, അവരൊക്കെ ഒന്നാം തരം കൈക്കൂലിക്കാരുമായിരുന്നു!
അണ്ടി ഉമ്മായെ എല്ലാവർക്കും നല്ല പരിചയമായിരുന്നു, വളരെ സാധുവായ, സ്നേഹ സമ്പന്നയായ, ആരോടും ദേഷ്യപ്പെടാത്ത നല്ല മനസ്സിൻ്റെ ഉടമയായിരുന്നു അവർ
അങ്ങനെ ഞങ്ങൾ നാട്ടു വിശേഷങ്ങൾ പറഞ്ഞു നിൽക്കവേ പൊടുന്നനെ രണ്ട് പോലീസുകാർ ഞങ്ങളെ സമീപിച്ചു 'ബാക്സിലെ എന്നാ വെച്ചിറുക്ക്'? ഞങ്ങൾ പറഞ്ഞു ഇലക്ട്രിക് സാധനങ്ങൾ ആണെന്ന്
'ബില്ല് വെച്ചിരുക്കാ'ഞാൻ ബില്ല് കാണിച്ചു 'ടാക്സ് കെട്ടലിയേ'? ടാക്സ് ചേർത്താണ് ബില്ല് ഇട്ടിട്ടുള്ളത് ഞാൻ പറഞ്ഞു
'ഇല്ലെ, ഇല്ലെ ഇതിലെ ടാക്സ് കിടയാത്' കാര്യങ്ങൾ വശക്കേടിലേക്ക് പോകുകയാണ് ഞാൻ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു വേണ്ടത് ചെയ്യാം പ്രശ്നം വേണ്ട,
അയാൾ അടുക്കുന്ന ലക്ഷണമില്ല പിന്നെ ഞാൻ ഉമ്മയോട് പറഞ്ഞു അയാളോട് എന്താ വേണ്ടത് എന്ന് വെച്ചാൽ ചെയ്യാമെന്ന് പറയാൻ , ഉമ്മ ഉടൻ തന്നെ അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് സംസാരിച്ചു അയാൾ ആയിരം രൂപ ആവശ്യപ്പെട്ടു അത് ഒരിക്കലും സാധ്യമല്ല കാരണം അത്രയും വലിയൊരു തുക കൈക്കൂലി കൊടുത്ത് സാധനങ്ങൾ എടുക്കാനാണെങ്കിൽ അത് കേരളത്തിൽ നിന്നാകാമായിരുന്നു, അതായിരിക്കും ലാഭവുംഎളുപ്പവും , ഇതിനിടെ ജേക്കബ് അത് കേട്ടു തടിയൻ പോലീസുകാരനോട് പറഞ്ഞു അത് അന്യായമായ കാര്യമാണ്, തുടർന്ന് അവർ തമ്മിൽ വാക്ക് തർക്കമായി, ഒരുവശത്ത് ഞാനും ഒരു പോലീസുകാരനുമായി വിലപേശൽ തുടരുന്നു മറ്റൊരു വശത്ത്ജേക്കബും തടിയനും തമ്മിൽ വാക്ക് തർക്കവും,
ട്രെയിൻ ഇടപ്പാളയം കഴിഞ്ഞ് ഏതാണ്ട് തെന്മലയോട് അടുക്കുന്നു ബഹളത്തിനിടയിൽ അത് സംഭവിച്ചു സ്വയം നിയന്ത്രണം കൈവിട്ടു പോയ ജേക്കബ് 'ടപ്പേ'ന്നൊരെണ്ണം പോലീസുകാരൻ്റെ ചെകിടത്ത് പൊട്ടിച്ചു!
രംഗം ഇളകി മറിഞ്ഞു, ഉമ്മ ഒറ്റക്കുതിപ്പിൽ ആ തടിയാപിള്ളയ്ക്കരിലെത്തി അയാളെ മുന്നോട്ട് നീങ്ങിജേക്കബിനെ ഉപദ്രവിക്കാതിരിക്കാനായി അവർ ഒരു രക്ഷാകവചം പോലെ അവർക്കിടയിൽ നിലയുറപ്പിച്ചു ഒപ്പം ഇടമൺ, ഒറ്റക്കൽ ഭാഗങ്ങളിൽ നിന്നുള്ളവരും തടിയനും, ജേക്കബിനുമിടയിൽ നിലയുറപ്പിച്ചു ഞാനും ബേബിയും കൂടി മറ്റേ പൊലീസുകാരനുമായി വിലപേശൽ തുടർന്നു ഒടുവിൽ 250 രൂപ കൈക്കൂലി കൊടുക്കാമെന്നു ഞങ്ങൾ സമ്മതിച്ചു,തടിയന് തല്ല് കിട്ടിയ വിവരം ഈ പോലീസുകാരൻ അറിഞ്ഞിട്ടില്ല! അത്രമാത്രം ബഹളങ്ങൾ ആയിരുന്നു ട്രെയിനിനുള്ളിൽ, തെന്മല സ്റ്റേഷൻ എത്തി തടിയൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "അവങ്കളെ ഇങ്കെ ഇറങ്ക വിടക്കൂടാത്" അറസ്റ്റ് പണ്ണി ഉള്ളെ പോടണും! നിമിഷനേരം കൊണ്ട് ബേബി സാധനങ്ങൾ എല്ലാം തള്ളി പുറത്തേക്ക് ഇട്ടു, സ്റ്റേഷനിൽ നിന്നും ചലിച്ചു തുടങ്ങിയ ട്രെയിനിൽ നിന്നും അയാൾ പുറത്തേക്ക് ചാടി, എന്നേയും ജേക്കബിനേയും തെന്മലയിൽ ഇറങ്ങാൻ ആപോലീസുകാർ അനുവദിച്ചില്ല, കൂടെ അണ്ടി ഉമ്മായും ഇറങ്ങാനാകാതെ ട്രെയിനിനുള്ളിൽ കുടുങ്ങി ഉമ്മ പഠി ച്ചപണികളെല്ലാം പയറ്റി ഒടുവിൽ തടിയാപുള്ളയെ സമാധാനിപ്പിച്ചു ഒരു സീറ്റിൽ ഇരുത്തി, പക്ഷെ അയാളുടെ റേറ്റ് കൂടി 2000രൂപ കൊടുത്തില്ലെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്തു അകത്തിടും! ഉമ്മ ഒരുവിധം 2000കൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്, എന്നിട്ടും അയാളുടെ കലിപ്പ് തീരുന്നില്ല ഇടയ്ക്കിടെ കവിളിൽ ഒന്ന് തൊട്ടു നോക്കിയിട്ട് ടേയ്.... എന്നലറിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കും ഉമ്മ സമാധാനം പറഞ്ഞിരുത്തും! ഇടമൺ കഴിഞ്ഞപ്പോൾ വീണ്ടും ട്രെയിനിൽ ആളുകൾ നിറഞ്ഞു നല്ല തിരക്കായി ഉമ്മ പൈസ വാങ്ങിയിട്ട് വരാമെന്ന് തടിയനോട് പറഞ്ഞിട്ട് ഞങ്ങൾക്കരികിലേക്ക് വന്നു വിവരങ്ങൾ പറഞ്ഞു ആകെ ഞങ്ങളുടെ കയ്യിൽ ആയിരത്തോളം രൂപയേ ഉണ്ടായിരുന്നുള്ളൂ, ഇതിനിടെ മറ്റേ പോലീസുകാരൻ ഇടമണ്ണിൽ ഇറങ്ങി പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഫോൺ ചെയ്തിരുന്നു! ഉമ്മ ഒരു ഐഡിയ പറഞ്ഞു തന്നു മക്കളെ നിങ്ങൾ പേടിക്കേണ്ട പുനലൂരിൽ ട്രാക്കിൽ പണി നടക്കുന്നതിനാൽ സ്റ്റേഷന് ഒരു കിലോമീറ്റർ ഇപ്പുറത്ത് നിന്നേ ട്രെയിൻ സ്ലോ ആകും നന്നേ സ്പീഡ് കുറയുമ്പോൾ ചാടിയാൽ മതി നിങ്ങൾക്ക് പുറത്ത് കടക്കാം, പത്ത് പൈസയും ഇവർക്ക് കൊടുക്കേണ്ടിവരികയുമില്ല,
ബേബി തെന്മലയിൽ ഇറങ്ങിയിരുന്നല്ലോ അയാൾ ഒരു ജീപ്പ് വിളിച്ചു സാധനങ്ങളൊക്കെ അതിൽ കയറ്റി നേരെ കൂവക്കാട് ഐബിയിൽ കൊണ്ടിറക്കി, ശേഷം 'ഈ എസ് എം നഗറി'ൽ വന്നു, ജേക്കബിന്റെ വീട്ടിൽ വന്ന് ജേക്കബിന്റെ പിതാവിനെ
(ശ്രീ ചാണ്ടി തോമസ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ ഗവൺമെൻ്റ് യൂപി സ്കൂൾ കുളത്തൂപ്പുഴ )വിളിച്ചു വിവരങ്ങൾ പറഞ്ഞു തൊട്ടപ്പുറത്ത് എന്റെ വീട്ടിൽ കയറി മൂത്ത ജ്യേഷ്ഠനോടും
(എം എം ഇസ്മായിൽ, ഇലക്ട്രിക്കൽ വയറിംഗ് കോൺട്രാക്ടർ) വിവരങ്ങൾ പറഞ്ഞു, വിവരങ്ങൾ അറിഞ്ഞ അവർ ഇരുവരും ഉടനെ തന്നെ സാറിൻ്റെ കാറിൽ ടൗണിലേക്ക് തിരിച്ചു അവിടെ നിന്നും അക്കാലത്തെ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന ശ്രീ "എം ഷംസുദ്ദീൻ" അവർകളെയും കൂട്ടി നേരെ പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു
ഞങ്ങൾ ഉമ്മ പറഞ്ഞത് പോലെ പുനലൂരിൽ ട്രെയിൻ സ്ലോ ആയ സമയത്ത് പുറത്തേക്ക് ചാടി ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു ഞങ്ങളെ തിരയാതിരിക്കാനായി ഉമ്മ തടിയാപുള്ളയും മറ്റേ പോലീസുകാരനുമായി ഏതൊ വലിയ വലിയ കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരുന്നു, ഇങ്ങനെ ഞങ്ങൾ മുങ്ങുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല!
ഞങ്ങൾ കുറച്ചു ദൂരം നടന്ന് റോഡിലേക്ക് പ്രവേശിച്ചു ആദ്യം കണ്ട ടാക്സി വിളിച്ചു അതിൽ കയറി വീട്ടിലേക്ക് വിട്ടു, കുറച്ചു ദൂരം മുന്നോട്ട് വന്നപ്പോൾ വഴിയരികിൽ ജേക്കബിൻ്റെ കാറുകിടക്കുന്നു, പെട്ടെന്ന് ജേക്കബ് കാറിനടുത്തേക്ക് പോയി ഡ്രൈവർ ഉള്ളിലുണ്ടായിരുന്നു,അയാൾ വിവരങ്ങൾ ഒക്കെ പറഞ്ഞു, തുടർന്ന് ഞങ്ങൾ ഡ്രൈവറോട്, അവരെ മടക്കി വിളിച്ചു തിരികെ വീട്ടിലേക്ക് പോകാൻ പറയാൻ പറഞ്ഞിട്ട് ഞങ്ങൾ ടാക്സിയിൽ യാത്ര തുടർന്നു , അണ്ടി ഉമ്മ പോലീസുകാർക്ക് ഒപ്പം പുനലൂർ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പോലീസുകാർ ഞങ്ങളെ കുറച്ച് നേരം ട്രെയിനിൻ്റെ ഉള്ളിലും പുറത്തും തിരഞ്ഞുനടന്നിരുന്നു ഒടുവിൽ കുറെ തെറി ഞങ്ങളെയും ഉമ്മായെയും വിളിച്ചു പ്ളാറ്റ്ഫോമിൽ ഞങ്ങളെ കാത്ത് പോലീസ് ഉണ്ടായിരുന്നു, ഉമ്മ പിന്നീട് ബസിൽ കയറി തെന്മലയിലേക്ക് പോയി, കുറേ നാളുകൾക്ക് ശേഷം ഉമ്മ ബേബിയോട് എല്ലാം വിശദീകരിച്ചിരുന്നു,
ചില സാഹചര്യങ്ങളിൽ നമ്മുടെ നിയന്ത്രണം നമുക്ക് നഷ്ടപെട്ടാൽ പുറകേ വരുന്ന നൂലാമാലകൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ വലുതായിരിക്കും!!! ©️
✍️ z7passingshow ✍️