29/08/2025
വനിതാ പോലീസുദ്യോഗസ്ഥർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
കൊല്ലം സിറ്റി പോലീസ് ജില്ലയിലെ വനിതാ പോലീസുദ്യോഗസ്ഥർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. 29.08.2025-ൽ ആശ്രാമം മൈതാനത്ത് വച്ച് സംഘടിപ്പിച്ച പരിപാടിയിൽ കരാട്ടേ, ബോക്‌സിങ്ങ്, കളരി, യോഗ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ജോലിയുടെ ഭാഗമായി അക്രമകാരികളായ പ്രതികളെയും മറ്റും നേരിടേണ്ടി വരുമ്പോൾ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അതികമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധം തീർക്കാൻ മാനസികവും ശാരീരികവുമായി തയ്യാറാക്കുന്നതിനുവേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. കൊല്ലം ജില്ലാ കരാട്ടേ അസോസിയേഷൻ സെക്രട്ടറിയും കരാട്ടേ പരിശീലകനുമായ ശ്രീ.വിജയൻ, ദേശീയ വനിതാ ബോക്സിംഗ് പരിശീലകൻ ശ്രീ. മനോജ്, പ്രശസ്ത കളരി ഗുരുക്കൾ ശ്രീ. അനീഷ് ഗുരുക്കൾ പാലോട്, യോഗപരിശീലക ശ്രീമതി.ജയ തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലായി ഉദ്യോഗസ്ഥർക്ക് വിദഗ്ദ്ധ പരിശീലനം നൽകിയത്. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീമതി കിരൺ നാരായണൻ ഐ.പി.എസ്, കരുനാഗപ്പള്ളി എ.എസ്.പി ശ്രീമതി അഞ്ജലി ഭാവന ഐ.പി.എസ്, എ.സി.പി മാരായ നസീർ, പ്രദീപ്കുമാർ, ഷെരീഫ്, ബിനുശ്രീധർ എന്നിവർ പങ്കെടുത്തു. ഇത്തരത്തിലുള്ള പരിശീലന ക്ലാസ്സുകൾ സബ്ഡിവിഷൻ തലത്തിൽ തുടർന്നും സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.