15/04/2024
ഇതിഹാസചിത്രത്തിന്റെ 35 വർഷങ്ങൾ.
എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ....
പാണന് പാട്ട് കൊട്ടാൻ വീര വചനങ്ങൾ എന്നും വരുമല്ലോ അവൾക്ക് നാവിൻ തുമ്പിൽ"...
എന്ന് പറയുമ്പോ ചന്തു വിന്റെ മുഖത്തെ പരിഹാസം നമ്മൾ വായിച്ചെടുത്തതാണ്.
"മാറ്റം ചുരിക എടുക്കുന്നത് വരെനിർത്തൂ അരിങ്ങോടരേ"....
എന്ന യാചന യ്ക്കപ്പുറം "നിർത്താൻ....."എന്ന ഒറ്റ അലർച്ചയിൽ ചേകവരിൽ ചേകവനായ അരിങ്ങോടർ വരെ വിറച്ചു പോവുന്നുണ്ട്...
"ചേകവർ കണക്കു തീർക്കുന്നത് അങ്കപ്പണം കൊണ്ടല്ല ചുരിക തലപ്പ് കൊണ്ടാണ്"
എന്ന് ആരോമലിന്റെ കണ്ണിൽ നോക്കി ശൗര്യത്തോടെ പറയുമ്പോൾ ഉണ്ണിയാർച്ച യുടെ കണ്ണിലെ ഭീതിയ്ക്കൊപ്പം നമ്മളും വിസ്മയ പെട്ടു നിന്നിട്ടുണ്ട്.
"ചന്ദനമണി ക്കട്ടിലിനു ചിന്തേരി ടാൻ തുടങ്ങിയിരിക്കും മൂത്താശാരി ഇപ്പോൾ..."
ആ നിസ്സഹായത പ്രേക്ഷകരുടെ കണ്ണിനെ ഈറൻ അണിയിച്ചിട്ടുണ്ട്.
"എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ.."
നെഞ്ചു കീറുന്ന വേദനയിലും അതീവ വാത്സല്യത്തോടെ ആരോമുണ്ണിയെ ചേർത്തു പിടിച്ച് മരണത്തെപുൽകിയ ചന്തു വിന്റെ വീര ഗാഥ അങ്ങനെ അങ്ങനെ പോകുന്നു.. അതി സൂക്ഷ്മമായ അഭിനയ വൈവിദ്ധ്യം കൊണ്ട് മലയാളത്തിന്റെ മഹാനടൻ നമ്മളെ വിസ്മയിപ്പിച്ചിട്ട് ഇന്നേക്ക് 35 വർഷങ്ങൾ. M T വാസുദേവൻ നായർ എന്ന മഹാ പ്രതിഭ കഥ മാറ്റി എഴുതിയപ്പോൾ മലയാളസിനിമയ്ക്ക് കിട്ടിയ എക്കാലത്തെയും മികച്ച ഇതിഹാസ ചിത്രം. ഇല്ല.. ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാവില്ല.! സംഗീതാ ത്മകമായ സംഭാഷണങ്ങൾക്ക് അകമ്പടിയായി വന്ന അതിമനോഹരമായ പശ്ചാത്തല സംഗീതം. ജയകുമാറും, ബോംബെ രവിയും, ഗാനഗന്ധർവ്വനും ഒരുമിച്ച സംഗീതവിസ്മയം.
അഭ്രപാളികളിൽ വിസ്മയം വിതറിയ രാമചന്ദ്ര ബാബുവിന്റെ ക്യാമറ.ചെറിയ വേഷങ്ങളിൽവരെ വന്ന് പോയ അഭിനേതാക്കളെ ആവും പോലെ ഉപയോഗിച്ച ഹരിഹരൻ എന്ന സംവിധാനപ്രതിഭ. എന്തു കൊണ്ടും വടക്കൻവീരഗാഥ ഇന്നും അതേ പുതുമയോടെ ആസ്വദിക്കാവുന്ന മഹാ സൃഷ്ടി തന്നെ! മമ്മൂട്ടിയ്ക്കൊപ്പം ബാലൻ കെ നായരും, സുരേഷ് ഗോപി യും മാധവിയും, ക്യാപ്റ്റൻ രാജുവും, ഒടുവിൽ ഉണ്ണി കൃഷ്ണനും, സുകുമാരിയും ഗീത യും, ദേവനും പകർന്നാടിയ വേഷങ്ങൾ എന്നും മനോഹരം. പകരം വെക്കാനില്ലാത്ത മഹാപ്രതിഭ മമ്മൂട്ടി ഭാവാഭിനയം കൊണ്ടും അതിവ്യതസ്തമായ ശബ്ദവൈവിദ്ധ്യം കൊണ്ടും അംഗചലന ങ്ങൾ കൊണ്ടും അനശ്വരമാക്കിയ കഥാപാത്രത്തിന്റെ മിഴിവ് എത്ര കണ്ടാൽ ആണ് മതിയാവുക! അന്നും എന്നും ഇന്നും മലയാളസിനിമയുടെ മികവ് വാഴ്ത്തുന്ന എണ്ണം പറഞ്ഞ കുറച്ചു ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും മുകളിലായി തലയെടുത്തു നിൽക്കുന്നുണ്ട് "ഒരു വടക്കൻ വീരഗാഥ"