25/05/2025
കേരള കോൺഗ്രസ് എം നെ തിരിച്ചെത്തിക്കുമോ? തള്ളി യുഡിഎഫ്
കോട്ടയം: യുഡിഎഫ് വിപുലീകരണത്തിന് കേരള കോൺഗ്രസ് എം നെ ഉന്നം വെയ്ക്കുന്നു എന്ന വ്യാജ പ്രചാരണം തുടങ്ങിയിരിക്കുകയാണ്. കോൺഗ്രസ് കെപിസിസി നേതൃ മാറ്റത്തിന് പിന്നാലെ മുന്നണി ശക്തിപ്പെടുത്താൻ ഗൗരവമായി പരിഗണിച്ചാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത് എന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വിട്ടുപോയ കേരളാ കോൺഗ്രസ് ജോസ് പക്ഷത്തെ രാഷ്ട്രീയ മുന്നണിയിൽ തിരിച്ചെത്തിക്കാനാണ് ശ്രമം എന്നുമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വിസ്മയിക്കുന്ന പ്രഖ്യാപനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ സൂചന നൽകിയെന്നും, എക്കാലത്തും യുഡിഎഫിന്റെ ഭാഗമായിരുന്നു കേരള കോൺഗ്രസ് എം നെ നേതൃത്വവുമായി വ്യക്തി ബന്ധം പുലർത്തുന്ന കുഞ്ഞാലിക്കുട്ടിയാണ് അണിയറ ചർച്ചകളുടെ പിന്നിൽ എന്നും, ഈ ചർച്ചകൾ തുടർച്ചയായി നടത്തുന്നു എന്നും, യുഡിഎഫ് കൺവീനർ ആയി ചുമലയേറ്റ അടൂർ പ്രകാശ് ഇതിനുള്ള ശ്രമം പലവഴിക്ക് പല കൂടിക്കാഴ്ചകളിലൂടെ തുടങ്ങിയിട്ടുണ്ടെന്നുമാണ് ജോസ് അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തുണ്ടായ ദയനീയ തോൽവി കേരള കോൺഗ്രസിനെയും ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. പാലായുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മാണീ സി കാപ്പൻ വ്യക്തമാക്കിയിരിക്കുന്നു. കടുത്തുരുത്തി പിന്നെ പറയേണ്ടതില്ലല്ലോ. മലബാറിൽ സുരക്ഷിത സീറ്റ് നൽകാമെന്നാണ് ലീഗിൻ്റെ ഉറപ്പ് എന്നുമാണ് പ്രചരിക്കുന്നത്. ജോസ് പാലായിലും കടുത്തുരുത്തിയിലോ മത്സരിച്ചാൽ പോലും പരാജയപ്പെടുമെന്ന് മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് എമ്മുകാരും വിലയിരുത്തുന്നുണ്ട്. എങ്ങനേയും യു ഡി എഫിൽ കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിലാണ് ജോസ് വിഭാഗം.
കേരളാ കോൺഗ്രസ് എം ആവശ്യപ്പെടുന്നതായി പ്രചരിക്കുന്നത് മുന്നണി പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വേണമെന്നും, ഈ നിലപാട് തന്നെയാണ് കോൺഗ്രസും മുന്നോട്ടുവയ്ക്കുന്നതെന്നും, താഴെത്തട്ടിൽ രണ്ട് ചേരിയിൽ മത്സരിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചാൽ ജനങ്ങൾ ചുശ്ചിച്ച് തള്ളുമെന്ന ബോധ്യവും ജോസ് വിഭാഗം മുന്നോട്ട് വെയ്ക്കുന്നു. എന്തായാലും ജോസ് വിഭാഗം യു ഡി എഫിൽ എത്തുന്നതിനോട് മദ്ധ്യതിരുവിതാംകൂറിലെ ബഹു ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകർ പോലും ശക്തമായ എതിർപ്പിലാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.