16/05/2023
കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസ് ഇതാദ്യമായി കോട്ടയത്ത് എത്തിയത് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇനി ഏഴു ദിവസം അക്ഷരനഗരിയിൽ നമ്മുടെ ഡബിൾ ഡെക്കർ ആനവണ്ടിയുണ്ടാകും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് ഇന്നു (മേയ് 16 ) മുതൽ നടക്കുന്ന എന്റെ കേരളം പ്രദർശന - വിപണന മേളയുടെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ഡബിൾ ഡെക്കർ ബസ് യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. ഇന്നു (മേയ് 16 ) മുതൽ മേയ് 22 വരെ സൗജന്യ യാത്രയ്ക്ക് അവസരമുണ്ട്. എന്റെ കേരളം പ്രദർശന - വിപണന മേളയിലെ കെ.എസ്.ആർ.ടി.സി.യുടെ സ്റ്റാളിൽ നിന്ന് ലഭിക്കുന്ന സൗജന്യ യാത്രാ പാസ് ഉപയോഗിച്ച് നഗരത്തിൽ 3 കിലോമീറ്ററിനുള്ളിൽ ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം. ഡബിൾ ഡെക്കർ യാത്രയുടെ ഫ്ളാഗ് ഓഫ് ബഹു. സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി ശ്രീ വി.എൻ. വാസവൻ നിർവഹിച്ചു. നാഗമ്പടത്തു നിന്ന് ബേക്കർ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിലെത്തി കുര്യൻ ഉതുപ്പു റോഡിൽ സമാപിച്ച ആദ്യയാത്ര നവ്യാനുഭവം പകർന്നു. 70 പേർക്ക് മുകളിലും താഴെയുമായി സഞ്ചരിക്കാം. തിരുവന്തപുരത്തു നിന്നാണ് ബസ് എത്തിച്ചത്.
ഡബിൾ ഡെക്കർ ആനവണ്ടിയിൽ സഞ്ചരിക്കാൻ എല്ലാവർക്കും ആഗ്രഹം കാണുമെന്നറിയാം. മേയ് 22 വരെ ലഭിക്കുന്ന ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. കോട്ടയത്തെ ഏറ്റവും വലിയ മേളയായ എന്റെ കേരളം പ്രദർശന - വിപണന മേളയിൽ പങ്കെടുക്കാനും ഡബിൾ ഡക്കർ യാത്രാനുഭവം നുകരാനും ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.