26/09/2025
എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകളും, കൈകളും നഷ്ടപ്പെടുത്തിയ, അനിയനെ പോലെ ഞാൻ കരുതിയ സുകുവിനെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്.
പ്രായം കൊണ്ട് 8 വയസിന് ഇളയവൻ, ഇരുകാലുകൾക്കും സ്വാധീനമില്ലാത്തവൻ, രണ്ട് കൈയ്യും നഷ്ടപ്പെട്ടവൻ, വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൻ , ജാതിയിൽ താഴ്ന്നവൻ, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവർ. അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്. 🥰🥰
എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് സുകുവിന് തന്റെ കൈകാലുകൾ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടിൽ ജോലിക്ക് നിന്ന രമണി അമ്മയുടെ മകനാണ് സുകു. രാവിലെ രമണിയമ്മയും സുകുവും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് അവൻ സ്കൂളിൽ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മൾ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവനെ.
അങ്ങനെ ഒരു ദിവസം സുകു സ്കൂളിൽ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും അവൻ വരുന്നത് കണ്ട ഞാൻ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് സുകുവാണ്. എന്നാൽ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലൻസ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരന്റെ കൈകാലുകളിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.
അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാൻ സുകു വന്നിട്ടില്ല. പിന്നേ കുറേ നാളത്തേക്ക് ഞാൻ സുകുവിനെ കണ്ടിട്ടില്ല. ഞാൻ പിന്നീട് പഠിക്കുവാൻ അമേരിക്കയിലേക്ക് പോകുകയും ചെയ്തു. അങ്ങനെ ഞാൻ പതിയെ അവനെ മറന്നു.
അങ്ങനെ ഒരിക്കൽ ഞാൻ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. അവനൊരു ജീവിതം കൊടുക്കാൻ ആരും വരില്ലല്ലൊ എന്ന് സങ്കടത്തോടെ അവർ അമ്മയോടു പറയുന്നത ഞാൻ കേട്ടു.
കൂടുതലൊന്നും വലിച്ച് വാരി എഴുതുന്നില്ല.
അന്ന് ഞാനൊരു ഉറച്ച തീരുമാനമെടുത്തു. അമെരിക്കയിൽ കോടീശ്വരനായ സായിപ്പുമായി ഉറപ്പിച്ച് വെച്ചിരിക്കുന്ന കല്യാണം ഞാൻ ഉപേക്ഷിച്ച് സുകുവിനെ കെട്ടുവാൻ തന്നെ തീരുമാനിച്ചു.
അന്ന് വൈകുന്നേരം ഞാൻ സുകുവിൻ്റെ വീട്ടിൽ പോയി അവനെ കണ്ടു.
“ഞാൻ സുകുവിനെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തിൽ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തിൽ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് അവന് മനസ്സിലായി.
സുകു പലതവണ പല കാര്യങ്ങൾ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെക്കാൻ തയ്യാറായ അഞ്ചാം ക്ലാസ്സുകാരനെക്കാൾ പകരം വെക്കാൻ ഒരു സായിപ്പും മതിയാകില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ഫെയ്സ് ബുക്ക് ബന്ധുക്കളെ സമ്മതിപ്പിക്കാൻ. അതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാൻ. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മൾ. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. എന്റെയുള്ളിൽ ജീവൻ ഉള്ളിടത്തോളം കാലം ഞാൻ സുകുവിനെ ചേർത്ത് പിടിക്കും