18/09/2026
😢 വിഷ്ണുവിന്റെ തട്ടിപ്പ്; വഴിയിലായത് മറ്റൊരു കേറ്ററിംഗ് സ്ഥാപനം! സ്വന്തം സ്ഥാപനത്തിന് സംഭവിച്ച ദുരവസ്ഥ തുറന്നുപറഞ്ഞ് ഉദയം കേറ്ററിംഗ് ഉടമ
കോട്ടയം: വിവാഹച്ചടങ്ങിനായി ഭക്ഷണം എത്തിക്കാതെ കേറ്ററിംഗ് നടത്തിപ്പുകാരൻ മുങ്ങിയ സംഭവത്തിൽ മറ്റൊരു കേറ്ററിംഗ് സ്ഥാപനത്തിനും വലിയ തിരിച്ചടി. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ ‘ഉദയം കേറ്ററിംഗ്’ എന്ന പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ സ്ഥാപനത്തിന് വലിയ മാനഹാനിയും സാമ്പത്തിക നഷ്ടവും ഉണ്ടായതായി കോട്ടയം കടുത്തുരുത്തി–മാഞ്ഞൂർ മേഖലയിലെ ഉദയം കേറ്ററിംഗ് ഉടമ പറയുന്നു.
1999 മുതൽ കേറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്ന് ഉടമ വ്യക്തമാക്കി. എന്നാൽ കാഞ്ഞിരപ്പള്ളി കാളകെട്ടി കേന്ദ്രീകരിച്ച് വിഷ്ണു മോഹൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ഇവന്റ് മാനേജ്‌മെന്റ് തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവന്നതോടെ, തങ്ങളുടെ സ്ഥാപനമായ ‘ഉദയം കേറ്ററിംഗ്’ ആണ് സംഭവത്തിന് പിന്നിലെന്ന തരത്തിൽ ചിലർ തെറ്റിദ്ധരിച്ചതായി ഉടമ പറയുന്നു.
«“കഴിഞ്ഞ 13-ാം തീയതിയുണ്ടായ സംഭവത്തിൽ ഏറ്റവും കൂടുതൽ മാനഹാനിയും നഷ്ടവും സംഭവിച്ചത് ഞങ്ങൾക്കാണ്. മറ്റൊരാൾ ചെയ്ത തെറ്റിന്റെ പേരിൽ യാതൊരു ബന്ധവുമില്ലാത്ത ഞങ്ങളെ ശിക്ഷിക്കരുത്.”»
കഞ്ഞിക്കുഴിയിലും മുണ്ടക്കയത്തും ഉദയം കേറ്ററിംഗ് സദ്യ നൽകിയില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതാണ് തങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയതെന്നും ഉടമ പറയുന്നു.
സംഭവത്തിന് പിന്നാലെ നിരവധി പേർ രാത്രിയിലും ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ചിലർ മോശമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ചില സദ്യകൾ പോലും ഉപഭോക്താക്കൾ റദ്ദാക്കിയതായി ഉടമ പറയുന്നു. വർഷങ്ങളായി വിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോയിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ഒരു ദിവസം കൊണ്ട് തന്നെ സംഭവം ബാധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഉദയം കേറ്ററിംഗിൽ ഏകദേശം 14 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ അവരുടെ കുടുംബങ്ങളെയും ഇത് ബാധിക്കുന്ന അവസ്ഥയാണെന്നും ഉടമ വ്യക്തമാക്കി.
“ഇപ്പോഴും ഫോൺ കോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരാൾ ചെയ്ത തെറ്റിന് യാതൊരു ബന്ധവുമില്ലാത്ത ഞങ്ങളെ ആരും ശിക്ഷിക്കരുത്. ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകരുത്,” എന്നും ഉദയം കേറ്ററിംഗ് ഉടമ പ്രതികരിച്ചു.