06/08/2025
മനുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരു പരീക്ഷണം പിന്നീട് എങ്ങനെയാണ് ബിഗ് ബോസ് ഷോ ആയി മാറിയത് ?
സമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഇത്രയധികം ടോക്സിസിറ്റി പ്രചരിപ്പിച്ചിട്ട് കൂടി എന്തുകൊണ്ടാണ് ഈ ഷോയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത് ?
1971ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന ഫിലിപ്പ് സിംബോർഡ യുടെ നേതൃത്വത്തിൽ ഒരു ജയിൽ പരീക്ഷണം നടത്തി. ഈ പരീക്ഷണത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയത് മാനസികമായും ശാരീരികമായും കരുത്തരായ 20 യുവാക്കളെ ആയിരുന്നു. ഇവർക്ക് ലഭിച്ചിരുന്ന ടാസ്ക് എന്ന് പറയുന്നത് ഒരു വീട്ടിനുള്ളിൽ 25 ദിവസത്തോളം കഴിയുക. ഒരു പകുതി ആളുകൾ ഇതിൽ ജയിൽ പുള്ളികളും ബാക്കി പകുതി ആളുകൾ അവരെ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായിട്ട് അഭിനയിക്കുക. ഒരു മനുഷ്യനിൽ അധികാരം ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ കൂടിയായിരുന്നു അവർ ഈ പരീക്ഷണം നടത്തിയത്. എന്നാൽ ആറു ദിവസം മാത്രമേ ഇവർക്ക് ഈ പരീക്ഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ. അത്രത്തോളം ടോക്സിക് ആയിത് മാറുകയും അതിനുള്ളിൽ അകപ്പെട്ട മനുഷ്യർ തികച്ചും വ്യത്യസ്തമായി വളരെ ക്രൂരമായി പെരുമാറുകയും ചെയ്തതോടു കൂടിയാണ് ഇവർക്ക് ഈ പരീക്ഷണം അവസാനിപ്പിക്കേണ്ടി വന്നത്. കാര്യം ഇവർ എപ്പോഴും എല്ലായിപ്പോഴും ക്യാമറ നിരീക്ഷണത്തിൽ ആയിരുന്നു. ഇവർക്ക് പുറംലോകവുമായിട്ട് യാതൊരു ബന്ധവും ഇല്ലായിരുന്നു. ഇവരോട് പറഞ്ഞിരുന്ന ഒരേ ഒരു ഡിമാൻഡ്, ജയിൽ ഉദ്യോഗസ്ഥരായിട്ട് അഭിനയിക്കുന്നവർ ഒരു കാരണവശാലും ജയിൽ പുള്ളികളെ ദേഹോപദ്രവം ഏൽപ്പിക്കാൻ പാടില്ല എന്നുള്ളതായിരുന്നു. അതോടൊപ്പം തന്നെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും മാനസികമായിട്ട് ഇവരെ പീഡിപ്പിക്കാൻ പറ്റും, പക്ഷേ ശാരീരികമായിട്ട് ദേഹോപദ്രവം ഏൽപ്പിക്കാൻ പാടില്ല. നിങ്ങൾക്ക് പരമാവധി അധികാരമുണ്ട് നിങ്ങൾക്ക് എന്തും പറയാം ഈ രീതിയിലായിരുന്നു ഇവർക്ക് നൽകിയിരുന്ന നിർദ്ദേശം.
ഇവരുടെ ഓരോ ചലനങ്ങളും ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം തന്നെ ജയിൽ ഉദ്യോഗസ്ഥരായി മാറിയ മത്സരാർത്ഥികൾ വളരെ ക്രൂരമായിട്ട് ജയിൽ പുള്ളികളോട് പെരുമാറുകയും, അധികാരം ലഭിച്ചതിന്റെ ആ ഒരു ആർത്തിയിൽ അവർ സ്വയം മറന്നു പെരുമാറുകയും ചെയ്തതോടുകൂടി അതിന്റകത്ത് ജയിൽ പുള്ളികളായിട്ട് നിന്നിരുന്ന മത്സരാർത്ഥികൾക്ക് മാനസികവും ശാരീരികവുമായി വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചു. അവർ വല്ലാത്ത ഒരു ട്രോമയിലൂടെ കടന്നുപോയി, മെന്റലി ആൻഡ് ഫിസിക്കലി അവർ വളരെ വീക് ആയി പോയി, പിന്നീട് ഈ ഒരു പരീക്ഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന് ബോധ്യം വന്നതോടുകൂടി ഫിലിപ്പ് സിംബോഡക്ക് ഈ പരീക്ഷണം ആ ദിവസത്തി ശേഷം അവസാനിപ്പിക്കേണ്ടി വന്നു..
ഇതുതന്നെയാണ് പിന്നീട് ബിഗ് ബോസ് ഷോ ആയി മാറിയത് ! ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന് ഈ ഒരു പരീക്ഷണത്തെ കുറിച്ച് ഒരു ഐഡിയ ആദ്യമായിട്ട് ലഭിക്കുന്നത് ജോർജ് ഓർവെൽ എഴുതിയ 1984 എന്ന പുസ്തകത്തിൽ നിന്നാണ്. ഈ പുസ്തകത്തിൽ പറയുന്നത് ഭരണകൂടം തങ്ങളുടെ ജനങ്ങളെ ക്യാമറ ഉപയോഗിച്ച് എല്ലായിപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകാധിപതിത്വ ഭരണകൂടമായിരുന്ന രാജ്യം ക്യാമറയിലൂടെ തങ്ങളുടെ ജനങ്ങളെ ഇങ്ങനെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതായിരുന്നു ഈ കൺസെപ്റ്റ്.
1997ൽ ഡച്ച് ടിവി പ്രൊഡ്യൂസർ ആയിരുന്ന ജോൺ ഡിമോൾ ഇതേ കൺസെപ്റ്റ് മനസ്സിൽ വെച്ചതുകൊണ്ട് തന്നെ ഒരു പ്രോഗ്രാം ഡച്ച് ടിവിയിൽ സംരക്ഷണം ചെയ്തു. അതിന്റെ പേര് ബിഗ് ബ്രദർ എന്നായിരുന്നു. ഇന്ന് നമ്മൾ ഈ കാണുന്ന ബിഗ് ബോസിന്റെ തുടക്കം എന്ന് പറയുന്നത് ഈ ബിഗ് ബ്രദർ ഷോയിൽ നിന്നായിരുന്നു. ഡച്ച് ഭാഷയിലായിരുന്നു ഈ പരിപാടി ആദ്യമായി ആരംഭിച്ചിരുന്നത് എങ്കിലും പിന്നീട് ഇതിന്റെ ജനപ്രീതി വളരെയധികം വർദ്ധിച്ചതോടുകൂടി മറ്റെല്ലാ ഭാഷയിലേക്കും ഈ ഷോ പ്രചരിക്കുകയും വലിയ തോതിലുള്ള ജനപ്രീതി ഈ ഷോയ്ക്ക് ലഭിക്കുകയും ചെയ്തു. ഇങ്ങേനൊക്കെയായിരിക്കെ ഈ ഷോ മനുഷ്യനെ മനുഷ്യ മനസ്സുകളെ ഒരു ട്രോമയിലേക്ക് കടത്തിവിടുകയും അവരുടെ സ്വാഭാവികമായ ചിന്തകളെയും ചോദനകളെയും പുറത്തുനിന്ന് ഒരുകൂട്ടം ആളുകൾ നിയന്ത്രിക്കു ചെയ്യുന്ന ഒരു സാഹചര്യം വരുകയും അവർക്ക് ഏതു രീതിയിൽ മുന്നോട്ടു പോകണമെന്നും, എങ്ങനെ ഒരു തീരുമാനം എടുക്കണമെന്നും, ഏതു രീതിയിൽ പ്രവർത്തിക്കണമെന്നും അറിയാതിരിക്കുകയും ചെയ്യുന്ന ഒരു കൺഫ്യൂഷൻ സ്റ്റേറ്റിലേക്ക് അവരെ കൊണ്ട് എത്തിക്കുകയും ചെയ്തു. !
ഈ ഷോ ടോക്സിസിറ്റിയുടെ കാര്യത്തിൽ ഏറ്റവും മുൻബന്ധിയിലാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഈ ഷോയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും, ഒരു ദിവസം മാത്രമാണെങ്കിൽ പോലും ഹൗസിനുള്ളിൽ അകപ്പെടുന്ന മത്സരാർത്ഥി കടന്നുപോകുന്ന മാനസിക വ്യഥ എന്ന്
പറയുന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയാവുന്നതിനപ്പുറമാണ്. കാരണം ഇവർക്ക് ഒരു കാരണവശാലും പുറം ലോകവുമായിട്ട് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല, എന്ന് മാത്രമല്ല ഇവർ ഹൗസിനകത്തേക്ക് കടന്നാൽ ഇവർക്ക് പേന ഉപയോഗിക്കാൻ പാടില്ല, എന്തെങ്കിലും എഴുതി കാണിക്കാൻ കഴിയില്ല, സംസാരിക്കുക എന്നതിനപ്പുറത്തേക്ക് ഒരു വഴിയുമില്ല.
20 മത്സരാർത്ഥികളാണ് ഹൗസിനുള്ളിലേക്ക് പ്രവേശിക്കുന്നതെങ്കിൽ ഈ 20 പേരും 20 തലങ്ങളിലുള്ള 20 ജീവിത സാഹചര്യങ്ങളുള്ള 20 നിലപാടുകളുള്ള വ്യക്തികൾ ആയിരിക്കും. ഈ 20 പേരെ ഒരു ഹൗസിനുള്ളിൽ ഒരു നിശ്ചിത സമയത്തിനകത്ത് ഇവരെ എക്സ്പ്ലോർ ചെയ്യുക എന്നതാണ് ഷോ ഡയറക്ടേഴ്സിന്റെയും അണീയറ പ്രവർത്തകരുടെയും ഉദ്ദേശം. പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഒരു മനുഷ്യന് അഭിനയിക്കുന്നതിന് ഒരു പരിധിയുണ്ട്. 21 ദിവസത്തിലധികം ഒരു മനുഷ്യന് അഭിനയിക്കാൻ കഴിയില്ല. എത്രയൊക്കെ അഭിനയിച്ചാലും 21 ദിവസം ഏകദേശം മൂന്നാഴ്ചയോളം അവന് അഭിനയിച്ചു നിൽക്കാൻ കഴിയും. അതിന് ശേഷം മത്സരാർത്ഥിയുടെ റിയൽ നേച്ചർ പതിയെ പുറത്തുവരും. ബിഗ് ബോസ് ഷോയ്ക്ക് അകത്ത് അതുകൊണ്ട് തന്നെയാണ് ഒരു
മത്സരാർത്ഥി ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ഒരു വില്ലൻ ആയിട്ട് മാറുകയും പിന്നീട് വളരെ പതിയെ ഹീറോ ആയിട്ട് പരിണമിക്കുകയും പ്രേക്ഷകർക്കിടയിൽ വലിയ തോതലുള്ള സ്വീകാര്യത നേടുകയും ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ ഒന്ന് മുതൽ നമ്മൾ ഇങ്ങോട്ട് ഇങ്ങോട്ട് നോക്കുകയാണെങ്കിൽ ഓരോ മത്സരാർത്ഥികളും വരുമ്പോഴുള്ള അവരുടെ ഇമേജ് എന്താണ്? അവര അവിടുന്ന് ഹൗസിന് പുറത്തു വന്നതിനുശേഷം അവർക്ക് ലഭിക്കുന്ന ഇമേജ് എന്താണ് ? ഇത് ഒന്ന് വിലയിരുത്തി കഴിഞ്ഞാൽ ഓരോ വ്യക്തിക്കും നസ്സിലാക്കാവുന്നതേ ഉള്ളൂ. ഈ ഷോയുടെ വിജയത്തിനു പിന്നിൽ നമ്മൾ പ്രേക്ഷകർക്കും
ഒരു വലിയ പങ്കുണ്ട്. പ്രേക്ഷകരുടെ മനസ്സിലെ ചില സ്വഭാവ വൈകൃതങ്ങൾ പലപ്പോഴും ഈ ഷോയുടെ വിജയത്തെ വലിയ കാര്യമായി തന്നെ ബാധിക്കാറുണ്ട് സ്വാധീനിക്കാറുണ്ട്. ഇപ്പോൾ ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ മറ്റൊരാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതിനും, ഗോസിപ്പുകൾ അറിയാനുമുള്ള പ്രേക്ഷകരുടെ അല്ലെങ്കിൽ മലയാളികൾ ഒരു പൊതുസമൂഹത്തിന്റെ പൊതുസ്വഭാവം. ഇതിനെ വോയറിസം (Voyeurism) എന്നാണ് പറയുന്നത്. ഈ താലപര്യം സ്വാഭാവികമായിട്ടും ഈ ഷോ കാണാൻ മനുഷ്യരെ പ്രേരിപ്പിക്കും. മറ്റുള്ളവരുടെ ദുരിതങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഒരു മാനസികാവസ്ഥ അതിന് ഷോഡൻ ഫ്രോയ്ഡ് എന്നാണ് പറയുക. അതുപോലെതന്നെ ഇഷ്ടപ്പെട്ട മത്സരാർത്ഥികളെ പിന്തുണച്ച് വോട്ട് ചെയ്യുമ്പോൾ ഷോയുമായി വൈകാരികമായി ബന്ധപ്പെടാനുള്ള പ്രേക്ഷകരുടെ അവസരം എന്നിവയെല്ലാം പലപ്പോഴും ഈ ഷോയുടെ വിജയത്തിന് ഒരു കാരണമാകുന്നുണ്ട്. മാത്രവുമല്ല ഈ ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും വലിയ തോതിലുള്ള പ്രചോദനമാണ് ലഭിക്കുന്നത് ഇവർക്ക് ലഭിക്കുന്ന സമ്മാന തുകയെക്കാൾ പ്രശസ്തിയാണ് മത്സരാർത്ഥികളെ ഈ ഷോയുമായി കൂടുതൽ ആകർഷിക്കുന്നത്.
മത്സരാർത്ഥികളിൽ മാനസിക പിരുമുറുക്കവും ആഘാതവും പലപ്പോഴും സൃഷ്ടിക്കുന്ന ഈ ഷോ സമൂഹത്തെ ഒന്നടങ്കം വലിയ തോതിൽ സ്വാധീനിക്കുകയും നെഗറ്റീവ് ആയ ഇമ്പാക്ട് സൃഷ്ടിക്കുകയും പൊതുബോധം രൂപപ്പെടുത്തുകയും ചെയ്യും. സമൂഹത്തിൽ ബിഗ് ബോസ് ഷോ വരുത്തുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും. കുട്ടികളും അതുപോലെ മതിർന്നവരും ഒരേ സമയം പ്രൈം ടൈമിലാണ് മിക്കപ്പോഴും ഈ ഷോ കാണുക. കുട്ടികളുടെ മനസ്സിലേക്ക് അതുവരെ അവർ ചിന്തിക്കാത്ത ആശയങ്ങൾ കുത്തിവെക്കുന്നതിൽ ബിഗ് ബോസ് ഷോയ്ക്ക് വലിയ പങ്കുണ്ട്. ബിഗ് ബോസ് സീസൺ ചില സീസണുകൾ എടുത്തു നോക്കി കഴിഞ്ഞാൽ അതിലെ മത്സരാർത്ഥികൾക്ക് പൊതുസമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന വലിയ തോതിലുള്ള വിമർശനം, പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുക, ഇങ്ങനെ പലതും ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട് മലയാളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിൽ ഈ ഷോ നടന്നിരുന്നപ്പോൾ, ഒരു മത്സരാർത്ഥിയെ വളരെ ഒരു മോശം സാഹചര്യത്തിൽ പെട്ട് പുറത്താക്കിയതിനുശേഷം ഇദ്ദേഹത്തെ കാണാൻ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുകൊണ്ട് വലിയൊരു ജനസഞ്ചയം തന്നെ എയർപോർട്ടിലേക്ക് ഒഴുകിയെത്തിയ കഥ നമ്മുടെ കൺമുൻപിൽ തന്നെ ഉണ്ട്. അതുപോലെതന്നെ തന്നെ ഈ ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വേണ്ടി ഏതറ്റം വരെയും പോരാടാനും സോഷ്യൽ മീഡിയയിൽ തർക്കിക്കാനും വാതുവെക്കാനും ഒക്കെ സാധാരണ പ്രേക്ഷകർ പലപ്പോഴും മുന്നിട്ടിറങ്ങുന്നത് ഈ ടോക്സിസിറ്റി ഇവരുടെ മനസ്സിലേക്ക് ഈ ഷോ ഷെയർ ചെയ്യുന്നു എന്നുള്ളതുകൊണ്ടാണ്.
അതുകൊണ്ടുതന്നെ ഈ ഷോയ്ക്ക് ഒരുപാട് പോസിറ്റീവ് വശങ്ങൾ ഉണ്ട് എന്ന് നമ്മൾ അവകാശപ്പെടുമ്പോഴും ഈ ഷോ സ്വാധീനിക്കുന്നത് ഓരോ വ്യക്തിയെയും വിവിധ രീതിയിൽ ആയിരിക്കും അഞ്ചു വയസ്സുള്ള കുട്ടി മുതൽ 90 വയസ്സുള്ള ഒരു വാർദ്ധക്യത്തിൽ എത്തിയിരിക്കുന്ന ഒരു വ്യക്തിയെ വരെ ഒരേപോലെ ഈ ഷോയെ സ്വീകരിക്കുന്നു എന്നുള്ളതാണ്. മത്സരാർത്ഥികൾക്ക് ഈ ഷോ കഴിഞ്ഞ ഇറങ്ങിയതിനുശേഷം പിന്നീട് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന ഉദാഹരണമാണ്. ബിഗ് ബോസ് ഷോയിൽ പോയി ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിക്കപ്പെട്ടാൽ പിന്നീട് ഒരിക്കലും അവർക്ക് തങ്ങളുടെ പഴയ ഇമേജിലേക്ക് തിരിച്ചുവരാൻ കഴിയില്ല.
ബിഗ് ബോസ് ഷോയിൽ ഒരു ഹൗസിനകത്ത് അകപ്പെടുമ്പോൾ ഓരോ വ്യക്തിയും സ്വാഭാവികമായിട്ടും ഉണ്ടാകാവുന്ന മാനസിക സമ്മർദ്ദങ്ങൾ വളരെ വലുതാണ്. മത്സരാർത്ഥികൾ പ്രതീക്ഷിക്കാത്ത രീതിയിൽ പെരുമാറുന്ന രീതി ഉണ്ടാകും. നമ്മളൊക്കെ സാമൂഹിക ജീവികളാണ്, മനുഷ്യരാണ് എന്നൊക്കെ പറയുമ്പോഴും നമ്മുടെ ഉള്ളിലൊക്കെ ഒരു മൃഗതൃഷ്ണ ഒളിഞ്ഞു കിടപ്പുണ്ട്. ഈ മൃഗതൃഷ്ണയെ ഏതെല്ലാം രീതിയിൽ സാഹചര്യങ്ങളും നാടകീയതയും സൃഷ്ടിച്ച് പുറത്തുകൊണ്ടുവരുക എന്നതാണ് ബിഗ് ബോസ് അധികൃതരുടെ ശ്രമം. പുറം ലോകവുമായിട്ട് ഒരു ബന്ധവുമില്ല എന്ന് പറയുന്നുണ്ട് എങ്കിൽ പോലും പുറത്തു നടക്കുന്ന ചില കാര്യങ്ങൾ ഇവർക്ക് ലഭിക്കുന്ന തരത്തിൽ അവർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ടിആർപി കിട്ടാതെ വരുമ്പോൾ അതിനെ എങ്ങനെ ടിആർപി കൂട്ടാം എന്ന ചിന്തയിൽ മത്സരാർത്ഥികൾക്ക് നേരിട്ടോ അല്ലാതെയോ പുറത്ത് നടക്കുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിലൊക്കെ ഇവർ വലിയ ശ്രദ്ധ വെച്ചു പുലർത്താറുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ ഇത്തരത്തിൽ പുറത്തു നിന്ന് ഒരു കുറിപ്പ് ഒരു മത്സരാർത്ഥിക്ക് കൈമാറിയതൊക്കെ, കഴിഞ്ഞ മത്സരം വീക്ഷിച്ച ഓരോ വ്യക്തികൾക്കും അറിയാവുന്ന കാര്യമാണ്.
ബിഗ് ബോസ് എന്ന് പറയുന്ന ഈ ഷോ, മലയാളത്തിലെ എന്നല്ല ഇന്ത്യൻ ടെലിവിഷൻ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായി എന്തുകൊണ്ടാണ് ഇത്രയധികം സ്വീകരിക്കപ്പെടുന്നത് ? എന്തുകൊണ്ടാണ് ഇത്ര ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത് ? ഈ ഷോക്ക് പിന്നിലെ മനശാസ്ത്രം എന്താണ്? ഈ ഷോ ഏതെല്ലാം രീതിയിൽ ഓരോ മനുഷ്യനെയും സ്വാധീനിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് മുകളിൽ പറയാൻ ശ്രെമിച്ചത്. ബിഗ് ബോസ് എന്ന് പറയുന്ന ഷോ നെഗറ്റീവ് ആണ് എന്ന ഒരു ആശയം മുന്നോട്ടു വെക്കാൻ ഉദ്ദേശിക്കുന്നതിന് അല്ല മുകളിൽ ശ്രെമിച്ചത്.
എന്താണ് ഈ ഷോയുടെ ചരിത്രം ? ഈ ഷോ വരുന്ന വഴി എങ്ങനെയാണ് ? ഈ ഷോ ഇന്ന് ഏതെല്ലാം രാജ്യങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് ? അതുകൂടി ചേർത്ത് പറയേണ്ടതുണ്ട്, പല രാജ്യങ്ങളിലും ബിഗ് ബോസ് ഷോയുടെ പ്രസക്തി ഇന്ന് അവസാനിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ വലിയ തോതിൽ സ്വീകരിക്കപ്പെട്ട പല വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഇന്ന് ബിഗ് ബോസ് ഷോയ്ക്ക് പഴയ രീതിയിലുള്ള ജനസ്വീകാരത ലഭിക്കുന്നില്ല. അതുപോലെതന്നെ കാലക്രമേണ ഒരുപക്ഷേ ഇന്ത്യയിലും അതുപോലെയുള്ള നമ്മുടെ വികസ്വര രാജ്യങ്ങളിലും ഇത്തരത്തിൽ ജനപ്രീതി കുറയാനുള്ള സാധ്യതകളൊണ്ട്. ഒരു ഘട്ടം കഴിഞ്ഞാൽ ആളുകൾ ഈ ഷോയെ തള്ളിക്കളയും, അങ്ങനെ തള്ളിക്കളയുന്ന സാഹചര്യങ്ങളും ധാരാളമായിട്ട് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു ടെലിവിഷൻ റിയാലിറ്റി ഷോ മാമാങ്കം തന്നെയാണ് ബിഗ് ബോസ്..
© R Rahesh