02/06/2025
ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച നാല് മൃതദേഹങ്ങളിൽ രണ്ട് പേര് (40വയസ്സ് )അറ്റാക്കായി മരിച്ചതും മറ്റു രണ്ട് പേര്(26, 28വീതം വയസ്സ്) ആത്മഹത്യ ചെയ്തതുമാണ്. ഇതിൽ ഒരാൾ 26 വയസ്സ്, ഈ വരുന്ന ജൂലൈയിൽ വിവാഹം ഉറപ്പിച്ചു വച്ചിരുന്നു. എന്നും സാധാരണ നാട്ടിലേക്ക് ഫോൺ ചെയ്യുന്നതുപോലെ അന്നും വീട്ടിലേക്ക് ഫോൺ ചെയ്തു ഉടനെ റൂമിൽ വന്നു കെട്ടിതൂങ്ങി മരിക്കുകയായിരുന്നു. നാട്ടിലുള്ള ഓരോ കുടുംബക്കാരോടും പറയാനുള്ളത് ദയവുചെയ്തു നിങ്ങൾ ഓരോ പ്രവാസികളുടെയും മാനസികാവസ്ഥ നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾക്ക് വേണ്ടിയാണ് ഈ മണലാരണ്യത്തിൽ വന്ന് രാപകലില്ലാതെ പലതും ത്യജിച്ച് കഷ്ടപ്പെടുന്നത്. അവരുടെ ശരീരം ഇവിടെയാണെങ്കിലും മനസ്സ് നാട്ടിലുള്ള വീട്ടിലുള്ള നിങ്ങളെ കുറിച്ചാണ്. ജോലിതിരക്കുകൾക്കിടയിൽ കിട്ടുന്ന സമയങ്ങളിൽ വീട്ടുകാരെ വിളിക്കുമ്പോ അവരുടെ മനസ്സിനെ നോവിക്കുന്ന ഹൃദയം പൊട്ടുന്ന വാക്കുകൾ പറയാതിരിക്കുക. മനുഷ്യമനസിന്റെ താളം തെറ്റുന്നത് എപ്പഴാണെന്ന് പറയാൻ പറ്റില്ല. എന്ത് കാര്യങ്ങൾക്കും പരിഹാരം ഉണ്ടാകുമല്ലോ. ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളും മാനസികമായി ടെൻഷൻ അനുഭവിക്കുന്നവരാണ്. അതിനിടയിൽ അവർക്ക് താങ്ങാൻ കഴിയാത്ത വാക്കുകളും പ്രവർത്തികളും മനസ്സിന്റെ താളം തെറ്റിക്കും. ആത്മഹത്യയൊന്നും ഒന്നിനും ഒരു പരിഹാരവുമല്ല, ദൈവം തന്ന ജീവൻ മനുഷ്യന് സ്വയം അവസാനിപ്പിക്കാൻ യാതൊരു അവകാശശവുമില്ല. ജീവിതം ക്ഷണികമാണ്, അതിനിടയിൽ പരസ്പരം സ്നേഹത്തോടും സന്തോഷത്തോടും ജീവിക്കുക. പ്രതിസന്ധികളിൽ തളരാതെ മനക്കരുത്ത് ആർജ്ജിക്കണം. ദൈവത്തോട് പ്രാർത്ഥനാനിർഭയരായി മനസ്സൊന്നു ശാന്തമാക്കിയാൽ ഏത് പ്രതിസന്ധിഘട്ടങ്ങളും തരണം ചെയ്യാൻ സാധിക്കും. ചിലർക്ക് മനക്കട്ടി വളരെ കുറവായിരിക്കും, വേണ്ടപ്പെട്ടവരുടെ അസ്ഥാനത്തുള്ള ചില വാക്കുകൾ ചില പ്രവർത്തികൾ അവരെ മാനസികമായി ആകെ തകർത്തുകളയും. അതുകൊണ്ട് കണ്ണെത്താ ദൂരത്തു നാടും വീടും വിട്ട് ഉറ്റവരെയും ഉടയവരെയും വിട്ട് നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പാവം പ്രവാസികളോട് നിങ്ങൾ ദയ കാണിക്കണം അവർക്ക് മനസ്സ് വേദനിക്കുന്ന യാതൊന്നും പറയരുത്, നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന് മുഴുവൻ ആയിരിക്കും ആ ഓർമ്മ നാട്ടിലുള്ള, വീട്ടിലുള്ള ഓരോരുത്തരും മനസ്സിലാക്കണം. വീട്ടുകാരുടെ സ്നേഹമസ്രണമായ വാക്കുകളാണ് ഓരോ പ്രവാസികളും പ്രതീക്ഷിക്കുന്നത്.
അഷ്‌റഫ് താമരശ്ശേരി.