27/10/2025
പി. വി. ഉഷാകുമാരി: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടർ
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ ഡപ്യൂട്ടി ജനറൽ മാനേജറും എയർസൈഡ് ഓപ്പറേഷൻസ് വിഭാഗം മേധാവിയുമായ പി.വി.ഉഷാകുമാരി മൈസൂരു വിമാനത്താവളത്തിലെ ഡയറക്ടറായി ഈ മാസം 31 ന് ചുമതലയേൽക്കും. മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടർ എന്ന ബഹുമതി ഇനി ഈ മലയാളിക്ക് സ്വന്തം.
തിരുവനന്തപുരത്തെ ആനയറ സ്വദേശിനിയായ ഉഷാകുമാരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ സൂപ്പർവൈസറായി ഓപ്പറേഷൻസ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.
ചെന്നൈ വിമാനത്താവളത്തിലെ സേവനകാലത്ത്, AOCC (Airport Operations Control Centre) സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. 2015-ലെ ചെന്നൈ പ്രളയസമയത്ത് വിമാന ഓപ്പറേഷനുകൾ സുതാര്യമായി മുന്നോട്ട് നയിക്കുന്നതിൽ അവർ കാഴ്ചവെച്ച നേതൃത്വം വലിയ അംഗീകാരം നേടി. 2018-ലെ കേരള പ്രളയകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുടെ സുഗമമായ യാത്രക്കുവേണ്ടി പ്രവർത്തിച്ചു.
2020-ലെ കോവിഡ് മഹാമാരിക്കാലത്ത്, ആരോഗ്യം പോലും പണയപ്പെടുത്തി നിരവധി പുനരധിവാസ വിമാനങ്ങൾ വഴി പ്രവാസികളുടെ സുരക്ഷിത തിരിച്ചുവരവിന് നേതൃത്വം നൽകി.
കാലിക്കറ്റ് വിമാനത്താവളത്തിൽ Head of Department (Airside Operations) ആയി സേവനം അനുഷ്ഠിച്ച കാലത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമതയും സുരക്ഷിതത്വവും മെച്ചപ്പെടുത്തുന്നതിൽ അവർ നൽകിയ സംഭാവന ശ്രദ്ധേയമായിരുന്നു. മലപ്പുറം ജില്ലാ ഭരണകൂടത്തോടൊപ്പം ചേർന്ന് വിമാനത്താവള പരിസരത്തെ പരിസ്ഥിതി പരിപാലനം ഉറപ്പാക്കിയതും, എയർഫോഴ്സും കോസ്റ്റ് ഗാർഡും ചേർന്ന് ദുരന്തസമയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ നയിച്ചതും അവരുടെ നേതൃത്വശേഷിയുടെ തെളിവുകളാണ്. KSIE കാർഗോ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായും Low Visibility Procedures നടപ്പാക്കുന്നതിലും AOCC പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ ഭർത്താവ് അനിൽദേവ് ചലച്ചിത്ര സംവിധായകനും തിരുവനന്തപുരം ബാറിലെ സീനിയർ അഭിഭാഷകനുമാണ്. ബിരുദ വിദ്യാർത്ഥികളായ അഭിരാമിയും അഭിഷേകുമാണ് മക്കൾ.