
21/07/2025
പാവങ്ങളുടെ പടനായകൻ, തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവ് സഖാവ് വി. എസ്. അച്ചുതാനന്ദൻ വിട പറഞ്ഞിരിക്കുന്നു.
1930-കളിൽ കർഷക തൊഴിലാളികളുടെ ജീവിതം അടിമസമാനമായിരുന്നു. അവരുടെ കൂലിയടക്കമുള്ള അവകാശങ്ങൾ നേടിയെടുക്കാൻ, കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ വേണ്ടി വി.എസിനെ കുട്ടനാട്ടിലേക്ക് നിയോഗിച്ചത് സഖാവ് കൃഷ്ണപിള്ളയായിരുന്നു. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയന്റെ രൂപീകരണത്തിനും തുടർന്ന് ഐക്യ കേരള രൂപീകരണത്തിനും ശേഷം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ രൂപീകരിക്കാനും വി.എസ് നേതൃശേഷിയായി മുന്നിൽനിന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ തിളക്കമുള്ള പുന്നപ്ര വയലാർ സമരത്തിലും വി.എസിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ചൂഷണം ചെയ്യപ്പെടുന്ന, പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രതീക്ഷയും ശബ്ദവും ആയിരുന്നു സഖാവ് വി.എസ്.
സി.പി.ഐ(എം) രൂപീകരിക്കുന്നതിനായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന 32 നേതാക്കളിൽ ഒരാളായിരുന്നു സഖാവ് വി.എസ്. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം തിളക്കമുള്ള പ്രവർത്തന പന്ഥാവുകൾ സൃഷ്ടിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും വി.എസിന്റെ പ്രകടനം ഏറെ മികവ് പുലർത്തി. അദ്ദേഹം ഏത് ചുമതല ഏറ്റെടുത്താലും ജനപക്ഷത്തു നിൽക്കാനും പാവപ്പെട്ടവരുടെ വികാരത്തെ പരിഗണിക്കാനും നിതാന്ത ജാഗ്രത പുലർത്തി.
കേരളത്തെ നിലനിർത്തുന്നതിന് വേണ്ടി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് വി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയങ്ങളാണ്. നെൽപ്പാടങ്ങളും നീർത്തടങ്ങളും സംരക്ഷിക്കാൻ അന്ന് നടത്തിയ സമരങ്ങളെ പരിഹസിച്ച മാധ്യമങ്ങൾ വരെ വി.എസിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും നിലപാടിനെ ഇന്ന് പിന്തുടരുന്നു.
അനീതിക്കെതിരെ നിലയ്ക്കാത്ത പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കും പുരോഗമന വിശ്വാസികൾക്കും പ്രചോദനമായി നിലകൊണ്ട സമര ജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ, പുരോഗമന പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതുമണ്ഡലത്തിനും തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
സമാനതകളില്ലാത്ത സമരജീവിതത്തിന്, ധീരനായ വഴിവിളക്കിന്, കരുത്തനായ ഭരണാധികാരിക്ക് ആദരാഞ്ജലികൾ.