30/06/2025
ഇന്ന് ജോലിയിൽ നിന്ന് റിട്ടയർ ചെയ്യുന്ന സജി ചേട്ടൻറെ വാക്കുകൾ നാം ഏവർക്കും ആവേശം പകരുന്നതാണ്, തുടർന്നുള്ള ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏
സജി സി
തുമ്പശ്ശേരിയിൽ വീട്
അറക്കുളം P.O
തൊടുപുഴ
ഇടുക്കി ജില്ല
*വിയർപ്പ് തുന്നിയിട്ട കുപ്പായം*
ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ, ഒരു സ്വകാര്യ തേയിലതോട്ടത്തിലെ തൊഴിലാളിദമ്പതികളുടെ മകനായി 1969 ലാണ് എന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസ കാലത്തിനുശേഷം മാതാപിതാക്കളെപ്പോലെ എസ്റ്റേറ്റിലെ തൊഴിലാളിയായിട്ടായിരുന്നു എന്റെയും ജീവിതം ആരംഭിച്ചത്. തോട്ടത്തിൽനിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു നയിക്കവെ, 1995 നവംബർ 12ന് പുള്ളിക്കാനം സ്വദേശിനി ബിന്ദുവിനെ ജീവിതസഖിയാക്കി കൂടെക്കൂട്ടി.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വല്ലപ്പോഴും വീണുകിട്ടുന്ന കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ ആഘോഷങ്ങളാക്കിയ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ, സന്തോഷത്തിന്റെ മധുരം നിറച്ചുകൊണ്ട് രണ്ട് പെൺകുഞ്ഞുങ്ങൾ ജനിച്ചു.
അൽപ്പവരുമാനത്തിലും അല്ലലറിയാതെ ജീവിതനൗക മുന്നോട്ടുപോകവെ, 2007ൽ എന്റെ കഴുത്തിൽ പ്രത്യക്ഷമായ ഒരു ചെറിയ മുഴ ഞങ്ങളുടെ ജീവിതം അപ്പാടെ മാറ്റിമറിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ക്യാൻസർ എന്ന മഹാമാരി എന്നെ ഗ്രസിച്ചുകഴിഞ്ഞവിവരം അറിയുന്നത്. നിരവധിയായ പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ ഉമിനീർ ഗ്രന്ഥിയിൽ ഒരു സർജറി ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ആ വർഷം തന്നെ സർജറി ചെയ്യുകയുമുണ്ടായി. തുടർന്ന് മരുന്നും പരിശോധനകളുമായി മുന്നോട്ടുപോകവേ, 2012 ൽ വീണ്ടും അസുഖം കലശലാവുകയും വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, വീണ്ടുമൊരിക്കൽ കൂടി ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരികയും ചെയ്തു. എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന എനിക്ക് പിന്നീടൊരിക്കലും കായികഅധ്വാനം വേണ്ടിവരുന്ന തൊഴിലുകളിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് 2008 സർക്കാർ സർവീസിൽ, പട്ടികവർഗ്ഗ വികസനവകുപ്പിൽ ജോലി ലഭിക്കുന്നത്. ജോലിയിൽ പ്രവേശിച്ച ശേഷവും ചികിത്സയ്ക്ക് ധാരാളം സമയവും പണവും ചെലവഴിക്കേണ്ടതായി വന്നിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽനിന്നും കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലേക്ക് റഫർചെയ്യപ്പെടുകയും അവിടെ വീണ്ടും രണ്ട് ശസ്ത്രക്രിയകൾ നടത്തേണ്ടതായും വന്നു. പിന്നീടിങ്ങോട്ട് ജീവിതകാലം മുഴുവനായും ക്യാൻസറിനെതിരെയുള്ള പോരാട്ടം തന്നെയായിരുന്നു എന്റെ ജീവിതം.
*ആറ് തവണ കീമോയും..*
*45 തവണ റേഡിയേഷനും..*
ശാരീരികവും മാനസികവുമായി വളരെയധികം പ്രയാസങ്ങൾ നേരിട്ട് ദിനങ്ങളായിരുന്നു 2007 മുതൽ 2018 വരെയുള്ള കാലഘട്ടം. ഇപ്പോൾ സംസാരിക്കാനും ഭക്ഷണം കഴിക്കാനും അല്പം ബുദ്ധിമുട്ട് നേരിടുന്നുവെന്നതൊഴിച്ചാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. ഒട്ടേറെ മാനസിക സംഘർഷങ്ങൾക്കും ശാരീരികഅസ്വസ്ഥതകൾക്കിടയിലും ധീരമായി മുന്നോട്ടുപോകാൻ എനിക്ക് പ്രേരണനൽകിയത് ഭാര്യയുടെയും മക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്.
30/06/2025 ന് ഞാൻ 17 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുകയാണ്. അസുഖബാധിതനായ എന്നെ ഒപ്പംചേർത്തുപിടിച്ച എന്റെ വകുപ്പിനോട് എനിക്കുള്ള കടപ്പാട് പറഞ്ഞറിയിക്കാവുന്നതല്ല.
ഈ അവസരത്തിൽ എനിക്ക് പൊതുസമൂഹത്തോടായി പറയാനുള്ളത്, ഒരാൾ അസുഖബാധിതനാകുന്നത് ആരുടെയും കുറ്റമല്ല. രോഗങ്ങൾക്ക് മുമ്പിൽ പേടിയല്ലവേണ്ടത്, മനസ്സാന്നിധ്യത്തോടെ ധൈര്യപൂർവ്വം നേരിടാനുള്ള ചങ്കൂറ്റമാണ് കാണിക്കേണ്ടത്. ഈശ്വരാനുഗ്രഹം കൊണ്ടും എന്റെ പ്രിയപ്പെട്ട ഡോക്ടർമാരുടെ സ്നേഹപൂർവ്വമുള്ള പരിചരണം കൊണ്ടും യഥാസമയം വിദഗ്ധചികിത്സ ലഭിച്ചതും തകർന്നുപോയ ജീവിതം തിരികെപിടിക്കുന്നതിൽ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അതിനെല്ലാം ഉപരിയായി കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയും പരിചരണവും ഉണ്ടെങ്കിൽ നമുക്കും അതിജീവനം സാധ്യമാണ്.
ആശംസകൾ