18/09/2026
മുന്‍ ഡി.ജി.പി. ടോമിന് ജെ. തച്ചങ്കരിയെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിനും 30.84 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചതിന് പിന്നില്‍ ബോബി കുരുവിള എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും 36 വര്‍ഷം നീണ്ട അപൂര്‍വ്വ നിയമപോരാട്ടമുണ്ട്. ഒപ്പം ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരുടെ പഴുതടച്ച അന്വേഷണവും കൂടിയായപ്പോള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായി തച്ചങ്കരി മാറി. നിശ്ചിത കാലയളവില്‍ ലഭിച്ച വരുമാനവും ചിലവും തമ്മില്‍ എന്തുകൊണ്ട് പൊരുത്തപ്പെടുന്നില്ലെന്ന് യുക്തമായി വിശദീകരിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്ന കണ്ടെത്തലാണ് ഒടുവില്‍ അദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവറയില്‍ എത്തിച്ചത്.
1990 സെപ്റ്റംബര്‍ 13-നാണ് ബോബി കുരുവിളയ്ക്കും കുടുംബത്തിനുമെതിരെ ആദ്യമായി വ്യാജക്കേസെടുക്കുന്നത്. കോളേജ് പഠനകാലത്തെ സുഹൃത്തുമായി ബോബിക്കുണ്ടായ ചെറിയ തര്‍ക്കവും ഉന്തിലും തള്ളിലുമാണ് പ്രശ്നങ്ങളുടെ തുടക്കം. സുഹൃത്ത് രാമങ്കരി പോലീസില്‍ നല്കിയ പരാതി കാര്യകാരണമില്ലാത്തതിനാല് പോലീസ് തള്ളിയെങ്കിലും, തച്ചങ്കരി ആലപ്പുഴയില്‍ എ.എസ്.പി.യായി ചുമതലയേറ്റതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബന്ധുവായ പരാതിക്കാരന് വേണ്ടി തച്ചങ്കരി സ്വയം മുന്‍കൈയെടുത്ത് ലെറ്റര്‍ പാഡില്‍ സ്റ്റേഷനിലേക്ക് പരാതി എഴുതി നല്‍കുകയും, ബോബിയും കുടുംബവും ചേര്‍ന്ന് ആക്രമിച്ച് തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കള്ളക്കേസ് ചുമത്തുകയുമായിരുന്നു.
തുടര്‍ന്ന് ബോബിയുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് കടുത്ത വേട്ടയാടലും റെയ്ഡുകളും അഴിച്ചുവിട്ടു. ശിവജി എന്ന കുറ്റവാളിയെ പിടികൂടാനെന്ന പേരില്‍ രൂപീകരിച്ച ക്രൂരന്മാരായ പോലീസുകാരുടെ 'ശിവജി സ്ക്വാഡ്' ആണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇവരുടെ ഉപദ്രവം കാരണം കുടുംബത്തിന് ഒളിവ് ജീവിതം നയിക്കേണ്ടിവന്നു. ഒളിവില്‍ പോയ സമയത്ത് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറി റെയ്ഡ് നടത്തുകയും, പ്രസവത്തിനായി ആശുപത്രിയില്‍ കിടന്ന സഹോദരിയെപ്പോലും വേട്ടയാടുകയും ചെയ്തു. ഒടുവില്‍ സ്ക്വാഡിന്റെ പീഡനങ്ങള്‍ക്കെതിരെ ബോബിയുടെ പിതാവ് ഡി.ഐ.ജി. ആര്.പി.ജി. നായര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ പ്രത്യേക സ്ക്വാഡ് പിരിച്ചുവിട്ടത്. തച്ചങ്കരിയുടെ നിരന്തര ഭീഷണികളും കള്ളക്കേസുകളും തുടര്‍ന്നതോടെ ബോബിക്ക് സ്വന്തം സുരക്ഷയ്ക്കായി കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം തേടേണ്ടി വരെ വന്നു. സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ കേസില്‍ നിന്ന് പിന്മാറാന് പല വഴികളിലൂടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ബോബിയും കുടുംബവും പോരാട്ടത്തില്‍ ഉറച്ചുനിന്നു. തച്ചങ്കരിയുടെ ഭീഷണിക്കെതിരെ അന്ന് വി.എസ്. അച്യുതാനന്ദനും കെ.ആര്. ഗൗരിയമ്മയും കുടുംബത്തിന് പിന്തുണയുമായി നിലകൊണ്ടു. പോലീസിലെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അവസാന ആശ്രയമായാണ് ബോബി നിയമത്തിന്റെ വഴി തേടി കോടതിയെ സമീപിച്ചത്.
തങ്ങള്‍ നേരിട്ട നീതികേടുകള്‍ക്ക് ശേഷമാണ് തച്ചങ്കരിയുടെ അനധികൃത സ്വത്തുസമ്പാദനത്തെയും അഴിമതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ബോബിയും കുടുംബവും ശേഖരിക്കാന്‍ തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിയുടെ പിതാവ് അന്നത്തെ ഡി.ജി.പി.ക്ക് നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും തച്ചങ്കരി നല്കിയ പരാതികള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ ക്രമക്കേടുകള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ തള്ളിയപ്പോള്‍, ബോബി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ ഇടപെടലിനെത്തുടര്‍ന്നാണ് വിജിലന്‍സ് കേസില്‍ അന്വേഷണം ശക്തമാക്കിയത്.
2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ തച്ചങ്കരി 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ പരിശോധനാ കാലയളവില്‍ വരുമാനത്തേക്കാള്‍ 135.80 ശതമാനം അധിക സ്വത്താണ് തച്ചങ്കരി വച്ച പുലര്‍ത്തിയത്. സര്‍വീസിലിരിക്കെ വരുമാനത്തിന് നിരക്കാത്തവിധം വീടുകള്‍, ഫ്ലാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ സമ്പാദിച്ചെന്ന് കാണിച്ച് ബോബി കുരുവിള നല്കിയ പരാതിയിലായിരുന്നു ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പ്രസ്താവിച്ചത്. സംസ്ഥാന പോലീസിലെ ഉയര്‍ന്ന പദവി വഹിച്ച ആളെന്ന നിലയില്‍ തച്ചങ്കരി ശിക്ഷാ ഇളവിന് അര്ഹതയുള്ളയാളല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് മുന്‍ ആഭ്യന്തര ജോയിന്റ് സെക്രട്ടറിയടക്കമുള്ള സാക്ഷികളെ വിസ്തരിച്ചപ്പോള്‍, പ്രതിഭാഗത്തിന് വേണ്ടി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡി.ജി.പി, ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് സാക്ഷികളായി എത്തിയത്. 36 വര്‍ഷം നീണ്ട നീതിപൂര്‍വ്വമായ ഈ പോരാട്ടത്തിനൊടുവില്‍ തച്ചങ്കരിക്ക് തടവുശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞെങ്കിലും ബോബി കുരുവിള തന്റെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. നാല് വര്‍ഷത്തെ സ്വത്തുസമ്പാദനം മാത്രമാണ് നിലവില്‍ കോടതിയുടെ ശിക്ഷയ്ക്ക് കാരണമായതെന്നും, 2007 മുതല്‍ സര്‍വീസില്‍ നിന്ന് പിരിയുന്നത് വരെയുള്ള തച്ചങ്കരിയുടെ വലിയ അഴിമതികള്‍ക്കെതിരെ വിജിലന്‍സില്‍ പുതിയ പരാതി നല്‍കുമെന്നും ബോബി വ്യക്തമാക്കി. മരിക്കും വരെ തച്ചങ്കരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഈ കുടുംബം.