28/07/2025
ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിയമസാധുത കിട്ടണമെങ്കിൽ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നൽകുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകൾക്ക് ഈടായി നൽകിയ ചെക്കുകൾ ഹാജരാക്കുന്ന കേസുകൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പണമായി നൽകിയ 9 ലക്ഷം രൂപയുടെ വായ്പക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതിന്റെ പേരിൽ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവിന് മുൻകാല പ്രാബല്യമുണ്ടാകില്ല. വിചാരണ പൂർത്തിയായ കേസുകൾക്ക് ഉത്തരവ് ബാധകമായിരിക്കില്ല.പത്തനംതിട്ട സ്വദേശി പി.സി. ഹരിയാണ് വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തത്. ചെക്ക് മടങ്ങിയതിന് പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതി ഹർജിക്കാരനെ ഒരു വർഷം തടവിനും 9 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇത് അഡീഷണൽ സെഷൻസ് കോടതിയും ശരി വച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 9 ലക്ഷംരൂപ വായ്പ നൽകിയെന്നത് കളവാണെന്നും പരാതിക്കാരന് ഇതിനുള്ള വരുമാനമാർഗമില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്.വായ്പാ തുക പണമായി നൽകിയതിന്റെ പേരിൽ ചെക്കു കേസ് ഇല്ലാതാകില്ലെന്നായിരുന്നു പരാതിക്കാരൻ ഷൈൻ വർഗീസിന്റെ വാദം.ഇൻകം ടാക്‌സ് ആക്ട് പ്രകാരം 20,000 രൂപയിൽ കൂടുതലുള്ള തുക ബാങ്ക് അക്കൗണ്ട് വഴി മാത്രമേ കൈമാറാവൂവെന്ന് കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പണം കൈമാറ്റത്തെ നിയമപരമായ വായ്പയായി കണക്കാക്കാനാകില്ല. അതല്ലെങ്കിൽ പണമായി നൽകാനുള്ള കാരണം വ്യക്തമാക്കണമായിരുന്നു.