26/05/2026
2 ദിവസം, കുറേ ഓർമ്മകൾ; ഒരു പെർഫെക്റ്റ് മൂന്നാർ - വട്ടവട ട്രിപ്പ് പ്ലാൻ! 🚗⛰️
മൂന്നാർ ഒട്ടുമിക്ക ആളുകളും പോയിട്ടുള്ള സ്ഥലമായിരിക്കും. എന്നാൽ കാണേണ്ട സ്ഥലങ്ങൾ കൃത്യമായി പ്ലാൻ ചെയ്താൽ ചുരുങ്ങിയ സമയം കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടാക്കിയെടുക്കാം. കഴിഞ്ഞ ദിവസം നടത്തിയ 2 ദിവസത്തെ ഞങ്ങളുടെ മൂന്നാർ യാത്രയുടെ റൂട്ട് മാപ്പ് താഴെ പങ്കുവെക്കുന്നു.
ആദ്യ ദിവസം രാവിലെ തന്നെ ഇരവികുളം നാഷണൽ പാർക്കിൽ എത്തി. അതിരാവിലെയുള്ള തണുപ്പിൽ വരയാടുകളെ കണ്ട്, തിരികെ വരുന്ന വഴിയിൽ പ്രശസ്തമായ ടീ മ്യൂസിയവും സന്ദർശിച്ചു. ഉച്ചയ്ക്ക് മൂന്നാർ ടൗണിൽ നിന്ന് നല്ല നാടൻ ഊണും കഴിഞ്ഞ് നേരെ ടോപ്പ് സ്റ്റേഷൻ റൂട്ടിലേക്ക്.
പോകുന്ന വഴിയിൽ റോസ് ഗാർഡൻ, ആന സവാരി ചെയ്യാൻ പറ്റിയ എലിഫന്റ് പാർക്ക്, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം എന്നിങ്ങനെ കാഴ്ച്ചകളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. വൈകുന്നേരത്തോടെ കോടമഞ്ഞ് മൂടിയ ടോപ്പ് സ്റ്റേഷനിലെ വ്യൂ പോയിന്റും കണ്ട്, വന്യത നിറഞ്ഞ പാമ്പാടും ചോല നാഷണൽ പാർക്ക് വഴി രാത്രിയോടെ ഞങ്ങൾ വട്ടവടയിൽ എത്തി സ്റ്റേ ചെയ്തു.
രണ്ടാം ദിവസം രാവിലെ വട്ടവടയിൽ ഒരു അടിപൊളി 3 മണിക്കൂർ ജീപ്പ് ട്രെക്കിംഗോടെയാണ് തുടങ്ങിയത്. പച്ചക്കറി തോട്ടങ്ങൾ, സ്ട്രോബെറി ഫാമുകൾ, ചിലന്തിയാർ വെള്ളച്ചാട്ടം, ടൈഗർ കേവ്, ഫ്ലവർ ഗാർഡൻ ഒക്കെ കണ്ടുള്ള ആ ഓഫ്-റോഡ് യാത്ര വേറെ ലെവൽ ആയിരുന്നു.
വട്ടവടയിൽ നിന്ന് തിരിച്ച് മൂന്നാർ വഴി ഉച്ചയ്ക്ക് ശേഷം ഞങ്ങൾ പോയത് പ്രശസ്തമായ ഗ്യാപ്പ് റോഡ് റൂട്ടിലേക്കാണ്. വലിയ മലയിടുക്കുകളും പച്ചപ്പും നിറഞ്ഞ ലോക്കാട്ട് വ്യൂ പോയിന്റ്, മലൈ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാമിന്റെ ടോപ്പ് വ്യൂ എന്നിവയെല്ലാം കണ്ട്, മനോഹരമായ ഒരു സൂര്യാസ്തമയവും ആസ്വദിച്ചാണ് ഞങ്ങൾ മടങ്ങിയത്.
കുറഞ്ഞ സമയം കൊണ്ട് മൂന്നാറിന്റെയും വട്ടവടയുടെയും ഭംഗി മുഴുവൻ ആസ്വദിക്കാൻ പറ്റിയ ഒരു കിടിലൻ റൂട്ടാണിത്. മൂന്നാർ പ്ലാൻ ചെയ്യുന്നവർക്ക് ഈ വഴി ധൈര്യമായി തിരഞ്ഞെടുക്കാം!