22/07/2025
96 ൽ സ്വന്തം തട്ടകമായ മാരാരിക്കുളത്തെ തോൽവിക്ക് ശേഷം വിഎസ് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത് സമാനതകളില്ലാത്ത ഒരു വരവായിരുന്നു.
ആ വരവിൽ വി എസിനൊപ്പം നിന്ന മലമ്പുഴ
ആദ്യമായി മലമ്പുഴയിൽ മത്സരിക്കാൻ എത്തിയ വിഎസിനെ സംശയത്തോടെയാണ് മലമ്പുഴ ജയിപ്പിച്ചതെങ്കിൽ പിന്നീട് ഒരിക്കലും മലമ്പുഴയ്ക്ക് ആ സംശയമേ ഉണ്ടായിട്ടില്ല. മലമ്പുഴ കണ്ട എക്കാലത്തെയും വലിയ ഭൂരിപക്ഷം അത് ഇന്നും വി എസിൻ്റെ പേരിലാണ്
കണ്ണീരണിഞ്ഞ് മലമ്പുഴ
പാലക്കാട്: വി.എസ് എന്ന രണ്ടക്ഷരത്തിനൊപ്പം ചേർത്തു വെക്കേണ്ട സ്ഥലനാമമാണ് മലമ്പുഴ. വി.എസിന്റെ രാഷ്ട്രീയ ജീവചരിത്രത്തിലെ രണ്ട് ദശാബ്ദക്കാലത്തെ അദ്ധ്യായത്തിന്റെ പേരാണത്. തുടർച്ചയായി രണ്ട് ദശാബ്ദത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച വി.എസ്.പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പാർലിമെന്ററി രംഗത്തെ പടവുകളോരോന്നായി നടന്നു കയറിയത് മലമ്പുഴയിലൂടെയാണ്. 1996 ല്‍ മാരാരിക്കുളത്തെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വി.എസ് ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായ മലമ്പുഴയില്‍ ജനവിധി തേടാനെത്തിയത്.
ആദ്യ പോരാട്ടത്തില്‍ തന്നെ മലമ്പുഴയിലെ ജനങ്ങള്‍ വി.എസിനെ ഏറ്റെടുത്തു. കോണ്‍ഗ്രസിന്റെ സതീശൻ പാച്ചേനിക്കെതിരെ 4703 വോട്ടിന്റെ ഭൂരിപക്ഷം. മലമ്പുഴയിലെ ജനങ്ങള്‍ക്കിടയിലൂടെ നിയമസഭയിലേക്ക് നടന്നു കയറിയ വി.എസ് പ്രതിപക്ഷ നേതാവായി. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിനെയാണ് അന്ന് മലമ്പുഴ നാടിന് നൽകിയത്.
2006ല്‍ സതീശൻ പാച്ചേനിക്കെതിരെ 20,017 വോട്ടായി ഭൂരിപക്ഷം വർദ്ധിപ്പിച്ചു. അത്തവണ വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2011 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 23440. വി.എസ് വീണ്ടും പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിലേക്ക്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ 27,142 വോട്ടായി മലമ്പുഴയിലെ ജനത ഭൂരിപക്ഷം വർദ്ധിപ്പിച്ചു. വി.എസ് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാനായി. 1965 ല്‍ രൂപീകരിച്ച മലമ്പുഴ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചത് വി.എസാണെന്നത് ചരിത്രം. ഇതുവരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മലമ്പുഴയിലെ ഭൂരിപക്ഷം 20,000 ത്തിനുമപ്പുറമെത്തിച്ചത് വി.എസ് അച്യുതാനന്ദനാണ്. 2006 മുതല്‍ തുടർച്ചയായി മൂന്ന് തവണ. അവസാന തിരഞ്ഞെടുപ്പിലെ 27,142 വോട്ടാണ് മലമ്പുഴ തൊട്ട ഏറ്റവും വലിയ ഭൂരിപക്ഷം. മലമ്പുഴയിലെ ജനങ്ങള്‍ക്കിടയില്‍ വി എസിന്റ സ്വീകാര്യതക്ക് തെളിവായി ഇതിനുമപ്പുറം മറ്റൊന്നില്ല.
കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ സ്ഥാപിക്കുമ്ബോള്‍ 365 ഏക്കർ ഭൂമിയും കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്കായി 262 ഏക്കർ ഭൂമിയും ജനങ്ങളെ യോജിപ്പിച്ച് നിറുത്തി പ്രശ്നങ്ങളില്ലാതെ ഏറ്റെടുത്ത് നല്‍കാൻ കഴിഞ്ഞത് ജനപ്രതിനിയെന്ന നിലയില്‍ വി.എസിന്റെ വലിയ നേട്ടമാണ്. നിർമാണം അന്തിമഘട്ടത്തിലുള്ള അകത്തേത്തറ മേല്‍പാലത്തിനായി നിയമക്കുരുക്കുകള്‍ അഴിച്ച് സ്ഥലമേറ്റെടുപ്പ് പൂർത്തിയായി നിർമാണം തുടങ്ങിയതും വി.എസിന്റെ കാലത്താണ്. മലമ്പുഴ റിംഗ് റോഡ്, മലമ്പുഴ കുടിവെള്ള പദ്ധതി, ജലസേചന-ടൂറിസം വകുപ്പുകളെ ഏകോപിച്ച് മലമ്പുഴ വിനോദ സഞ്ചാര മേഖലയുടെ വികസനം ഇങ്ങനെ കാർഷിക വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടുന്ന മലമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാൻ ഏറെയുണ്ട്.