20/07/2025
ക്രിസ്തുവിന് ശേഷം നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാകവി കളാദിസൻ്റെ 'രഘുവംശ'ത്തിൽ സീത, ലക്ഷ്മണനോട് ഇങ്ങനെ പറയുന്നുണ്ട്:
"വാച്യസ്ത്വയാ മദ് വചനാത് സരാജാ
വഹ്നൗ വിശുദ്ധാമപിയത് സമക്ഷം
മാം ലോകാപവാദ ശ്രവണാദാഹിനി:
ശ്രുതസ്യ കിം തത് സദൃശം കുലസ്യ . "
അർത്ഥം: "ഞാൻ പറഞ്ഞതായി ആ രാജാവിനോട് ( രാമനെ വെറും രാജാവ് എന്ന്!) നീ പറയണം. എന്തെന്നാൽ അങ്ങയുടെ കൺമുൻപിൽ വെച്ച് അഗ്നിപ്രവേശം ചെയ്ത് വിശുദ്ധയായിത്തീർന്ന എന്നെ ലോകാപവാദം കേട്ടതിൻ്റെ പേരിൽ അങ്ങ് ഉപേക്ഷിച്ചു. അത് ശയസ്സുറ്റ അങ്ങയുടെ കുലത്തിന് ചേർന്നതാണോ?"
ഇനി, A D എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭവഭൂതിയുടെ 'ഉത്തരരാമചരിത'ത്തിലേക്ക് വന്നാൽ, പൃഥ്വി, രാമനോട് പറയുന്നത് നോക്കൂ -
" നപ്രമാണികൃത: പാണീർ ബാല്യേന ബാലേന പീഢിത:
നാഹം ന ജനകോ നാഗ്നിർ നാനുവൃത്തിർ
ന സന്തതി: "
അർത്ഥം: " ബാല്യകാലത്ത് ബാലനായ അങ്ങയാൽ ഗ്രഹിക്കപ്പെട്ട പാണിയെ അങ്ങ് പരിഗണിച്ചില്ല. കൂടാതെ എന്നേയും പിതാവായ ജനകനേയും പാണിഗ്രഹണത്തിന് സാക്ഷി നിന്ന അഗ്നിയേയും തുടർന്നുള്ള ജീവിതത്തേയും ഗർഭസ്ഥമായ സന്തതിയേയും അങ്ങ് കാര്യമാക്കിയില്ല. "
രാമകഥയുടെ ചരിത്രത്തിൽ ഇങ്ങനെയുമുണ്ട് ചിലത്. ഭക്തി പ്രസ്ഥാനത്തിൻ്റെ കാലത്ത്, ഭക്തി ഒരു തരം രാഷ്ട്രീയ പ്രയോഗം കൂടിയായിരുന്നു. ചാതുർവർണ്ണ്യത്തിൻ്റെ 'അടി' കൊണ്ട് വശംകെട്ട മനുഷ്യർക്ക് ഭക്തിയിൽ സ്വയം മുഴുകുക, എല്ലാം ഈശ്വരനിൽ അർപ്പിക്കുക എന്നത് സാമൂഹികമായ ഒരു ആശ്വാസം കൂടി ആയിരുന്നു. ആ കാലത്താണ് എഴുത്തച്ഛൻ്റെ അദ്ധ്യാത്മ രാമായണം വരുന്നത്. അതിൽ വാത്മീകീ രാമായണത്തിൻ്റെ കഥയേ ഉള്ളൂ; (അതും സൂക്ഷ്മാംശത്തിലുള്ള മാറ്റങ്ങളോടെ) മനോഭാവം തികച്ചും മേൽപ്പറഞ്ഞതാണ്.
അതുകൊണ്ട്, രാമകഥയെ പിന്തുടരുന്നവർക്ക് എഴുത്തച്ഛനെ തീർച്ചയായും വായിക്കാവുന്നതാണ്. എന്നാൽ, അവർ വാത്മീകിയുടെ രാമായണം ഒന്ന് കാണുകയെങ്കിലും ചെയ്യേണ്ടേ? പണ്ട്, മേൽപ്പറഞ്ഞ പോലുള്ള രാമവിമർശങ്ങൾ ഭാരതീയ സാഹിത്യത്തിൽ നിർലോഭം ഉണ്ടായിരുന്നു എന്നൊന്ന് മനസ്സിലാക്കുകയെങ്കിലും വേണ്ടേ? അങ്ങിനെ വന്നാൽ, 'ജയ് ശ്രീറാം' എന്നത് സീത വിളിച്ച മുദ്രാവാക്യമല്ല എന്നും, അപരവിദ്വേഷം വളർത്താൻ അത് സംഘപരിവാരം അടുത്ത കാലത്ത് മാത്രം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ മുദ്രാവാക്യമാണ് എന്നും അവർ തിരിച്ചറിയുകയില്ലേ? നല്ല വിശ്വാസികളും നല്ല മനുഷ്യരും ആ വിധം ശാന്തമായി ഒന്നാലോചിച്ചു നോക്കൂ -
ആ വഴിക്കും ഒന്ന് ചിന്തിക്കേണ്ടതല്ലേ നാം?
കെ. ജയദേവൻ
20.7.25