12/03/2025
വി എം ദാമോദരൻ മാസ്റ്റർ വിടവാങ്ങി
പയ്യന്നൂരിൻ്റെ കായിക ചരിത്രത്തിൻ്റെ സഹയാത്രികൻ. കായിക താരമായി, കായിക അദ്ധ്യാപകനായി, യൂത്ത് വെൽഫെയർ ഓഫീസറായി, മികച്ച സംഘാടകനായി, പയ്യന്നൂരിൽ സാംസ്കാരിക, മണ്ഡലങ്ങളിൽ വ്യക്തിമുദ പതിപ്പിച്ച ശ്രീ.വി.എം.ദാമോദരൻ മാസ്റ്റർ
അന്നൂരിലെ പ്രശസ്തമായ വെള്ളോറ തറവാട്ടിലെ അംഗമായി ,1942 ൽ ജനിച്ച് ,കാറമേൽ എ എൽ പി.സ്കൂളിലും അന്നൂർ യു.പി.സ്കൂളിലും പയ്യന്നൂർ ഗവ: ഹൈ സ്കൂളിലുമായി വിദ്യാഭ്യാസം.വിദ്യാർത്ഥിയായിരിക്കെ തന്നെ ഫുട്ബോളിലും, കബഡിയിലും സ്കൂൾ ടീമിലിടം നേടി ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. കളിയിലുള്ള കമ്പം കാരണം കോഴിക്കോട് ദേവഗിരി കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം കോഴിക്കോട് ഗവ: ഫിസിക്കൽ എഡുക്കേഷൻ കോളേജിൽ ചേർന്നു കായിക അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി. തുടർന്ന് 1964 ൽ കേന്ദ്ര സ്പോർട്സ് - യുവജനക്ഷേമ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "നേഷണൽ ഡിസിപ്ലിൻ സ്കീമി" ൽ സെലക്ഷൻ നേടി ജയ്പൂരിനടുത്ത "സരിസ്ക " യിൽ ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി,NDS അധ്യാപകനായി തിരുവല്ലക്കടുത്ത കവിയൂർ NSS ഹൈസ്കൂളിലും തുടർന്ന് ന്യൂ മാഹി എം.എം ഹൈസ്കൂളിലും മാടായി ഗവ: ഹൈ സ്കൂളിലും പയ്യന്നൂർ ഹൈസ്‌കൂളിലും കായിക അദ്ധ്യാപകനായി ജോലി ചെയ്തു. ആ കാലങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിലെ സ്കൂൾ കായിക മത്സരങ്ങളുടെ മികച്ച സംഘാടകനായി അദ്ദേഹം.അതോടൊപ്പം പയ്യന്നൂരിലെ ആദ്യകാല കായിക അദ്ധ്യാപകനും, തൻ്റെ ഗുരുനാഥനുമായ ശ്രീധരൻ നമ്പ്യാർ മാസ്റ്ററും രേണുക ഹോട്ടൽ ഉടമയും ഫുട്ബോൾ പ്രേമിയുമായ പരേതനായ ചന്തു എന്നിവരോടൊപ്പം പയ്യന്നൂർ യങ്ങ് സ്റ്റാർസ് ക്ലബ്ബിന് രൂപം കൊടുത്തു. പയ്യന്നൂരും പരിസരത്തുമുള്ള നിരവധി ഫുട്ബോൾ മത്സരങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു യ്ങ്ങ് സ്റ്റേർസ്സ് ക്ലബ്ബും ദാമോദരൻ മാസ്റ്ററും.സ്ഥിരമായി കായിക അദ്ധ്യാപകൻ ആകുന്നതിന് മുമ്പ് താൽക്കാലിക വ്യവസ്ഥയിൽ അന്നൂർ യു.പി.സ്കൂൾ, കണ്ടങ്കാളി യു.പി.സ്കൂൾ എന്നിവിടങ്ങളിലും കായിക അദ്ധ്യാപകനായി. കായിക രംഗത്തെ മികച്ച സംഘാടകനായ VMD വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ, വാട്ടർ പോളോ, കബഡി എന്നിവ പരിശീലിപ്പിക്കാൻ കേരള സ്പോർട്സ് കൗൺസിലിൻ്റെ കീഴിൽ രൂപീകരിച്ച റൂറൽ കോച്ചിംഗ് സെൻ്ററിൻ്റെ ഓർഗനൈസർ ആയി 10 വർഷത്തോളം തുടർന്നു. 1976 ൽ മീറ്റിൽ നടന്ന ദേശീയ കായിക മേളയിൽ വിജയം നേടിയ കബഡി, ഖൊ- ഖൊ ടീം മാനേജരായിരുന്നു. 1987 ലും 2015 ലും കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൻ്റെ സംഘാടക സമിതിയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ടൗൺ സ്പോർട്സ് ക്ലബ്ബിൻ്റെ പ്രസിഡണ്ടായിരിക്കെ ക്ലബ്ബിൻ്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തിൽ നിന്നും നിയുക്ത ബസ് സ്റ്റാൻ്റിലേക്കും സ്റ്റേഡിയത്തിലേക്കും റോഡുനിർമ്മാണത്തിന് 40 സെൻ്റ് സ്ഥലം സൗജന്യമായി നഗരസഭക്ക് വിട്ടുകൊടുത്തതും VMD യുടെ ശ്രമഫലമായിരുന്നു. കാസറഗോഡ് വിദ്യാഭ്യാസ ജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സിക്രട്ടറി, കണ്ണൂർ ജില്ല കബഡി അസോസിയേഷൻ സിക്രട്ടറി, കേരള കബഡി അസോസിയേഷൻ ട്രഷറർ ,കണ്ണൂർ ജില്ല ടെന്നി കോയ്, മൗണ്ട നേയറിംഗ് അസോസിയേഷനുകൂടെ സിക്രട്ടറി എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു.കണ്ണൂർ ജില്ല അത് ലറ്റിക് അസോസിയേഷൻ, വോളിബോൾ അസോസിയേഷൻ, ഫുട്ബോൾ അസോസിയേഷൻ, കബഡി അസോസിയേഷൻ എന്നിവയുടെ ജില്ല ഭാരവാഹിയാണ്. പയ്യന്നൂരിൽ നടന്ന ഒട്ടുമിക്ക ഫുട്ബോൾ, വോളി, കബഡി, ഖൊ- ഖൊ ടൂർണമെൻ്റുകളുടെ സാരഥ്യം ദാമോദരൻ മാസ്റ്റർക്ക് ആയിരുന്നു. പിഒ ജി സ്മാരക കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൻ്റെ സിക്രട്ടറിയും ഇപ്പോൾ എട്ടു പതിറ്റാണ്ട് പൂർത്തിയാക്കിയ പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബിൻ്റെ പ്രസിഡണ്ടുമാണ് ഈ കായിക പ്രേമി. അന്തരിച്ച ടി.ഗോവിന്ദൻ എം.പി യുടെ നേതൃത്വത്തിൽ 2000 മുതൽ 2007 വരെ സംഘടിപ്പിക്കപ്പെട്ട അഖിലേന്ത്യാ വോളിയുടെയും പയ്യന്നൂർ സ്പോർട്സ് ആൻ്റ് കൾചറൽ ഡവലപ്മെൻ്റ് അസോസിയേഷൻ്റെയും മുൻ നിരയിൽ ദാമോദരൻ മാസ്റ്ററുണ്ടായിരുന്നു.പയ്യന്നൂർ വെറ്ററൻസ് സ്പോർട്സ് ഫോറം ,മാസ്റ്റേർസ് അസോസിയേഷൻ തുടങ്ങിയവയുടെ തുടക്കക്കാരനും ആയിരുന്നു അദ്ദേഹം.
പയ്യന്നൂരിൻ്റെ ചരിത്രം സുവനീറുകളിൽ അച്ചടി മഷി പുരളുമ്പോൾ ദാമു മാസ്റ്ററുടെ ആധികാരീക കായീകചരിത്ര ലേഖനം ഇല്ലാതെ അപൂർണമായിരിക്കും അത്രയ്ക്ക് പയ്യന്നൂരിൻ്റെ കായിക ചരിത്രവുമായി ഇഴുകി ചേർന്നിരിക്കുന്നു ഈ അദ്ധ്യാപകൻ.സംസ്ഥാന യുവജന ക്ഷേമ ബോർഡ് രൂപീകരിച്ചപ്പോൾ NDS പരിശീലനം പൂർത്തിയാക്കിയ 176 കായിക അദ്ധ്യാപകരെ യൂത്ത് വെൽഫെയർ ഓഫീസർമാരായി AEO ഓഫീസുകളിലും പിന്നീട് ബ്ലോക്ക് ഓഫീസുകളിലും നിയോഗിക്ക പ്പെട്ടപ്പോൾ പയ്യന്നൂർ ബ്ലോക്കിലും പിന്നീട് കാസറഗോഡ് ജില്ലയിലും കേരളോത്സവവും യുവജന മേളകളും നടത്തേണ്ട ഉത്തരവാദിത്വവും ദാമോദരൻ മാസ്റ്റർക്ക് ആയിരുന്നു. ദേശീയ യുവജനോത്സവങ്ങളിൽ കേരള ടീമിൻ്റെ മാനേജരായി കലാ കായിക മത്സരങ്ങളിൽ കേരളത്തിൻ്റെ പങ്കാളിത്തത്തിന് നേതൃത്വം നൽകി.2003 ൽ കാസറഗോഡ് ജില്ലാ യൂത്ത് വെൽഫെയർ ഓഫീസറായിരിക്കെ സർവ്വീസിൽ നിന്നും വിരമിച്ചു.1982 രൂപീകരിച്ച അഡ്വവൻഞ്ചർ സ്പോർട്സ് അക്കാദമിയുടെ പ്രസിഡണ്ട് എന്ന നിലയിൽ ജയരാമൻ മാസ്റ്ററുടെ ശിക്ഷണത്തിൽ കഴിഞ്ഞ 41 വർഷമായി നടത്തുന്ന സൗജന്യ നീന്തൽ പരിശീലനം ആയിരക്കണക്കിന് കുട്ടികൾക്ക് സുരക്ഷാ കവചമായി മാറിയതും പ്രത്യേകം ഓർമ്മിക്കേണ്ട ചരിത്രമാണ്. റിട്ടയർമെൻ്റിനോടനുബന്ധിച്ച് പയ്യന്നൂരിൽ സംഘടിപ്പിക്കപ്പെട്ട അനുമോദനം ദാമോദരൻ മാസ്റ്റർ എന്ന കായിക പ്രേമിക്കുള്ള അംഗീകാരമായിരുന്നു. കായിക മേഖലയെ കുറിച്ചുള്ള പുസ്തകങ്ങളും ആനുകാലികങ്ങളുടെയും വൻ ശേഖരം തന്നെ ദാമോദരൻ മാസ്റ്റർക്കുണ്ട്. 2019 ലെ മികച്ച പൊതുപ്രവർത്തകനുള്ള ടി.എം.കെ.വിഷ്ണു നമ്പീശൻ അവാർഡു ലഭിച്ച അദ്ദേഹം അവാർഡ് തുക ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന നൽകി മാതൃകയായി. ദേശ സേവാ സമിതിയുടെ പ്രസിഡണ്ടായിരിക്കെ സമിതിയുടെ മൂരിക്കൊവ്വലിലുള്ള ഏഴു സെൻ്റ് സ്ഥലം പയ്യന്നൂർ പെയ്ൻ ആൻ്റ് പാലിയേറ്റീവ് സെൻ്ററിന് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി നൽകി. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പ്രസിഡണ്ടാണ്. കേളപ്പൻ സർവ്വീസ് സെൻ്റർ ,ഗ്രാമക്ഷേമസമിതി എന്നിവയുടെ പ്രസിഡണ്ടുമാണ്.കൂടാതെ നല്ലൊരു നാടക നടൻ കൂടിയാണ് ദാമോദരൻ മാസ്റ്റർ. പരേതനായ കെ.പി.കുഞ്ഞിരാമ പൊതുവാളുടെ "ഭാരത രഥം" നാടകം പുനർ അവതരണം നടത്തിയപ്പോൾ ജവഹർലാൽ നെഹറു ആയത് ദാമോദരൻ മാസ്റ്റർ ആയിരുന്നു. സ്വാതന്ത്ര്യ സമര കഥ പറയുന്ന പ്രസ്തുത നാടകം പയ്യന്നൂരിലും കേരളത്തിനു വെളിയിലും അരങ്ങത്തെത്തി. പയ്യന്നൂർ കോ.ഓപറേറ്റിവ് സ്റ്റോറിൻ്റെ ഡയരക്ടർ, ലേബർ വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ച ദാമോദരൻ മാസ്റ്റർ ഇപ്പോൾ തിമിരിയിലെ ഓവർ കോളേജിൻ്റെ മാനേജർ ആയും സേവനമനുഷ്ടിക്കുന്നു. 2020 ൽ നടന്ന കാറമേൽ മുച്ചിലോട്ട് പെരും കളിയാട്ടത്തിൻ്റെ ആഘോഷ കമ്മിറ്റി ചെയർമാനായിരുന്നു അദ്ദേഹം. തൻ്റെ 82 ലും കർമ്മനിരതനായിരുന്നു. വി.എം.ദാമോദരൻ എന്ന ദാമു മാസ്റ്റർ പയ്യന്നൂരിൻ്റെ സാമൂഹ്യ സാംസ്കാരിക കല, കായിക ചരിത്രങ്ങളുടെ ഒരു സഞ്ചരിക്കുന്ന വിജ്ഞാനകോശമാണ്.