31/08/2026
അപ്പോൾ മറക്കണ്ട നാളെ മുതൽ പുനലൂരിലും
സംസ്ഥാനത്ത് ആദ്യമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ആരംഭിക്കും
പദ്ധതിയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗം, ജനറൽ ശസ്ത്രക്രിയ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, അനസ്തേഷ്യ എന്നീ പ്രധാന വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുനലൂർ നിയോജകമണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായ പുനലൂർ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് നിർണായകമായ പുതിയ ചുവടുവയ്പ്പാണ് 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള തീരുമാനം.
ഇതിനോടകം ഫോറൻസിക് സർജന്റെ സേവനം ആശുപത്രിയിൽ ആരംഭിച്ചു.
കൂടാതെ അസ്ഥിരോഗ വിഭാഗത്തിൽ രണ്ട്,ജനറൽ മെഡിസിനിൽ ഒന്ന് അനസ്തേഷ്യ വിഭാഗത്തിൽ രണ്ട്, ശിശുരോഗ വിഭാഗത്തിൽ രണ്ട് വീതം ഡോക്ടർമാരെയും അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരെ കൂടി അനുവദിച്ച് പദ്ധതി പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്
ആഗസ്റ്റ് 4-ന് ആരോഗ്യ വകുപ്പ് മന്ത്രി ബഹു : കെ മുരളീധരൻ ആശുപത്രി സന്ദർശിച്ച് ജനപ്രതിനിധികൾ, നഗരസഭാ അധികൃതർ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുമായി വിശദമായ ചർച്ച നടത്തി.
അച്ചൻകോവിൽ, അരിപ്പ ഉൾപ്പെടെയുള്ള ദൂരപ്രദേശങ്ങളിലെയും വിവിധ സെറ്റിൽമെന്റ് ഉന്നതികളിലെയും ജനങ്ങൾ ചികിത്സയ്ക്കായി പുനലൂർ ആശുപത്രിയെ ആശ്രയിക്കുന്ന പ്രത്യേക സാഹചര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിലേക്ക് റഫർ ചെയ്യുന്നതുമൂലം ഏറെ ദൂരം
യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യവും ഇതിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആശുപത്രിയുടെ വികസനത്തിനായി കിഫ്ബിയിൽ നിന്നും 68.19 കോടി രൂപ ഉൾപ്പെടെ 95 കോടിയോളം രൂപ ചെലവഴിച്ചാണ് 10 നിലകളുള്ള കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത്.
ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ അപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനും, ആവശ്യമായ അടിയന്തര ചികിത്സ പുനലൂരിൽ തന്നെ ലഭ്യമാക്കാനും സാധിക്കും. വർധിച്ചുവരുന്ന റഫറലുകൾ കുറയ്ക്കുകയും ജനങ്ങൾക്ക് സ്വന്തം പ്രദേശത്തിന് സമീപം തന്നെ സമയബന്ധിതവും ഗുണമേന്മയുള്ളതുമായ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജനങ്ങളുടെ ജീവനും ആരോഗ്യസുരക്ഷയും മുൻനിർത്തി പുനലൂരിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പുതിയൊരു മുന്നേറ്റത്തിലേക്കാണ് പുനലൂർ താലൂക്ക് ആശുപത്രി മുന്നേറുന്നത്.
മന്ത്രി പ്രഖ്യാപിച്ച മറ്റ് പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും സി അജയപ്രസാദ് എംഎൽഎ അറിയിച്ചു.