06/04/2025
“വലിയേടത്തെ കുട്ടിയെന്താ ഇവിടെ…?”
ഗിരി കയ്യിൽ കിട്ടിയ ഷർട്ടും ഇട്ട്, ചീപ്പെടുത്തു മുടിയും ചീകി നടപ്പുരയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.
അവനെ കണ്ട് അവൾ ആദ്യമൊന്നു ചിരിച്ചു.
“എന്താ എനിക്കിങ്ങോട്ട് വന്നൂടെ…!!”
ഗിരി ഒന്നും പറയാതെ ചിരിയോടെ തലയാട്ടി,
“ഗീത… അവളെവിടെ പോയ്…!”
ഗിരി താമരയെ നോക്കി ചോദിച്ചു,
“എനിക്കെന്തോ സ്പെഷ്യൽ ചായ തരാമെന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയ്‌ട്ടുണ്ട് …!”
താമര അവനെ നോക്കി പറഞ്ഞു.
“പനി കുറവില്ലെങ്കിൽ വീട്ടിലേക്ക് വാ… അവിടെ മരുന്നിരിപ്പുണ്ട്, വേണച്ചാ തരാം..!””
ഗിരി വീണ്ടും തലയാട്ടി, അപ്പോഴേക്കും ചായയുമായി ഗീതയും അവിടേക്ക് വന്നു…
“എന്താണ് തമ്പ്രാട്ടിക്കുട്ടിയുമായി ഇവിടൊരു സല്ലാപം…!”
“ഓ.. ഒരു തമ്പ്രാട്ടി…!! അതൊക്കെ പണ്ടല്ലേ… ഞങ്ങൾ സാധാരണക്കാരാണെ…!!”
താമര അവളെ നോക്കി ചിരിയോടെ പറഞ്ഞു
“ഹാ കൊള്ളാം നല്ല ചായ…,!”
ഗീത കൊടുത്ത ചായ ചൂടോടെ അവൾ കുടിച്ചു,
“താമരടെ കല്യാണമൊക്കെ നോക്കുന്നുണ്ടെന്ന് ഇങ്ങനെ അറിഞ്ഞു… വല്ല പയ്യനേയും കണ്ട് വച്ചിട്ടുണ്ടോ…?”
താമര ചായ കുടിക്കുന്നത് നോക്കി, ഗീത ചോദിച്ചു.
ചോദ്യം കേട്ടപ്പോ അറിയാതെ അവളുടെ കണ്ണുകൾ ഗിരിയുടെ നേരെ പാളി, ഏയ് ഞാനായിട്ട് ഇതുവരെ പിടി കൊടുത്തിട്ടില്ല… അച്ഛനും എന്റെ ഇഷ്ടം നോക്കി നിക്കുവാ… പക്ഷെ അവർക്ക് ഒരു പയ്യനെ ഇഷ്ടായാൽ എന്നെക്കൊണ്ട് കെട്ടിക്കും… അതാ ഒരു പേടി,!”
“എന്തിനാ പേടിക്കുന്നെ…? എവിടെ ആയിരുന്നാലും താമരയുടെ ജീവിതം മനോഹരമായിരിക്കും…!”
“അതൊക്കെ ശരിയാണ് ഗീത… അച്ഛനും അമ്മയും എനിക്കായി കാട്ടി തരുന്നത് മോശപ്പെട്ടുരാളെ ആയിരിക്കില്ല ഒരിക്കലും, പക്ഷെ എന്റെ മനസ്സിൽ ഒരിക്കലും അയാൾ തൃപ്തനല്ലെങ്കിൽ അതൊരിക്കലും നല്ലൊരു ദാമ്പത്യം ആയിരിക്കില്ല, ഞാൻ എത്രനാൾ അഡ്ജസ്റ്റ് ചെയ്യും…!”
“വില കൂടിയ വസ്ത്രം ധരിച്ചാലോ, നല്ല ഭക്ഷണം കഴിച്ചലോ AC മുറിയിൽ ജീവിച്ചാലോ, വില കൂടിയ കാറിൽ സഞ്ചാരിച്ചാലൊന്നും മനോഹരമായ ഒരു ദാമ്പത്യമുണ്ടാവില്ല….!”
“എന്റെ ഇഷ്ടമാണ് എന്റെ ദാമ്പത്യം, എന്റെ മനസിന് ഇണങ്ങിയത്, ആ മനസിനെ മനസിലാക്കുന്ന ഒരാളാണ് എന്റെ പങ്കളയെങ്കിൽ അത് തന്നെയാണ് ഏറ്റവും മനോഹരമായ ദാമ്പത്യം..!”
“ആഹാ… കൊള്ളാലോ…എന്നാ പറ എന്താണ് തന്റെ വരനേക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ…?”
ഗീത വീണ്ടും അവളോട് ചോദിച്ചു.
താമര ഒരു നിമിഷം എന്തോ ആലോചിച്ചു,
“എനിക്ക് ശരിക്കും യോജിക്കുന്ന ഒരാൾ ആയിരിക്കണം,
ഒന്നാമതായി അയാൾ ദയയും അനുകമ്പയും ഉള്ളയാൾ ആയിരിക്കണം…മറ്റുള്ളവരെക്കുറിച്ച് ആത്മാർത്ഥമായി കരുതുന്ന, എന്റെ വികാരങ്ങളോട് സഹാനുഭൂതി കാണിക്കാൻ കഴിയുന്ന ഒരാളെയാണ് എനിക്ക് വേണ്ടത്.”
അവൾ പറയുന്നത് കേട്ട് ഗീത തലയാട്ടി.,
“കൂടാതെ, ഞാൻ നർമ്മബോധത്തെ വിലമതിക്കുന്ന്നൊരാളാണ്, ജീവിതം പ്രവചനാതീതമായിരിക്കാം, എന്നെ ചിരിപ്പിക്കാനും മാനസികാവസ്ഥ ലഘൂകരിക്കാനും കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് തോനുന്നു…, എന്തെങ്കിലും പ്രതിസന്ധിയിൽ സമയങ്ങളെ ഒരുമിച്ച് മറികടക്കാൻ ഇത് ഞങ്ങളെ ചേർത്ത് പിടിക്കുമെന്നും കരുതുന്നു….
”താമര പുഞ്ചിരിയോടെ പറഞ്ഞു…!”
“എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആയിരിക്കണം… ഞാനുമായുള്ള നേരങ്ങളിൽ മറ്റു തിരക്കുകളിലേക്ക് പോകാതെ എന്നോട് അടുത്ത് ഇടപെടണം… സംസാരിക്കണം… . എന്റെ ആദർശ വരൻ തുറന്ന മനസ്സുള്ളവനും തന്റെ ചിന്തകളും വികാരങ്ങളും പങ്കിടാൻ തയ്യാറുള്ളവനുമായിരിക്കണം. നമ്മുടെ സ്വപ്നങ്ങളായാലും ആശങ്കകളായാലും എന്തും അവനുമായി ചർച്ച ചെയ്യാൻ എനിക്ക് സുഖം തോന്നണം,"
ഒക്കെ കേട്ട് പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു ഗീത
“കൊള്ളാം കേട്ടോ..!”
ഗീത മറുപടിയെന്നോണം അവളെ നോക്കി പറഞ്ഞു.
“എന്താ തന്റെ സങ്കൽപ്പങ്ങൾ….?”
താമര അവളെ നോക്കി ചോദിച്ചു.
“ഏയ് എനിക്കെന്ത് സങ്കല്പം…!! എന്റെ ഏട്ടനെ പോലെ ഒരാൾ ആയിരിക്കണം…, സമാധാനവും സന്തോഷവും തരാൻ കഴിയുന്ന ഒരാൾ…!!”
അത് കേട്ട് താമര ഒന്ന് ചിരിച്ചു….
“ഗിരിയേട്ടൻ എന്താ അത്ര പാവം ആണോ…?”
താമര വീണ്ടും അവളെ നോക്കി ചോദിച്ചു.
“ഉവ്വ്…!!”
“എന്ന പിന്നെ എനിക്ക് തന്നൂടെ നിന്റെ ഗിരിയേട്ടനെ…!”
“അത് കേട്ട് ഗീത ഒന്ന് നടുങ്ങി…, എന്താ താമരെ നീ പറയുന്നേ…?”
“ഞാൻ സീരിയസായിട്ട് പറഞ്ഞതാ… ഗിരിയേട്ടനെ എനിക്ക് തന്നൂടെ… നമ്മൾ രണ്ടും ഒരേ പ്രായം… കുട്ടിക്കാലം തൊട്ടേ എനിക്ക് ഗിരിയേട്ടനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു… ഇപ്പൊ. അത് വളർന്നു വളർന്നു എന്റെ സങ്കൽപ്പങ്ങൾക്കും അപ്പുറം ആയിരിക്കുന്നു….,
ഞാനീ നാട്ടിലെ പ്രമാണിയുടെ മകളായി ജനിച്ചില്ലയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നുവെന്ന് ഞാൻ ഇടക്ക് ചിന്തിക്കും….
എങ്ങാനും നാട്ടുകാർ അറിഞ്ഞാൽ ഉണ്ടാകുന്ന പുകിലും, പിന്നെ അച്ഛൻ.. സ്നേഹമുള്ള അച്ഛൻ ആണെങ്കിലും ജാതി മതം വർഗം ഒക്കെ പറഞ്ഞു പിരി കേറ്റാൻ അച്ഛന്റെ ഒപ്പം കൊറേ ആളുകൾ ഉണ്ട്… അവർ അച്ഛനെ പറഞ്ഞ് തിരിപ്പിച്ചാൽ ഗിരിയേട്ടനെ എന്നിൽ നിന്ന് അകറ്റുക മാത്രല്ല ചിലപ്പോ കൊന്ന് കളയാൻ പോലും മടിക്കില്ല… അതാണ് അച്ഛന്റെ സ്വഭാവം..!!”
“അതൊക്കെ എല്ലാർക്കും അറിയാവുന്ന കാര്യല്ലേ.. താമരെ നീ വിഷമിക്കണ്ട…. ഈ ലോകത്ത് പെണ്ണിന്റെ ഇഷ്ടങ്ങൾക്ക് പരിധി ഉണ്ടെന്ന് പറയാതെ പറയുന്നുണ്ട്.. അല്ലെ…!”
ഗീത അവളെ നോക്കി പറഞ്ഞു…
“കുറേ നേരായല്ലോ രണ്ടും കൂടെ…എന്താ പറഞ്ഞോണ്ട് ഇരിക്കുന്നെ…!”
പുറത്തു നിന്നും ഗിരി അവിടേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു.
“ഏയ് ഒന്നുമില്ല ഏട്ടാ വെറുതെ….,!”
“താമരെ നീ പോകുന്നില്ലേ…?”
ഗിരി അവളെ നോക്കി ..
“ഉം പോവാ ഞാൻ….!”
“ഗിരിയേട്ടൻ ഇന്നലെ സ്വപ്നം കണ്ട് പേടിച്ചുന്നോ… അതാ പനി പിടിച്ചതെന്നൊക്കെ അറിഞ്ഞു… എന്താ ശരിക്കും കണ്ടത്…!!”
താമര അവനെ നോക്കിക്കൊണ്ട് പറഞ്ഞു.
“ഓഹ്… അതൊരു വലിയ പേടിപ്പെടുത്തുന്ന കഥയാ…!”
“ആഹാ … എന്നാ പറ കേൾക്കട്ടെ…!”
കേൾക്കാനുള്ള കൗതുകത്തോടെ താമര ഗിരിയേ നോക്കി…
ഗിരി മുടിയിലൂടെ കൈ ഓടിച്ചുകൊണ്ട് നെടുവീർപ്പിട്ടു.
രാത്രി ഞാൻ എവിടേക്കോ നടന്നു പോകുകയാണ്…, നടന്ന് നടന്ന് ഞാനൊരു വയലിന്റെ നടുക്ക് എത്തി….കടലോളം നീളത്തിൽ എന്നെ ചുറ്റികിടക്കുന്ന വയൽ…. ഞാൻ ചുറ്റിനും നോക്കി… അങ്ങ് ദൂരെ ഒരു തീ വെളിച്ചം ഞാൻ കണ്ടു… അത് കണ്ടപ്പോ ഒരു പേടി തോന്നി ഞാൻ നിലത്തേക്ക് ഇരുന്നു….. അത് എങ്ങോട്ട് പോയെന്നറിയാൻ ഇടക്ക് ഞാൻ തല ഉയർത്തി നോക്കി… എന്റെ അടുത്തേക്ക് അതിവേഗം വന്നുകൊണ്ടിരിക്കുകയാണ് അത്…., പേടിയോടെ ഞാൻ എഴുന്നേറ്റു ഓടി… അത് എന്റെ പിന്നാലെ അങ്ങനെ ഓടിയോടി അതെന്റെ അടുത്തെത്തി…. ഒരു രക്ത രക്ഷസു പോലെ ഒരു സ്ത്രീ… അവരുടെ കയ്യിലെ രക്തം പുരണ്ട വാൾ കൊണ്ട് എന്നെ വെട്ടി വീഴ്ത്താൻ ശ്രമിക്കുന്നു…., ഞാൻ വീണ്ടും ഓടി… എത്ര ശ്രമിച്ചിട്ടും എനിക്ക് പുറത്തേക്കുള്ള വഴി കണ്ടെത്താനായില്ല. എല്ലായിടത്തും നിഴലുകൾ ഉണ്ടായിരുന്നു, ഞാൻ മന്ത്രിപ്പുകൾ കേട്ടുകൊണ്ടിരുന്നു. അത് സ്വപ്നമാണെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കുവൻ കഴിയുന്നില്ല.
ഓർക്കുമ്പോ ഇപ്പോഴും പേടി തോന്നുവാ….
അവൻ പറയുന്നത്, താമര പേടിയോടെ കേട്ടിരുന്നു.
“ഹോ… ഇതെങ്ങാനും ഞാൻ സ്വപ്നം കണ്ടിരുന്നേൽ എന്റെ ശവമടക്ക് ഇപ്പൊ കഴിഞ്ഞിട്ടുണ്ടാവും…!”
താമര ചെറിയ ചിരിയോടെ പറഞ്ഞു.
“എന്റെ കാലിനു വല്ലാത്ത വേദനയുണ്ട് ഇവിടുന്ന് അത്രേടം വരെ നടക്കാനും വയ്യ… ഗിരിയേട്ടന് ആവുമെങ്കിൽ എന്നെ വീട്ടിലേക്ക് കൊണ്ട് വിടാമോ..?”
താമരയുടെ ചോദ്യം കേട്ട് ആദ്യം നിരസിച്ചെങ്കിലും പിന്നെ അവൻ കൊണ്ടുപോകാമെന്ന് സമ്മതിച്ചു
ഗീതയോട് യാത്ര പറഞ്ഞു താമര അവിടെ നിന്നും ഇറങ്ങി, ഗിരിയുടെ മോട്ടോർ സൈക്കിളിന്റെ പിന്നിൽ അവൾ കയറിയിരുന്നു.
ആദ്യം ഗിരിക്ക് ചെറിയ പേടി തോന്നിയെങ്കിലും പിന്നീട് അവനു വല്ലാത്തൊരു സന്തോഷം തോന്നി….
**************
“താമാരെ… താമാരെ…!!”
മാധവൻ തമ്പി, ഗോവണിയുടെ താഴെ നിന്നും മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു…
“എന്താ അച്ഛാ…!”
വിളി കേട്ടുകൊണ്ടവൾ വേഗം മുറിയിൽ നിന്നിറങ്ങി താഴേക്ക് വന്നു.
“എന്താ അച്ഛ… എന്തിനാ എന്നെ വിളിച്ചത്…?”
“നീയാ ഗിരിയുടെ ബൈക്കിന്റെ പിന്നിലിരുന്ന് എന്തായിരുന്നു ഇന്ന് സർക്കീട്ട്…?”
അവൾ ഇറങ്ങി വന്നതും എടുത്തടിച്ച പോലുള്ള മാധവന്റെ ചോദ്യം കേട്ട് അവൾ ആദ്യം ഒന്ന് പേടിച്ചു…
“നടന്ന് വരാൻ കഴിയാത്തോണ്ട് എന്നെ വീട്ടിലേക്ക് ആക്കാമോന്ന് ചോദിച്ചപ്പോ ഗിരിയേട്ടൻ എന്നെ വീട്ടിൽ കൊണ്ട് വിട്ടിട്ട് പോയ് അതിനെന്താ ഇപ്പോ…?
“ഹും… അതിനെന്താ അല്ലെ… നാട്ടുകാർ എന്തൊക്കെയാ പറയുന്നതെന്ന് അറിയുവോ എന്റെ പുന്നാര മോളെ കുറിച്ച്, അവനൊപ്പം… മുട്ടിയുരുമ്മി…!! എനിക്ക് പറ്റില്ല എന്റെ മകളുടെ മുന്നിൽ നിന്നങ്ങനെ പറയാൻ…!”
“കൊള്ളാം… ഗിരിയേട്ടൻ എന്നെ ഒളിച്ചും പാത്തുമല്ല കൊണ്ട് വിട്ടത്… ദേ ഈ വീട്ടിന്റെ മുറ്റത്ത് കൊണ്ട് വിട്ട് ഇവിടുന്ന് വെള്ളവും കുടിച്ചിട്ട പോയത്… പനിച്ചിട്ട് പുള്ളിക്ക് വയ്യാത്തോണ്ട് കഴിക്കാൻ ഞാൻ മരുന്നും കൊടുത്തു…! ആരേലും എന്തേലും പറഞ്ഞുന്ന് വച്ച് അത് ഇവിടെ വന്നു എങ്ങിനെ പറയണമെന്ന് അച്ഛന് അറീലെ…!”
അച്ഛനും മോളും തമ്മിലുള്ള വഴക്ക് കേട്ട് മീനാക്ഷി അടുക്കളയൽ നിന്ന് ഓടി അവിടേക്ക് വന്നു.
“ദേ അമ്മ നിൽക്കുന്നു… എങ്ങനെയാ ഞാൻ ഇവിടെ വന്നതെന്ന് അച്ഛൻ തന്നെ ചോദിച്ചു നോക്ക്…!”
“എന്താ എന്താ അച്ഛനും മോളും ഇവിടെ പതിവില്ലാത്തൊരു വഴക്ക്…!!”
“ഗിരിയേട്ടന്റെ കൂടെ ഞാൻ എങ്ങിനെയാ അമ്മേ ഇവിടെ വന്നത്…!”
അവൾ മീനാക്ഷിയെ നോക്കി ചോദിച്ചു.
“എന്തെ അവന്റെ കൂടെ അവള് വന്നതിന്… ആ ചെക്കന് തീരെ വയ്യാഞ്ഞു കഴിക്കാൻ മരുന്നും കൊടുത്ത ഇവള് വിട്ടത്… എന്താ എന്താ ഇപ്പ അതിനൊരു വഴക്ക്…!”
തന്റെ തെറ്റ് മനസ്സിലാക്കി,
ഒന്നും പറയാതെ മാധവൻ ഉമ്മറത്തേക്ക് പോകുവാൻ തുടങ്ങിയതും താമര അയാളെ പിന്നിൽ നിന്നും വിളിച്ചു.
“അച്ഛനൊന്നു നിന്നെ എനിക്ക് ഒരു കാര്യം കൂടെ പറയാനുണ്ട്..! ഇപ്പൊ ഇവിടെ വച്ചു പറഞ്ഞാൽ, ഇതിന്റെ കൂടെ അതൂടെ അറിയും. പിന്നെ ഞാനത് മറച്ചു വച്ചു ചൂഷണം ചെയ്തു എന്ന പരാതി ഒന്നും കേൾക്കേണ്ടി വരില്ലല്ലോ…!”
താമര പറഞ്ഞതും, മാധവൻ തിരിഞ്ഞു കൊണ്ട് അവളെ നോക്കി.
“എന്താ നിനക്ക് പറയാനുള്ളത്…?”
മീനാക്ഷിയുടെ കണ്ണുകളിൽ എന്തോ ഭീതി പടർന്നിരുന്നു…
“ഈ അച്ഛന്റെ അല്ലെ മോള്.. അയാളുടെ അതെ തന്റേടം അവൾക്കും കിട്ടിയിട്ടുണ്ട്..!”
അവർ സ്വയം പറഞ്ഞുകൊണ്ട് ഇരുവരെയും നോക്കി.
“ഞാനും ഗിരിയേട്ടനും തമ്മിൽ ഇഷ്ടത്തിലാണ്… എനിക്ക് ഗിരിയേട്ടനെ കല്യാണം കഴിക്കണം…!!”
അത് കേട്ടതും മാധവാന്റെ ഉള്ളാകെ ഒന്ന് പിടഞ്ഞു.
അയാളുടെ വലതു കൈയ്യിൽ ഒരു തരിപ്പ് വന്നു.
“അച്ഛന്റെ മുന്നിൽ നിന്ന് തോന്ന്യാസം പറയുന്നോ….!”
അടുത്ത നിമിഷം മീനാക്ഷിയുടെ വലതു കൈ, താമരയുടെ കവിളത്ത് പതിച്ചു.
(തുടരും)
കഥ ഇഷ്ടമാകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം കുറിക്കുമല്ലോ. അടുത്ത ഭാഗം ലഭിക്കുന്നതിനും മറ്റുള്ള കഥകൾ പോസ്റ്റ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ കിട്ടുന്നതിന് എന്റെ പേജ് കൂടെ ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യണേ….
പേജ് ലിങ്ക് 👇
https://www.facebook.com/share/1AHy6KA5fq/?mibextid=qi2ഒഗ്
മുൻപത്തെ ഭാഗങ്ങൾളുടെ ലിങ്ക് കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട്…🥰