13/01/2025
ശ്രേഷ്ഠ ബാവയുടെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി
പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകക്കാരനും യാക്കോബായ അൽമായ ഫോറം പ്രസിഡൻ്റുമായ പോൾ വർഗീസിനെതിരെ ശ്രേഷ്ഠ ബാവ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി തളളി.
നിരണം ഭദ്രാസനാധിപനായിരുന്ന ഡോ: ഗീവർഗീസ് മോർ കൂറീലോസ് 2012-ൽ തിരുവനന്തപുരത്ത് സി.പി.എം. സമ്മേളനത്തിൽ ക്രിസ്തുവും, ചെഗുവേരയും വിപ്ലവകാരികളാണെന്ന പ്രസ്താവന നടത്തി." ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തുവിനെയും ആയുധമെടുത്ത് പോരാടി ശത്രുവിനെ വകവരുത്തുന്ന ചെഗുവേരയേയും തുലനം ചെയ്യുന്നത് വേദ വിപരീതമാണെന്ന് " പോൾ വർഗീസും, രണ്ടു മെത്രാന്മാരും, നാലു വൈദീകരും മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മെത്രാനെതിരെ സംസാരിച്ചത് സഭാ വിരുദ്ധ പ്രവർത്തനമാണെന്ന് കാണിച്ച് AD/AR -ch - 3 / 2013 കൽപ്പനയിലൂടെ ശ്രേഷ്ഠ കാതോലിക്ക ബാവ പോൾ വർഗീസിനെ സഭയിൽ നിന്നും ഇടവകയിൽ നിന്നും മുടക്കി.
ശ്രേഷ്ഠ ബാവയുടെ മുടക്കിനെതിരെ കാതോലിക്ക ബാവ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, ട്രസ്റ്റിമാരായ കെ.പി അബ്രഹാം, പി.എം. യാക്കോബ് വികാരി ഫാ.ഷാജി വർഗീസ് എന്നിവരെ പ്രതികളാക്കി പോൾ വർഗീസ് OS 28/2013 ആയി കോലഞ്ചേരി മുൻസിഫ് കോടതിയിൽ അഡ്വ:സാബു തൊഴുപ്പാടൻ മുഖേന ഹർജി നൽകി.
മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിൻ്റെ ശരീരത്തിലെ അവയവമായി മാറുന്നു. ഒരവയവത്തെ മറ്റൊരു അവയവത്തിന് നീക്കം ചെയ്യാൻ കഴിയില്ല. മാമ്മോദീസ സ്വീകരിച്ച് സഭാംഗമായ വ്യക്തിയെ ആർക്കും മുടക്കാനോ, പുറത്താക്കാനോ കഴിയില്ലെന്ന് ബൈബിൾ ഉദ്ധരിച്ചു കൊണ്ട് മുൻസിഫ് കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു.
കോലഞ്ചേരി മുൻസിഫ് കോടതി വിധിക്കെതിരെ AS 70 / 2015 ആയി കാതോലിക്ക ബാവ പെരുമ്പാവൂർ സബ്ബ് കോടതിയിൽ അപ്പീൽ നൽകി. മുൻസിഫ് കോടതി ഉത്തരവ് ശരി വെച്ച് കാതോലിക്കയുടെ അപ്പീൽ സബ് കോടതി തള്ളി. തുടർന്ന് RSA 10/2017 ആയി ശ്രേഷ്ഠ ബാവ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാതോലിക്ക മരിച്ചപ്പോൾ കാതോലിക്കയുടെ ചുമതല വഹിക്കുന്ന പകരക്കാരനായ സ്ഥാനിയും (ജോസഫ് മോർ ഗ്രിഗോറിയോസ് ) യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് വേണ്ടി ട്രസ്റ്റിയും (തമ്പു ജോർജ്) കേസിൽ കക്ഷി ചേരാൻ തയ്യാറായില്ല. ആറാം വാദി വികാരി ഫാ: ഷാജി വർഗീസ് കേസിൽ നിന്നും പിന്മാറുന്നതായി ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുത്തു.
മൂന്നാം അപ്പീൽ വാദിയായ പഴന്തോട്ടം യാക്കോബായ സുറിയാനി പള്ളിക്കു വേണ്ടി ട്രസ്റ്റിമാർ കേസ് നടത്തുന്നില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.മുൻ ട്രസ്റ്റിമാരായ കെ.പി.അബ്രഹാം, പി.എം. യാക്കോബ് എന്നിവർ 4,5 അപ്പീൽ വാദികൾ ആണെങ്കിലും അവർ 2015 മുതൽ നിയമപരമായി ട്രസ്റ്റിമാർ അല്ലാത്തതിനാൽ അവർക്ക് അപ്പീൽ ഹർജി നടത്തിക്കൊണ്ടുപോകാനുള്ള യോഗ്യതയോ, അധികാരമോ ഇല്ല എന്നും കോടതി കണ്ടെത്തി.
പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ പള്ളി നിലവിൽ ഇല്ലെന്നും പള്ളി ഓർത്തഡോക്സുകാരുടെ നിയന്ത്രണത്തിലാണെന്നും കെ.പി.അബ്രഹാം കോടതിയിൽ അഫിഡവിറ്റ് കൊടുത്തു.ശ്രേഷ്ഠ ബാവ നൽകിയ അപ്പീൽ ഹർജി തുടർന്നു കൊണ്ടുപോകാൻ ആളില്ലാത്തതിനാൽ ബഹു: ഹൈക്കോടതി RSA 10/2017 അപ്പീൽ ഹർജി തള്ളി ഉത്തരവായി.അപ്പീൽ തള്ളിയതോടെ മുടക്ക് കൽപ്പന റദ്ദാക്കിയ കോലഞ്ചേരി മുൻസിഫ് കോടതിയുടെ സുപ്രധാനമായ ഉത്തരവ് പ്രാബല്യത്തിലായി. ഈ വിധി ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികൾക്കും ഒരുപോലെ ബാധകമായ വിധിയാണ്. സഭകളുടെയും, ഭരണാധികാരികളുടെയും അധികാര ദുർവിനിയോഗവും, മുടക്കും ഇതോടെ അവസാനിക്കും.